Thursday August 17, 2017
Latest Updates

വെള്ളത്തിന് പണം അടയ്‌ക്കേണ്ട,പ്രോപ്പര്‍ട്ടി ടാക്‌സ് ഒഴിവാക്കും,ലക്ഷ്യം സമത്വ സുന്ദര അയര്‍ലണ്ട് !ബദല്‍ ബജറ്റ് ശ്രദ്ധേയമാകുന്നു

വെള്ളത്തിന് പണം അടയ്‌ക്കേണ്ട,പ്രോപ്പര്‍ട്ടി ടാക്‌സ് ഒഴിവാക്കും,ലക്ഷ്യം സമത്വ സുന്ദര അയര്‍ലണ്ട് !ബദല്‍ ബജറ്റ് ശ്രദ്ധേയമാകുന്നു

ഡബ്ലിന്‍ :വെള്ളത്തിന്റെ വില,പ്രോപ്പര്‍ട്ടി ടാക്‌സ് , താഴ്ന്ന വരുമാനക്കാര്‍ക്ക് യു എസ് സി എന്നിവ ഒഴിവാക്കുന്ന ബദല്‍ ബജറ്റ് ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ആന്റി ആസ്റ്ററിറ്റി അലയിന്‍സാണ് തികച്ചും പുതുമയുള്ള ഈ ബദല്‍ ബജറ്റ് പൊതുജന സമക്ഷം വെയ്ക്കുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടുന്ന എ എ എ ബജറ്റില്‍ ഈ പണം കൂടുതല്‍ വരുമാനമുള്ളവര്‍ മാത്രം അടച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇതിനൊപ്പം ഒരു മില്യണയര്‍ ടാക്‌സും ഇവര്‍ മുന്നോട്ട് വെക്കുന്നു.

ഡബ്ലിനെ സംബന്ധിച്ചിടത്തോളം ആന്റി ആസ്റ്ററിറ്റി അലയിന്‍സിന് വന്‍ വേരോട്ടമാണ് ഉള്ളത്.ഉപതെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളെയും തോല്‍പ്പിച്ച് കയറിയ പോള്‍ മര്‍ഫി അടക്കമുള്ള ഏതാനം ടി ഡി മാര്‍ വരെ അലയിന്‍സിലുണ്ട്.എന്തിന് വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരത്തിലൂടെ 35 %പേര്‍ ഇനിയും വാട്ടര്‍ ചാര്‍ജ് അടയ്ക്കാതെയും,ഗ്രാന്റ് വാങ്ങാതെയും ബാക്കി ഉണ്ടെങ്കില്‍ അവര്ക്കുള്ള പ്രചോദനശക്തി ആന്റി ആസ്റ്ററിറ്റി അലയിന്‍സാണ്.അത് കൊണ്ട് തന്നെ അവരുടെ നിര്‍ദേശങ്ങള്‍ സാധാരണക്കാര്‍ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പാണ്.

35,000 യൂറോയില്‍ താഴെ വരുമാനം ഉള്ളവര്‍ക്ക് യൂണിവേഴ്‌സല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ലാതാക്കണമെന്നാണ് എ എ എ ബജറ്റ് നിര്‍ദ്ദേശം. 35,000 മുതല്‍ 70, 000 യൂറോ വരെ വരുമാനമുള്ളവര്‍ക്ക് പകുതി യൂണിവേഴ്‌സല്‍ സര്‍വ്വീസ് ചാര്‍ജ്ജ് ആവാം. ഈ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ വകയിരുത്തേണ്ടത് 2.1 ബില്യണ്‍ യൂറോ ആണ്. 

3.3 ബില്യണ്‍ യൂറോ മുടക്കി 33,000 വീടുകള്‍ നിര്‍മ്മിക്കാനും 1.5 ബില്യണ്‍ ചിലവില്‍ 15,000 ഒഴിഞ്ഞു കിടക്കുന്ന പാര്‍പ്പിടങ്ങള്‍ ഏറ്റെടുക്കാനും പദ്ധതിയുണ്ട്. വെളളക്കരം ഇല്ലാതാക്കാനും ജലവിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 636 മില്യണ്‍ യൂറോ മുടക്കും. വെള്ളക്കരം അടച്ചു കഴിഞ്ഞവര്‍ക്ക് ആ പണം തിരിച്ചു നല്‍കാനായി മറ്റൊരു 92 മില്യണ്‍ യൂറോയും മാറ്റി വെക്കുന്നുണ്ട്. 

പ്രോപ്പര്‍ട്ടി ടാക്‌സ് ഒഴിവാക്കാന്‍ 440 മില്യണ്‍ യൂറോ ആണ് കണ്ടെത്തുന്നത്. 2008 ല്‍ വെട്ടിക്കുറച്ച ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഉള്ള നിക്ഷേപങ്ങള്‍ 3 ബില്യണ്‍ യൂറോ ചിലവില്‍ പുനസ്ഥാപിക്കും. ഈ പരിക്ഷാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ മൊത്തത്തില്‍ 12.8 ബില്യണ്‍ യൂറോ ആണ് അധികമായി ചിലവഴിക്കേണ്ടി വരുന്നത്. ബോണ്ടുകള്‍ക്കും ഷെയറുകള്‍ക്കും 0.1 വിനിമയ നിരക്ക് ഏര്‍പ്പെടുത്തിയും ജീവനക്കാരുടെ പി ആര്‍ എസ് ഐ വര്‍ദ്ധിപ്പിച്ചും ആദായ നികുതി കൂട്ടിയും രണ്ട് ശതമാനം മില്യണയര്‍ ടാക്‌സ് ഏര്‍പ്പെടുത്തിയും ഈ അധിക പണം കണ്ടെത്തുമെന്ന് കണക്കുകള്‍ നിരത്തി എ എ എ സമര്‍ത്ഥിക്കുന്നു. 

എ എ എയുടെ വാദങ്ങള്‍ പ്രായോഗികമല്ല എന്ന് എതിരാളികള്‍ ആക്ഷേപിക്കുമ്പോഴും അയര്‍ലണ്ടിലെ സാമ്പത്തിക സംവാദങ്ങള്‍ വിശാലമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എ എ എ നേതൃത്വം വ്യക്തമാക്കുന്നു. 

Scroll To Top