Wednesday August 23, 2017
Latest Updates

അയര്‍ലണ്ടില്‍ ജീവിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകള്‍….ഇത് തീക്കളിയാണ് ….

അയര്‍ലണ്ടില്‍ ജീവിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകള്‍….ഇത് തീക്കളിയാണ് ….

ഡബ്ലിന്‍:അയര്‍ലണ്ടിലെ സര്‍ക്കാരിന്റെ ‘സാമൂഹ്യപ്രതിബദ്ധത’ തിരിച്ചറിഞ്ഞില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാനാവാത്ത സാഹചര്യം ഒരുങ്ങുന്ന സൂചനകളാണ് ഉരുത്തിരിയുന്നത്.സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാനുള്ള ബില്‍ ഔദ്യോഗികമായി പാര്‍ലമെന്റ് പാസാക്കിയ ദിവസം തന്നെ വിചിത്രമായ മറ്റു രണ്ടു കാമ്പയിനുകള്‍ക്ക് അയര്‍ലണ്ട് സാക്ഷ്യം വഹിച്ചു.

രാജ്യത്തെ ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഗര്‍ഭനിരോധന ഗുളികകള്‍ വിതരണം ചെയ്തുകൊണ്ടുള്ള വിചിത്രമായ സമരമാര്‍ഗമാണ് ഒരു കൂട്ടം യുവതികള്‍ തിരഞ്ഞെടുത്തത്.

അബോര്‍ഷന്‍ അനുവദിക്കാന്‍ വിസമ്മതിക്കുന്ന ഐറിഷ് ഭരണഘടനയിലെ എട്ടാം ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ‘പ്രോ ചോയിസ് ആക്ടിവിസ്റ്റുകളാണ് ‘ രാജ്യം മുഴുവന്‍ ഗര്‍ഭ നിരോധന ഗുളികകള്‍ വിതരണം ചെയ്തത്.അടുത്ത ദിവസങ്ങളില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഗര്‍ഭനിരോധന ഗുളികകള്‍ വിതരണം ചെയ്യാനായി ഒരു സ്‌പെഷ്യല്‍ ബസ് തന്നെ, സമരക്കാരുടെ ആഭിമുഖ്യത്തില്‍ പുറപ്പെട്ടു കഴിഞ്ഞു.

അബോര്‍ഷന്‍ ലഭ്യമാവാതെ ഗാള്‍വേയില്‍ മരിച്ച ഇന്ത്യാക്കാരി സവിത ഹാലപ്പനവറുടെ സ്മരണയ്ക്കായി ഗാള്‍വേയിലെ സ്പാനിഷ് ആര്‍ക്കില്‍ ഒരു ലഞ്ച് ടൈം റാലിയിലാണ് ഗര്‍ഭനിരോധന ഗുളികകളുടെ ദേശീയ തല വിതരണ ഉദ്ഘാടനം നടന്നത്. സമരക്കാര്‍ പിന്നീട് ,ഓ കോണല്‍ സ്ട്രീറ്റിലെ പ്രകടനത്തിനായി ലിമറിക്കിലേക്കും പോയി.കോര്‍ക്കിലും ഡബ്ലിനിലും ഇന്നാവും ബസ് എത്തുക.

അനാവശ്യ ഗര്‍ഭം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഡോക്ടര്‍മാരുമായി സ്‌കൈപ്പ് വഴിയുള്ള ഒരു കണ്‍സള്‍ട്ടേഷനു ശേഷം ബസില്‍ നിന്ന് ഗുളികകള്‍ സ്വീകരിക്കാം എന്നാണ് ഇവര്‍ പറയുന്നത്.ഗര്‍ഭഛിദ്രം അടുത്ത ഇലക്ഷനില്‍ വലിയ ഒരു വിഷയം ആയിരിക്കും എന്ന് ഇതിന്റെ സംഘാടകര്‍ മുന്നിറിയിപ്പ് നല്‍കുന്നു.നിയവിധേയമായ ഗര്‍ഭഛിദ്രത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരുന്ന സമ്പന്നരല്ലാത്ത സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇലക്ഷനെ ബാധിക്കും എന്നാണ് ഇവരുടെ വിലയിരുത്തല്‍.

രാജ്യത്ത് മയക്കു മരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു കാംബയിനും കഴിഞ്ഞ ദിവസം തുടങ്ങി.

ഒരു മുഴുവന്‍ എക്‌സറ്റസി(മയക്കുമരുന്ന് ) ടാബ്‌ലറ്റ് കഴിക്കുന്നതിനേക്കാള്‍ നല്ലത് അതിന്റെ പകുതി കഴിക്കുന്നതാണ് എന്നും യാതൊരു കാരണവശാലും മറ്റ് ലഹരിപദാര്‍ത്ഥങ്ങളുമായി കലര്‍ത്തിക്കഴിക്കരുതെന്നും ചെറുപ്പക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഹാം റിഡക്ഷന്‍ കാമ്പയിനാണത്. 

ഈ കാമ്പയിന് സര്‍ക്കാരിന്റെ പിന്തുണയും ലഭിക്കുന്നു എന്നതാണ് വിരോധാഭാസം.രാജ്യത്തെ ഡ്രഗ് മിനിസ്റ്ററുടെ നേരിട്ടുള്ള പങ്കാളിത്വം ഈ സമരത്തെ ശ്രദ്ധേയമാക്കി.ചെറുപ്പക്കാരുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഇത് ആവശ്യമാണെന്ന് മന്ത്രിയുടെ വാദം.

ട്രിനിറ്റി കോളേജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഡബ്ലിന്‍, ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവ ലിഫീ ഡ്രഗ് പ്രോജക്ടുമായി ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. പേര് അറിയാത്തതോ, വ്യാജമരുന്നുകളോ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്ന് കാമ്പയിന്റെ പോസ്റ്ററുകള്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്നു. 

പോസ്റ്ററില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ ഇവയാണ് :
പകുതി പില്‍സ് കഴിക്കാം ( ചെറിയ ഡോസ് പോലും അപകടകമാണ് എങ്കിലും), പെട്ടെന്ന് ലഹരി കിട്ടിയില്ല എന്നു കരുതി അടുത്തത് കഴിച്ചു കളയരുത്) 

രണ്ട് മണിക്കൂറെങ്കിലും കാക്കണം. ചിലതിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം വേണം. രണ്ടെണ്ണം യാതൊരു കാരണവശാലും കഴിക്കരുത്. മദ്യം ഉള്‍പ്പടെ യാതൊന്നും കലര്‍ത്തരുത് അതിന് അപകടകരമായ റിയാക്ഷനുകള്‍ ഉണ്ടാവാം. ഡാന്‍സ് ചെയ്യുകയാണെങ്കില്‍ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ഇടയ്ക്ക് വിശ്രമിക്കുക.

ലഹരി മരുന്ന് ഉപയോഗം ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടതെന്നുമുള്ള നിലപാടിലാണ് കാമ്പയിന് നേതൃത്വം നല്‍കുന്നവര്‍. 2014 ല്‍ എക്‌സറ്റസി ഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്ന് സംഭവിച്ച മരണങ്ങളാണ് ഇത്തരം ഒരു കാമ്പയിന്‍ നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍ സാമൂഹ്യ തിന്മയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ചൂണ്ടികാട്ടി വിവിധ സാമൂഹ്യ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

അയര്‍ലണ്ടിലെ സമൂഹം ഈക്വാളിറ്റിയുടെ പേരില്‍ ഏതു സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്നത് സമൂഹനന്മയുടെ ആത്യന്തികമായ അധ:പതനത്തിനും കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമാകുമെന്നാണ് അവരുടെ വാദം.

Scroll To Top