Wednesday August 16, 2017
Latest Updates

 ഡബ്ലിന്‍ നഗരത്തിലെ സംസ്‌കൃത കാഴ്ച്ചകള്‍:ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു മുന്‍ഷിയും ,400 ശിഷ്യന്മാരും

 ഡബ്ലിന്‍ നഗരത്തിലെ സംസ്‌കൃത കാഴ്ച്ചകള്‍:ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു മുന്‍ഷിയും ,400 ശിഷ്യന്മാരും

ഡബ്ലിനിലെ സ്റ്റിലോര്‍ഗന്‍ റോഡില്‍ നിന്നും സിറ്റി സെന്ററിലേയ്ക്കുള്ള പതിവ് നടത്തത്തിനിടയില്‍ ഡോണിബ്രൂക്കിലെ ജോണ്‍ സ്‌ക്കോട്ടസ് സ്‌കൂളിന് മുന്‍പിലെത്തിയപ്പോഴാണ് ഞാന്‍ ആ ശ്ലോകം കേട്ടത്.

നൈനം ഛിന്ദന്തി ശസ്ത്രാണി 
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ 
ന ശോഷയതി മാരുതഃ

ഒരേ സംസ്‌കൃത ശ്ലോകം ഒരു സംഘം ആള്‍ക്കാര്‍ ഒന്നിച്ച് ,ആവര്‍ത്തിച്ച് പാടുകയാണ്.കുട്ടികളുടെ സ്വരമാണ്.ഒരു യൂറോപ്പ്യന്‍ നഗരത്തില്‍ നിന്നും ,പ്രത്യേകിച്ചും ഒരു സ്‌കൂളില്‍ നിന്നും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഭാഷയും,ഈണവും ,താളവുമായിരുന്നു അതിനെന്നതിനാല്‍ ഞാന്‍ അവിടെ തന്നെ നിന്ന് അതാസ്വദിക്കാന്‍ തീരുമാനിച്ചു.

പാടുന്ന സംഘത്തെ എനിക്ക് കാണാന്‍ കഴിയുന്നില്ല.സ്‌കൂള്‍ കെട്ടിടത്തിനകത്ത് നിന്നുമാണ് സംഗീതം പുറത്തേയ്ക്ക് ഒഴുകുന്നത്. എന്റെ ഭാരതത്തിന്റെ ഭാഷയിലുള്ള ശ്ലോകമാണ് ആരോ പാടുന്നതെന്നത് എന്നെ ആവേശം കൊള്ളിച്ചു.അഞ്ചോ ആറോ തവണ ശ്ലോകം ചൊല്ലിയ സംഘത്തിന് ആരോ അതിന്റെ അര്‍ഥം ഇംഗ്ലീഷില്‍ പറഞ്ഞു കൊടുക്കുന്നുണ്ട്.വീണ്ടും ശ്ലോകം തുടര്‍ന്നു.

ജനനമില്ലാത്തതും നിത്യവും അത്യന്തം പരിശുദ്ധവും യാതൊരു കാലഹരണമില്ലാത്തതുമായ ഈ ആത്മാവ്, മാരകായുധങ്ങള്‍ കൊണ്ടുള്ള നാശത്തിന് അതീതമാണ്. പ്രളയജലപ്രവാഹത്തിനുപോലും ഇതിനെ നനയ്ക്കുവാന്‍ കഴിയുകയില്ല. അഗ്‌നി ഇതിനെ ദഹിപ്പിക്കുകയോ വായു ഇതിനെ ഉണക്കിക്കളയുകയോ ചെയ്യുന്നില്ല.

ഇന്ത്യയില്‍ നിന്നുമുള്ള ഏതോ സന്ദര്‍ശകനാവാം അയര്‍ലണ്ടിലെ സ്‌കൂളില്‍ സംസ്‌കൃതശ്ലോകം ചെല്ലുന്നതെന്ന് ഞാന്‍ കരുതി.എന്തായാലും സ്‌കൂള്‍ ഓഫിസില്‍ കയറി സംഭവം എന്താണെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു.റിസപ്ഷനിസ്റ്റ് എന്നെ പ്രിന്‍സിപ്പാളിന്റെ മുറിയിലേയ്ക്ക് നയിച്ചു.മുന്‍ കൂട്ടി അനുവാദമില്ലാതെ ഒരു കൂടിക്കാഴ്ച അയര്‍ലണ്ടില്‍ മിക്കപ്പോഴും സാധ്യമല്ലാത്ത ഒരു കാര്യമാണ്.എങ്കിലും എന്റെ ആകാംക്ഷ കണ്ടിട്ടാവാം അവര്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ആരോ സംസ്‌കൃതം പഠിപ്പിക്കാന്‍ വന്നിട്ടുണ്ടാവും എന്ന എന്റെ സംശയം ശരിയായിരുന്നില്ല.ഡബ്ലിന്‍ നഗരത്തിലെ ഈ സ്‌കൂളില്‍ പഠിക്കാനെത്തുന്ന നാനൂറോളം വിദ്യാര്‍ഥികള്‍ അവരുടെ പ്രധാന വിഷയമായി പഠിക്കുന്നത് സംസ്‌കൃത ഭാഷയാണ് എന്ന പുതിയ അറിവ് എന്നെ അമ്പരപ്പിച്ചു കളഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ ചെമ്പേരി നിര്‍മലാ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് സംസ്‌കൃതം പഠിക്കാനുണ്ടായിരുന്നു എന്നത് ഞാനോര്‍ത്തു.ആഴ്ച്ചയില്‍ രണ്ടു പീര്യഡ് ആയിരുന്നു അന്ന് സംസ്‌കൃതപഠനം.അതും സംസ്‌കൃതത്തിന്റെ സ്വന്തം നാടായ ഇന്ത്യയില്‍.

ഇവിടെ അയര്‍ലണ്ടിലെ കുട്ടികള്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസവും രണ്ടു പീര്യഡ് വീതം സംസ്‌കൃതം പഠിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ എങ്ങനെ അമ്പരക്കാതിരീക്കും ?

വൈകിട്ട് വരികയാണെങ്കില്‍ ‘സംസ്‌കൃതം മുന്‍ഷിയെ’കണ്ട് സംസാരിക്കാനാവുമെന്ന് അവര്‍ എന്നോട് പറഞ്ഞു.സ്‌കൂള്‍ സമയം കഴിഞ്ഞ് പറഞ്ഞ സമയത്ത് ഞാന്‍ എത്തുമ്പോള്‍ തനി ഭാരതീയ ശൈലിയില്‍ ‘നമസ്‌കാരം ‘പറഞ്ഞ് സ്‌കൂളിലെ സംസ്‌കൃത വിഭാഗത്തിന്റെ തലവന്‍ എന്നെ കാത്ത് നില്പ്പുണ്ടായിരുന്നു.ഹോളണ്ടുകാരനായ റൂട്ഗര്‍ കോര്‍ട്ടന്‍ ഹോസ്റ്റ് എന്നോട് സംസ്‌കൃതത്തിലാണ് സംസാരിച്ചു തുടങ്ങിയത്.ഒരു ഇന്ത്യാക്കാരന്‍ സംസ്‌കൃതം മനസിലാക്കുമെന്ന് അദ്ദേഹം ന്യായമായും സംശയിച്ചു കാണും!.എന്തായാലും എന്റെ സംസ്‌കൃത ജ്ഞാനം എന്റെ ഇംഗ്ലീഷിനെക്കാള്‍ മോശമാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം ഭാഷ മാറ്റി!. 

മാനവരാശിക്ക് ഏറ്റവും അനുയോജ്യമായ ഭാഷ സംസ്‌കൃതമാണെന്ന് ഈ ഐറിഷ് സംസ്‌കൃത പണ്ഡിതന്‍ റൂട്ഗര്‍ കോര്‍ട്ടന്‍ ഹോസ്റ്റ് പറയുമ്പോള്‍ അതിശയോക്തിക്കു പ്രസക്തിയില്ല. വര്‍ഷങ്ങളായി സംസ്‌കൃതഭാഷയില്‍ നടത്തുന്ന അഗാധപഠനം അദ്ദേഹത്തിന് നല്‍കിയ തിരിച്ചറിവാണത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി എട്ട് സ്‌ക്കൂളുകളിലായി സംസ്‌കൃതം പഠിപ്പിച്ചു വരുന്ന റൂട്ഗര്‍ സംസ്‌കൃതവും വേദാന്തവും പഠിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് വ്യക്തമാക്കി തരുന്നയാളാണ്.

1986 ല്‍ 20 കുട്ടികളുമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജോണ്‍ സ്‌ക്കോട്ടസ് സ്‌ക്കൂളിലാണ് അദ്ദേഹം സംസ്‌കൃതം പഠിപ്പിക്കുന്നതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഒന്നാം തരം മുതല്‍ സീനിയര്‍ സെര്‍റ്റ് വരെയായി 400 കുട്ടികളാണ് അഞ്ചാം വയസ്സു മുതല്‍ ഇവിടെ സംസ്‌കൃതം പഠിക്കുന്നത്.ഇവിടെ വേദാന്തത്തെ അടിസ്ഥാനമാക്കിയാണ് സംസ്‌കൃതം പഠിപ്പിക്കുന്നത്. 

വേദാന്ത തത്വശാസ്ത്രവും ഇവിടെ കുട്ടികളെ പഠിപ്പിച്ചു വരുന്നു. കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നതിനായി അദ്ദേഹം പ്രത്യേക രീതികളും വളര്‍ത്തിയെടുത്തു. ഈ രീതി അവരെ സംസ്‌കൃതത്തോടു കൂടുതല്‍ അടുപ്പിക്കുകയും വളരെ വേഗം സംസ്‌കൃതം പഠിക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. വേദാന്ത തത്വശാസ്ത്രത്തില്‍ക്കൂടിയുള്ള വിദ്യാഭ്യാസം കുട്ടികളില്‍ വളര്‍ത്തുന്ന നല്ല മൂല്യങ്ങള്‍ രക്ഷകര്‍ത്താക്കളെയും വളരെയധികം ഇതില്‍ ആകൃഷ്ടരാക്കിയിരിക്കുന്നതായി അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം വരെ ഐറിഷ് സര്‍ക്കാര്‍ ഇവിടുത്തെ സംസ്‌കൃത പഠനത്തെ പരീക്ഷാ ക്രമത്തില്‍ അംഗീകരിച്ചിരുന്നില്ല.എന്നാല്‍ ഈ വര്‍ഷം മുതല്‍ ലിവിംഗ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സംസ്‌കൃതത്തിന് നടത്തുന്ന പരീക്ഷാ സമ്പ്രദായത്തില്‍ അയര്‍ലണ്ടിലും പരീക്ഷകള്‍ നടത്താനും അയര്‍ലണ്ടിലെ പരീക്ഷാ ക്രമത്തില്‍ അതുള്‍പ്പെടുത്താനും സര്‍ക്കാര്‍ അനുവദിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും ,രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമെന്നു റൂറ്റ്ഗര്‍ പറഞ്ഞു.

സ്‌കൂളിനു വേണ്ടി സംസ്‌കൃതത്തില്‍ ഒരു പാഠാവലിയും കഴിഞ്ഞ വര്‍ഷം തയാറാക്കി.ഓഡിയോവീഡിയോ മാധ്യമങ്ങളുടെയും സഹായത്തോടെയാണ് സംസ്‌കൃത പഠനം.80% ഐറിഷ് കുട്ടികളോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

സംസ്‌കൃത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാടകവും,ശ്ലോകം ചൊല്ലലും,ഡിബേറ്റുമടക്കം നിരവധി കലാ പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്. 

ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ പൂര്‍ണ്ണമല്ല. നിരന്തരം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. റെഡ് വുഡ് പോലെ ഏകദേശം 700-800 വര്‍ഷം മാത്രമാണ് ഇതിനൊക്കെ ആയുസ്സ്. നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നത്. പക്ഷെ തികച്ചും പൂര്‍ണമായ സംസ്‌കൃതത്തിന് ഒരുകാലത്തും മാറ്റമുണ്ടാകുന്നില്ല. സംസ്‌കൃതം എന്നു പറഞ്ഞാല്‍ത്തന്നെ പൂര്‍ണ്ണമായും കൃതമായിട്ടുള്ളത് എന്നാണ് അര്‍ത്ഥം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകള്‍ക്കും സംസ്‌കൃതം പോലെ അനുയോജ്യമായ മറ്റൊരു ഭാഷയില്ല. സംസ്‌കൃതത്തിന്റെ നാടായ ഭാരതം ഇതിനെ അവഗണിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 

1976ല്‍ ഇരുപതാമത്തെ വയസ്സിലാണ് അദ്ദേഹം സംസ്‌കൃതത്തില്‍ ആകൃഷ്ടനാകുന്നത്. കണക്കിലും ഫ്രഞ്ച് ഭാഷയിലും ബിരുദം നേടിയ അദ്ദേഹം ഭാരതത്തിലെത്തി ബാംഗ്ലൂരിലെ വേദവിജ്ഞാന ഗുരുകുലത്തില്‍ നിന്നുമാണ് സംസ്‌കൃത ഭാഷാ പഠനം ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം സന്ദര്‍ശിക്കുകയും അവിടെ താമസിച്ച് വേദാന്ത തത്വശാസ്ത്രത്തില്‍ കൂടുതല്‍ അറിവു നേടുകയും ചെയ്തു. ഡച്ച് വംശജനും ക്രിസ്തുമത വിശ്വാസിയും ആയിരുന്ന റൂട്ഗര്‍, മൃത്യുഞ്ജയന്‍ എന്നു പേരു സ്വീകരിക്കുകയും അയര്‍ലണ്ട് തന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തിരഞ്ഞെടുക്കുകയും ആയിരുന്നു.

സ്‌ക്കൂള്‍ ഓഫ് പ്രാക്ടിക്കല്‍ ഫിലോസഫി ആന്റ് ഇക്കണോമിക് സയന്‍സ് എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. വിവാഹം പോലും വേണ്ടെന്നു വച്ചാണ് അദ്ദേഹം സംസ്‌കൃതഭാഷയുടെയും തത്വശാസ്ത്രത്തിന്റെയും പ്രചരണത്തിനായി ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്.ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി എട്ട് സ്‌ക്കൂളുകളില്‍ അവധിക്കാലങ്ങളില്‍ അദ്ദേഹം സംസ്‌കൃതത്തിന്റെ പ്രചാരണത്തിന് യാത്ര ചെയ്യുന്നു.എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ ഭാരതത്തില്‍ വരുന്ന റൂട്ഗര്‍ ബാംഗ്ലൂരിലെ വേദവിജ്ഞാന ഗുരുകുലത്തില്‍ ഒരു മാസത്തോളം താമസിക്കും.

യൂറോപ്പിലെ മറ്റു പല ഭാഷകളെക്കാള്‍ പഠിക്കാന്‍ എളുപ്പമാണ് സംസ്‌കൃതം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ഡോണിബ്രൂക്ക് സ്‌കൂളില്‍ തയാറാക്കിയ പാഠപുസ്തകവും സംസ്‌കൃത സിലബസും ഐറിഷ് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് ഇദ്ദേഹം.സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള അംഗീകാരം ലഭ്യമാവുന്നതോടെ അയര്‍ലണ്ടില്‍ ഇപ്പോള്‍ കുട്ടികള്‍ ഫ്രഞ്ചും,സ്പാനിഷും പഠിക്കുന്നത് പോലെ ഏതു സ്‌കൂളിലും സംസ്‌കൃതം പഠനവിഷയമാക്കാനാവുമെന്ന് ഇദ്ദേഹം പറയുന്നു.’ഇപ്പോള്‍ ഇതിനൊക്കെ ‘പൊരുതാന്‍ ‘ഒറ്റയ്‌ക്കെയുള്ളൂ.ഇന്ത്യയെയും സംസ്‌കൃതത്തെയും സ്‌നേഹിക്കുന്നവര്‍ ഒത്തിരിയുണ്ട് ഈ അയര്‍ലണ്ടില്‍.നാം ഒരുമിച്ചു ശ്രമിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ സ്വപ്നം പൂര്‍ത്തികരിക്കാമെന്നാണ് റൂട്ഗറുടെ പ്രതീക്ഷ.

യൂറോപ്പിന്റെ മണ്ണില്‍ ഇന്ത്യാക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്.ഇവിടെ ജോലി തേടി വരുന്നവര്‍ മെല്ലെ ഈ രാജ്യത്തിന്റെ ഭാഗമാവുകയാണ്.ഇവിടെ കുടിപാര്‍ക്കുകയാണ്.ഈ ലേഖനം വായിക്കുന്ന പലരും ഇരുപതോ മുപ്പതോ വര്‍ഷം കഴിയുമ്പോള്‍ ഈ മണ്ണിലാവും അന്ത്യ വിശ്രമം കൊള്ളുകയെന്നും ഉറപ്പാണ്.സാഹചര്യങ്ങള്‍ അങ്ങനെയൊക്കെ നമ്മെ കൊണ്ടെത്തിച്ചെന്നിരിക്കാം.

പക്ഷേ ,നമ്മുടെ സംസ്‌കൃതിയുടെ ഊടും പാവും ഏതു കുടിയേറ്റ ഭൂവിലും കാത്തു സൂക്ഷിക്കാന്‍ നമുക്ക് കടമയുണ്ട്.അതൊരു ഉത്തരവാദിത്വമാണ്.

ഡോണിബ്രൂക്ക് സ്‌കൂളിന്റെ പടി കടക്കും വരെ ആ ഡച്ചുകാരന്‍ എന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു.അദ്ദേഹത്തിനും ഒരു പ്രതീക്ഷയുണ്ടെന്ന് എനിക്ക് തോന്നി.ഈ വിദേശ മണ്ണിലും മഹത്തായ ഭാരത സംസ്‌കാരത്തിന്റെ പ്രചാരകനാവാന്‍ നമ്മോടൊപ്പം പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിനും താത്പര്യം.ആ ഉത്തരവാദിത്വം നമുക്കുണ്ട് താനും. 

റെജി സി ജേക്കബ് 

Scroll To Top