Monday December 05, 2016
Latest Updates

ഗര്‍ഭഛിദ്രത്തെ നാസികളുടെ ‘ദയാവധത്തോട്’ ഉപമിച്ച് എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍:അയര്‍ലണ്ടിലെ കത്തോലിക്കാ സഭയ്ക്ക് ഈ ബിഷപ്പ് നേതൃത്വം നല്‍കണം !

ഗര്‍ഭഛിദ്രത്തെ നാസികളുടെ ‘ദയാവധത്തോട്’ ഉപമിച്ച് എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍:അയര്‍ലണ്ടിലെ കത്തോലിക്കാ സഭയ്ക്ക് ഈ ബിഷപ്പ് നേതൃത്വം നല്‍കണം !

സ്ലൈഗോ:ഗര്‍ഭഛിദ്രം നടത്തുന്നതിനെ രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ നടത്തിയ ‘ദയാവധത്തോട്'(യൂത്തനേഷ്യ) ഉപമിച്ച് എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍. ഫാമിലി ആന്‍ഡ് ലൈഫ് എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം സഭയുടെ നയം വ്യക്തമാക്കിയത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ഐറിഷ് ഭരണഘടനയിലെ എട്ടാം ഭേദഗതിയില്‍ മാറ്റം വരുത്തുന്നതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ബിഷപ്പിന്റെ അഭിപ്രായപ്രകടനം.

ബുദ്ധിപരമായും മറ്റും പിന്നില്‍ നില്‍ക്കുന്നവരെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന നാസി രീതി പോലെയാണ് ഗര്‍ഭഛിദ്രം നടത്തുന്നത് എന്നാണ് ബിഷപ് ഡോറന്‍ അഭിപ്രായപ്പെട്ടത്. ഇത്തരക്കാരെ പോറ്റിവളര്‍ത്താനുള്ള പണം ലാഭിക്കാം എന്നതാണ് നാസികള്‍ കൊലയ്ക്കുള്ള ന്യായീകരണമായി കണ്ടത്. 1920ല്‍ കാള്‍ ബൈന്‍ഡിങ്, ആല്‍ഫ്രഡ് ഹോഷെ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട പാംഫ്ലറ്റ് പ്രസിദ്ധീകരിച്ചത്.

എട്ടാം ഭേദഗതി കാരണം ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 1983ല്‍ നടപ്പിലാക്കിയ ഭേദഗതിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന ഏത് നടപടിയും മനുഷ്യകുലത്തിന് എതിരെയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഡബ്ലിനില്‍ നടന്ന അമ്പതാം ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമുഖ സംഘാടകനായിരുന്ന കെവിന്‍ ഡോറന്‍ പിന്നീട് സ്ലൈഗോയിലെ ബിഷപ്പായി നിയമതിനാവുകയായിരുന്നു.ഗേ മാരിയേജ് ഹിതപരിശോധനയുടെ സമയത്തും തന്റെ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയനായിരുന്നു ബിഷപ്പ് ഡോറന്‍.യെസ് അനുകൂലികള്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപെടുത്തിയപ്പോള്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് പോലും ഡോറനെ പിന്തുണയ്ക്കാതെ നിശബ്ദനായി.

സാഹചര്യങ്ങളോട് സന്ധി ചെയ്തു പോകുന്ന സഭാ നേതൃത്വത്തിന്റെ പതിവ് നിശബ്ദതയാല്‍ നാശോന്മുഖമായ ഐറിഷ് സഭയില്‍ കാര്യഗൗരവമായും,വിശ്വാസനിലപാടുകള്‍ക്ക് അനുരൂപമായും നിലപാടെടുക്കുന്നതിനാല്‍ ഏറെ ശ്രദ്ധേയനാണ് ബിഷപ്പ് കെവിന്‍ ഡോറന്‍.

Scroll To Top