Wednesday January 24, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റക്കാര്‍ക്കായി ഒരു വാര്‍ദ്ധക്യകാല വിചാരം:നിങ്ങള്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചു പോകാനാവുമോ?

അയര്‍ലണ്ടിലെ മലയാളി കുടിയേറ്റക്കാര്‍ക്കായി ഒരു വാര്‍ദ്ധക്യകാല വിചാരം:നിങ്ങള്‍ക്ക് നാട്ടിലേയ്ക്ക് തിരിച്ചു പോകാനാവുമോ?

ഡബ്ലിന്‍:നിങ്ങള്‍ക്ക് പ്രായമേറുമ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശമില്ല എങ്കില്‍ അറിഞ്ഞു കൊള്ളുക.വാര്‍ദ്ധക്യത്തില്‍ അയര്‍ലണ്ടിലെ ചെലവുകള്‍ നേരിടാന്‍ മികച്ച സമ്പാദ്യമില്ലാതെ സാധ്യമല്ല തന്നെ.ജോലിയും മികച്ച ജീവിത നിലവാരവും തേടിയാണ് മലയാളികള്‍ ഭൂരിപക്ഷവും അയര്‍ലണ്ടിലെത്തിയത്.ലോകത്തില്‍ തന്നെ ഏറ്റവും നല്ല ശമ്പളവ്യവസ്ഥയും അവധി ആനുകൂല്യങ്ങളും ഉണ്ടെങ്കിലും അയര്‍ലണ്ടിലെ പെന്‍ഷന്‍ കൊണ്ട് മാത്രം ഇവിടെ കഴിയാമെന്ന വ്യാമോഹം അധികമായ ഒരു പ്രതീക്ഷയാവും.

ജീവിക്കാനുള്ള സമ്പാദ്യവും, സാമൂഹികമായ സുരക്ഷയുമെല്ലാം ലഭിച്ചുകഴിഞ്ഞാല്‍ തിരികെ നാടിന്റെ നൈര്‍മല്യത്തിലേയ്ക്ക് മടങ്ങാനാണ് പലരും കൊതിക്കുന്നതും. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി ജോലി ചെയ്യാനുള്ള ആരോഗ്യമെല്ലാം ക്ഷയിച്ചു കഴിഞ്ഞാലും നാട്ടിലേയ്ക്ക് തിരികെ പോകാതെ ഇവിടെ തന്നെ കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നവരും കുറവല്ല. പക്ഷേ പ്രായമായവര്‍ക്ക് ഇവിടെ ജീവിക്കാന്‍ വേണ്ടിവരുന്ന ചെലവുകള്‍ അത്ര ചെറുതല്ല എന്ന് നിങ്ങള്‍ക്കറിയാമോ?banner 3

മക്കളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ശൈലി നിലവിലില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ പക്ഷെ സര്‍ക്കാര്‍ ക്രമപ്പെടുത്തുന്ന നഴ്സിംഗ് ഹോമുകള്‍ സ്വകാര്യമേഖലയിലും വാര്ദ്ധക്യത്തിലുള്ളവര്‍ക്ക് മരുന്നും,ഭക്ഷണവും,വസ്ത്രവും ഉറപ്പു വരുത്തുന്നുണ്ടെങ്കിലും ഒറ്റപ്പെടലിന്റെയും, കുടുംബാന്തരീക്ഷത്തില്‍ ലഭിക്കുന്ന പരിഗണനകളുടെ അഭാവത്തിന്റെയും വേദന അവരെ അലട്ടുമെന്നത് യാഥാര്‍ഥ്യം.

ജോലിയില്‍ നിന്ന് വിരമിക്കുകയോ, ജോലി ചെയ്യാനാകാത്ത വിധം പ്രായം തളര്‍ത്തുകയോ ചെയ്തവരെ സഹായിക്കാന്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. ഹോം ഹെല്‍പ്പ്, നഴ്സിങ്, തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ സര്‍ക്കാര്‍ വയോധികര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇവ ലഭിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഈ സേവനങ്ങള്‍ക്ക് പണം നല്‍കുകയും വേണം. മണിക്കൂറില്‍ 20 മുതല്‍ 30 യൂറോ വരെയാണ് സേവനത്തിന് നല്‍കേണ്ടത്. രാത്രിയില്‍ കൂടുതല്‍ തുക നല്‍കുകയും വേണം. എങ്കിലും ഈ ഫീസിന് നികുതി നല്‍കേണ്ടതില്ല.banner2

ഡബ്ലിന്‍ അടക്കമുള്ള ഇടങ്ങളില്‍ ഇത്തരം നഴ്സിങ് ഹോം സേവനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ മാസം 6,000 യൂറോ വരെയാണ് ചെലവ് ). സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇത്.സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങളിലാവട്ടെ തൃപ്തികരമായ സേവനം ഇതേ വരെ ഉറപ്പല്ല താനും

ഇതിന് കഴിയാത്തവര്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെ സേവനം ലഭിക്കും. ഇതും പക്ഷേ പൂര്‍ണ്ണമായും സൗജന്യമല്ല. സര്‍ക്കാര്‍-കുടുംബം എന്ന പങ്കാളിത്ത രീതിയിലാണ് ഇവിടെ ഫീസ് നല്‍കപ്പെടുന്നത്. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുക. മെഡിക്കല്‍, ഫൈനാന്‍ഷ്യല്‍ എന്നിങ്ങനെ രണ്ട് രീതിയില്‍ അര്‍ഹരായവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക. അര്‍ഹരായവര്‍ വാര്‍ഷിക സംഭാവനയായി ആകെ വരവിന്റെ (ഉദാ: പെന്‍ഷന്‍) 80% സര്‍ക്കാരിന് ഡെപ്പോസിറ്റ് നല്‍കണം. ഇതിനൊപ്പം വര്‍ഷത്തില്‍ മൊത്തം ആസ്ഥിയുടെ 7.5%വും നല്‍കണം. മൂന്ന് വര്‍ഷത്തേയ്ക്കാണ് (അതായത് 22.5%) ഈ തുക അടയ്ക്കേണ്ടത്. ഈ പാക്കേജ് ലഭിച്ചു കഴിഞ്ഞാലും പെന്‍ഷന്‍ ലഭിക്കുന്ന ബാക്കി 20% തുക കൊണ്ടും, ആസ്ഥി കൊണ്ടും മറ്റ് ചെലവുകള്‍ക്കുള്ള പണം സ്വയം കണ്ടെത്തണം.

സര്‍ക്കാര്‍ സൗകര്യങ്ങള്‍ സ്വീകരിക്കുന്നവര്‍ നിലവിലുള്ള അവസ്ഥയില്‍ പെന്‍ഷനില്‍ നിന്നും ബാക്കി ലഭിക്കിച്ചേക്കാവുന്ന 20% കൊണ്ട് ജീവിതം സുഖകരമാക്കാന്‍ എത്ര പേര്‍ക്ക് കഴിയുമെന്ന് കണ്ടറിയണം.കുടിയേറ്റ മലയാളികളുടെ മക്കള്‍ തദ്ദേശീയ സാഹചര്യങ്ങളില്‍ വളരുകയും,പഠിക്കുകയൂം,ജോലി സമ്പാദിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ തന്നെ ജീവിതം ക്രമീകരിക്കാനുള്ള സാധ്യതകളാണ് ഉള്ളത്.ഗള്‍ഫ് മേഖലയില്‍ നിന്നും വ്യത്യസ്ഥമാണ് യൂറോപ്പിന്റെ അവസ്ഥ.ഇവിടെ എത്തുന്നവര്‍ക്ക് തുടര്‍ന്ന് ഇവിടെ തന്നെ ജീവിക്കാനുള്ള സാഹചര്യമുണ്ട്.മക്കളുടെ തണലില്‍ ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ പക്ഷെ കൂടുതല്‍ സമ്പാദ്യത്തിലേയ്ക്ക് മാറ്റി വാര്‍ദ്ധക്യം ക്ഷേമോന്‍മുഖമാക്കാന്‍ കൂടി മനസ് വെയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അറിയേണ്ട കാലമായി എന്നത് തന്നെ.

ഇനി അങ്ങനെയല്ല,ബന്ധങ്ങള്‍ ഊഷ്മളമാക്കി നഴ്സിംഗ് ഹോമുകളുടെ തണലിലല്ലാതെ ജീവിക്കാന്‍ ആയാല്‍ നിങ്ങള്‍ ഭാഗ്യവാന്‍.കുടുംബം ഒന്നിച്ച് വാര്‍ദ്ധക്യം ചിലവഴിക്കാനായാല്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യൂറോപ്പിന് നല്‍കുന്ന ഒരു മാതൃകയുമാവുമത്.

റെജി സി ജേക്കബ്

Scroll To Top