Sunday December 11, 2016
Latest Updates

എ എ പി യില്‍ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു:യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണുമെതിരെ എംഎല്‍എമാരുടെ കത്ത്

എ എ പി യില്‍ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു:യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണുമെതിരെ എംഎല്‍എമാരുടെ കത്ത്

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എംഎല്‍എമാരുടെ കത്ത്. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനാണ് എംഎല്‍എമാര്‍ ചേര്‍ന്ന് കത്തെഴുതിയിരിക്കുന്നത്. അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ഇവര്‍ക്കെതിരായ നടപടി ഒരു പാഠമാകണമെന്നും എംഎല്‍എമാര്‍ കത്തില്‍ പറയുന്നു.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇരുവരെയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നു നേരത്തെ പുറത്താക്കിയിരുന്നു. എഎപി നിര്‍വാഹക സമിതിയുടേതായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

അതിനിടെ എംഎല്‍എമാരെ കത്തില്‍ ഒപ്പിടാന്‍ എഎപി നേതൃത്വം നിര്‍ബന്ധിക്കുന്നതായി ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 67 എംഎല്‍എമാരെ കൊണ്ടും യോഗേന്ദ്ര യാദവിനെതിരെയും പ്രശാന്ത് ഭൂഷണെതിരെയും ‘കുറ്റപത്രം’ ഒപ്പീടിക്കാനാണ് എഎപി നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ഏഴ് എംഎല്‍എമാര്‍ ഒപ്പിട്ടില്ല. പാര്‍ട്ടി വിരുദ്ധ നടപടകിളിലൂടെ പാര്‍ട്ടിയുടെ ഇമേജിനെ തകര്‍ക്കാനും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. രണ്ട് പേജുള്ള കത്ത് ഹിന്ദിയിലാണ് തയാറാക്കിയിരിക്കുന്നത്.

എംഎല്‍എമാര്‍ക്ക് ഒപ്പിടാനായി കൈമാറിയ കത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയ ശേഷം എഎപി നേതൃത്വത്തിന് ഇഷ്ടമുള്ളത് എഴുതി പിടിപ്പിക്കുകയായിരുന്നെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബ്ലാങ്ക് പേപ്പറില്‍ ഒപ്പിടാന്‍ വിമുഖത കാട്ടിയ എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വം ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നും പേര് വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എഎപി എംഎല്‍എമാര്‍ ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.

Scroll To Top