Friday September 22, 2017
Latest Updates

മരിച്ച ആത്മാക്കളുടെ വിലാപങ്ങള്‍ ..

മരിച്ച ആത്മാക്കളുടെ വിലാപങ്ങള്‍ ..

രണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ ….
അമേരിക്കയില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്ത സ്പീക്കറുകള്‍ ഉറക്കെ പാടി ..
മത്തായിച്ചന്‍ ഫാനിന്റെ ലീഫില്‍ അലസനായി ഇരുന്നു. മൊബൈല്‍ മോര്‍ച്ചറിയില്‍ ബോഡി നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ട് .. മക്കടെ കൂട്ടുകാരും ആപ്പീസുകാരും ക്ലബ്ബുകാരും ഒക്കെ കൊണ്ട് വെച്ച , ക്ലബ്ബിന്റെ മുതല്‍ പെട്ടിക്കടയുടെ വരെ പേരെഴുതിയ റീത്തുകളും കുറച്ചു പൂക്കളും ഒക്കെ നെഞ്ചത്ത്, അല്ല , മുകളില്‍ വെച്ച് …
പരസ്യം ചെയ്യുന്നതിന് കാശ് കൊടുക്കണ്ടാത്ത ഒരേ ഒരു മീഡിയ ആണ് ഈ റീത്ത്.അതൊരു ബിസിനെസ്സ് സാധ്യതയായിരുന്നു .. മത്തായിച്ചന്‍ ആലോചനാ നിമഗ്‌നനായി …
അയ്യോ എന്റെ അപ്പച്ചന്‍ പോയേ .. എന്നേം കൂടെ കൊണ്ട് പോകോ ..ഉറക്കെ ഒരു നിലവിളി . മത്തായിച്ചന്‍ ആലോചനയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു താഴേക്കു നോക്കി .. രണ്ടാമത്തെ മകള്‍ ലിസാമ്മ ആണ് … നെഞ്ചത്ത് അടിച്ചാണ് കരച്ചില്‍ .. കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ സെന്റര്‍ വരെ കൂടെ വരാന്‍ പറഞ്ഞപ്പോ യു കെ ജില് പഠിക്കുന്ന കൊച്ചിന് മിഡ് ടേം പരീക്ഷയാന്നു പറഞ്ഞവളാ…

അവളേം കൂടെ കൊണ്ട് പോകാന്‍ ..ചുമ്മാ അലറിയേക്കുകല്ലേ..
അന്നാമ്മേടെ അതെ സ്വഭാവം .. മത്തായിച്ചന്‍ നേരത്തെ മരിച്ച പെണ്ണുമ്പിള്ളയെ ഓര്‍ത്തു..
ഒരു മൂളല്‍ ശബ്ദം ..
മത്തായിച്ചന്‍ ഇരുന്നിടത്ത് നിന്നും തെറിച്ചു .. വെന്റിലേറ്റര്‍ വഴി കിടപ്പ് മുറിയുടെ അലമാരയുടെ മുകളില്‍ ..
ഏതോ കുരുത്തം കേട്ടവന്‍ ഫാന്‍ ഓണ്‍ ചെയ്തതാണ് ..
ഒരു കണക്കിന് നന്നായി , ലിസാമ്മേടെ അലര്‍ച്ച സഹിക്കാന്‍ വയ്യാരുന്നു ..മത്തായിച്ചന്‍ അലമാരമുകളില്‍ ഇരുന്നു താഴേക്ക് നോക്കി .നല്ല വ്യൂ , ഇങ്ങനെ ഒരു ആംഗിളില്‍ മേശയും കസേരയും ഒക്കെ കാണുന്നത് ആദ്യമാണ് . ഇന്റീരിയര്‍ ഡിസൈനറുടെ പ്ലാനില്‍ കാണുന്നത് പോലെ തന്നെ .. ഒരു റിയലിസ്റ്റിക് ദ്വിമാന കാഴ്ച ..മത്തായിച്ചന്‍ ഒന്നുകൂടി അമര്‍ന്നിരുന്നു
വടക്ക് വശത്തെ തെങ്ങിന്‍ തോപ്പില്‍ നിന്നും ഒരു കാറ്റ് ജനലില്‍ കൂടി ഉള്ളിലേക്ക് പറന്നു കയറി .മത്തായിച്ചന്‍ പറന്നു പോകാതെ മസില് പിടിച്ചിരുന്നു . ദേ ഇരിക്കുന്നു അടുത്ത് ഒരുത്തന്‍ .. പെട്ടന്നൊന്നു ഞെട്ടിയെങ്കിലും , പെട്ടന്ന് സമനില വീണ്ടെടുത്ത് മത്തായിച്ചന്‍ ലോഹ്യം ചോദിച്ചു ..
കാറ്റടിച്ചു കൊണ്ട് വന്നതാ അല്ലെ ?
അപരന്‍ തലയില്‍ ഉടക്കിയിരുന്ന പഴുത്ത മഞ്ചാടി ഇലകള്‍ കൈ കൊണ്ട് തട്ടിക്കളഞ്ഞു കൊണ്ട് അതെ എന്ന് തലയാട്ടി ..
ഞാന്‍ മത്തായി ..
മയ്യത്തായെന്നോ ? നിങ്ങള് നസ്രാണിയല്ലിയോ ?
മയ്യത്തായീന്നല്ലടോ ..
മത്തായീന്നു .. എന്റെ പേരാ പറഞ്ഞതു ..തമാശക്കാരനാ ല്ലേ ? മത്തായിച്ചന്‍ കുലുങ്ങി ച്ചിരിച്ചു ..
എന്തായിരുന്നു തന്റെ പേര് ?
ഞാന്‍ സുശീലന്‍ ..
ചങ്ങനാശേരി ഊളക്കാട്ട് സുശീലന്‍.. ആഗതന്‍ ഇത്തിരി ഘനത്തില്‍ പറഞ്ഞു ..
ഈ സാഗര്‍ ഏലിയാസ് ജാക്കി ഒക്കെ പോലെ …. ല്ലേ ? മത്തായിച്ചന്റെ കൌണ്ടര്‍ അറ്റാക്ക് …
ആഗതനും അതങ്ങ് ആസ്വദിച്ചു ചിരിച്ചു …..
പിന്നെന്നാ പോകാതെ ഇങ്ങനെ കറങ്ങി നടക്കുന്നത് സുശീലാ ? മത്തായിച്ചന്‍ കാര്യത്തിലേക്ക് കടന്നു ..
ഓ എന്നാ പറയാനാ , നമ്മടെ വിശ്വാസം അനുസരിച്ച് , എന്തെങ്കിലും അടങ്ങാത്ത ആഗ്രഹം ഒണ്ടേല് അത് സാധിക്കുന്ന വരെ ഇതിലേ അലയുമെന്നെ ..
ശെടാ , ഇനി ഇപ്പൊ ഈ മരിച്ചു കഴിഞ്ഞു എങ്ങനെ ആഗ്രഹം സാധിക്കാനാ സുശീലാ ? ഇതാ പറയുന്നത് മരിച്ചവര്‍ക്കെങ്കിലും ഏകീകൃത സിവില്‍ കോഡ് വേണം എന്ന് ..
ഇത് നിങ്ങക്കൊരു നിയമം , ഞങ്ങക്കൊരു നിയമം ..
അതൊക്കെ പോട്ടെ .. എന്നതാ സുശീലന്റെ ഈ അടങ്ങാത്ത ഒരാഗ്രഹം ?
ഒന്നും പറയണ്ട മത്തായിച്ചാ , ആ ചിങ്ങാനം ബിവറെജിലെ ക്യൂവില്‍ നിങ്ങക്കറിയാവല്ലോ ?ഒന്നൊന്നര മണിക്കൂറ് നിന്നിട്ടാ ഒരു ഫുള്ള് വാങ്ങിച്ചത് ..
രണ്ടെണ്ണം അടിച്ചുംവെച്ചു ഒന്ന് ക്ഷീണം കാരണം ഒന്ന് മയങ്ങിയതാ അപ്പളാണ് കഴുത്തില്‍ കയറു വീണത് …
ആ ഫുള്‍ അടിച്ചു തീര്‍ക്കാതെ എനിക്ക് പോകാന്‍ പറ്റുകേല മത്തായിച്ചാ ..
അതിനി നടക്കുന്ന കാര്യമാണോ സുശീലാ ?
ഞങ്ങക്ക് അതിനു വഴിയുണ്ട് മത്തായിച്ചാ ..
ങേ .. നിങ്ങക്ക് മരിച്ചു കഴിഞ്ഞാലും അടിക്കാവോ ?
മരിച്ചു കഴിഞ്ഞു ആദ്യമായി ക്രിസ്ത്യാനി ആത്മാവായതില്‍ മത്തായിച്ചനു മനസ്താപം തോന്നി ..
അങ്ങനല്ലന്നെ ..
എന്റെ മക്കള്‍ ആരെങ്കിലും അടിച്ചാലും മതി ..
മൂത്തവനില്‍ എനിക്ക് നല്ല പ്രതീക്ഷയാ ..അവന്‍ അടിച്ചോളും
പക്ഷെ അവന്‍ അടിച്ചു മാറ്റാതിരിക്കാന്‍ ഞാനതാ വടക്കേപ്പുറത്തെ തൈത്തെങ്ങിന്റെ മടലിന്റെ അകത്തോട്ടു കേറ്റി വെച്ചിരിക്കുകാരുന്നു ..തട്ടിപ്പോകും എന്ന് ആരെങ്കിലും വിചാരിച്ചോ ?
ഇനി ഇപ്പൊ അവന്‍ അത് കണ്ടു പിടിച്ചു വരണേല്‍ താമസിക്കും ..
അതൊക്കെ പോട്ടെ .. മത്തായിച്ചന്‍ എന്നാ പോകാത്തെ ..
ഓ ..എന്നാ പറയാനാ സുശീലാ ..
ബോഡി ഇവിടെ വെച്ചിരിക്കുകല്ലേ ? 
ലക്ഷം അഞ്ചു കൊടുത്താ കല്ലറ വാങ്ങിച്ചത് ..അതിന്റാത് കൊണ്ട് ഒന്ന് വെക്കുന്നത് കണ്ടിട്ട് പോകാം എന്ന് കരുതിയതാ ..
അഞ്ചു ലക്ഷവേ ..ഇതിലും ഭേദം തെമ്മാടിക്കുഴി ആരുന്നു …
എന്റെ മത്തായിച്ചാ , അതൊക്കെ മക്കള് നോക്കിക്കോളുമെന്നെ…സുശീലനാത്മാവ് ആശ്വാസ വാക്ക് പറഞ്ഞു ..
മത്തായിച്ചന്‍ നെടുവീര്‍പ്പിട്ടു ..
മക്കള് .. 
ചെക്കന്‍ അങ്ങ് അമേരിക്കെലാ ..
അവന്‍ ഇപ്പൊ ഇങ്ങോട്ട് വരണേല്‍ ഒന്നൊന്നര ലക്ഷം ടിക്കറ്റ് നു കൊടുക്കണം .. വല്ല ഓഫ് പീക്ക് സമയത്തും ആരുന്നേല്‍ ടിക്കറ്റിനു ഓഫര്‍ എങ്കിലും കിട്ടിയേനെ ..
അവന്‍ വരുന്നില്ലന്നാ പറഞ്ഞത് … .. 
അവന്‍ എന്റെ മോനാ , കാശും മറ്റും ചുമ്മാ കളയാന്‍ അവനെ കിട്ടുകേല .. മത്തായിച്ചന്‍ ഒന്ന് ഞെളിഞ്ഞിരുന്നു …
ഞാന്‍ ഇച്ചിരെ മുന്‍പേ പോയി നോക്കിയാരുന്നു ..
പാവം അവനു നല്ല വിഷമമുണ്ട് , വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോ രണ്ടെണ്ണം കൂടുതല്‍ അടിക്കണം , അപ്പച്ചന്‍ തലയ്ക്കു മോളില്‍ നില്‍ക്കുന്ന പോലെ തോന്നുന്നെന്നു അവന്‍ ലൂസിയോട് പറയുന്നു … ഞാന്‍ മോളില് നിക്കുന്ന കാര്യം ഇവന്‍ എങ്ങനെ അറിഞ്ഞോ ആ ? ഞാന്‍ പെട്ടന്നിങ്ങു പോന്നു …
മകന്‍ വരുന്നില്ലേല്‍ പിന്നെ ബോഡി അടക്കാത്തത് എന്താ ? സുശീലനാത്മാവ് സംശയിച്ചു ..
ഓ അതൊന്നും പറയണ്ട .. നമ്മടെ ഇടവകെലെ അച്ചനു നേരമില്ലന്നെ ..
പുള്ളി ഭയങ്കര തിരക്കാ ..ഫാദര്‍ തിരക്കിലാന്‍ ന്നാ ഇടവകെലെ ചെല കുരുത്തം കെട്ടവന്മാര്‍ അച്ചനെ വിളിക്കുന്നത് തന്നെ ..
ഈ ആഴ്ച കമ്പ്‌ലീറ്റ് പരിപാടികള്‍ ആണെന്നെ …
നാളെ മൂന്നു വീടിന്റെ വെഞ്ചരിപ്പ് ..
മറ്റന്നാള്‍ നമ്മടെ കാഞ്ഞിരപ്പള്ളി കയ്യാലേല്‍ അവറാന്റെ എഴുപതാം പിറന്നാള്‍ ആഘോഷം ..ഞാന്‍ ചത്തെന്നു വെച്ച് അവറാന്റെ പിറന്നാള് മാറ്റി വെക്കാന്‍ പറ്റുവോ ? 
പോരാത്തതിന് ബിഷപ്പ് പിതാവ് ഒക്കെ വരുന്ന പരിപാടിയാ ..
അവറാന്‍ കാശ് കൊറേ പൊടിച്ചു .. അവനു പ്രാന്ത് അല്ലാതെന്നാ ?
അതിന്റെ പിറ്റേന്ന് നമ്മടെ ജോണിടെ കടേടെ വെഞ്ചരിപ്പു .. 
എന്നാ അന്നുച്ചക്കു നടത്താവോന്നു ചെറുക്കന്‍ ഫോണില്‍ ചോദിച്ചതാ ..
അന്നേരം അങ്ങേരുടെ ഭക്തിഗാന ആല്‍ബത്തിന്റെ ഷൂട്ടിംഗ് ആണ് പോലും ഉച്ച കഴിഞ്ഞ്..
എങ്ങനെ പോയാലും ഒരാഴ്ച നിക്കേണ്ടി വരും …അല്ലെ ?
അതെ അതെ …
അച്ചന്റെ കാള്‍ഷീറ്റ് മേടിച്ചിട്ട് മരിച്ചാ മതിയാരുന്നു..
ആ പോട്ടെ , എഴുപത്തെട്ടു കൊല്ലം നിന്നതല്ലേ .. ഒരാഴ്ച കൂടി നിന്നാല്‍ എന്നാ പറ്റാനാ ? മത്തായിച്ചന്‍ ഒന്നിളകി ഇരുന്നു ..
ചങ്ങനാശേരി ഊളക്കാട്ടു വീടിന്റെ വടക്കേപ്പുറത്തെ തൈത്തെങ്ങിന്റെ നിഴലില്‍ , സുശീലന്‍ മകന്‍ സുഗുണന്‍ മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ഇട്ടപ്പോളെക്കും ആരും വിളിക്കാതെ കാറ്റ് വീണ്ടും വന്നു ..സുശീലനാത്മാവ് ആ കാറ്റില്‍ കേറി 
rajeshഏതോ പാരലല്‍ യൂനിവേഴ്‌സിലേക്ക് ടിക്കറ്റ് എടുത്തു…
മത്തായിച്ചന്‍ അലമാരയുടെ മുകളില്‍ ഇരുന്നു താഴേക്ക് നോക്കി .. തിളങ്ങുന്ന ഫ്‌ലോര്‍ ടൈലിന് മുകളില്‍ പഴുത്ത മഞ്ചാടിയിലകള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു .. മണ്ണിലേക്ക് മടങ്ങാനുള്ള നേരവും കാത്ത്!

രാജേഷ് സുകുമാരന്‍ റോസ് കോമണ്‍

Scroll To Top