Friday December 09, 2016
Latest Updates

കോര്‍ക്കിലെ കള്ള് കള്ളനെ പള്ളിയില്‍ നിന്നും കുര്‍ബാനയ്ക്കിടയില്‍ പിടി കൂടി!

കോര്‍ക്കിലെ കള്ള് കള്ളനെ പള്ളിയില്‍ നിന്നും കുര്‍ബാനയ്ക്കിടയില്‍ പിടി കൂടി!

കോര്‍ക്ക് :വലിയ എന്തൊ ഒരു ഭാരം ഹൃദയത്തില്‍ നിന്ന് ഇറക്കിവെക്കാന്‍ വേണ്ടി, കര്‍ത്താവിനെ ഒന്ന് കാണാനും പ്രാര്‍ത്ഥിക്കാനുമായി കോര്‍ക്കിലെ വാഷിംഗ്ടണ്‍ സ്ട്രീറ്റിലെ സെന്റ് അഗസ്റ്റ്യന്‍സ് പളളിയില്‍ എത്തിയതാണ് 23 വയസ്സുകാരന്‍ ഹാസെറ്റ്. കാരണം അവന്‍ മോഷ്ടിക്കാറുണ്ട്. സ്വര്‍ണ്ണവും പണവുമല്ല, മദ്യം മോഷ്ടിക്കുന്നതാണ് പ്രിയം…

കുര്‍ബാന തുടങ്ങിയപ്പോഴാണ് ആള്‍ പള്ളിയില്‍ എത്തിയത്.പ്രാര്‍ത്ഥന തുടങ്ങിയത് അവന് ഓര്‍മ്മയുണ്ടോ എന്നറിയില്ല, കണ്ണു തുറക്കുമ്പോള്‍ മുകളില്‍ കാണുന്നത് ഗാര്‍ഡയുടെ രൂപം. കാര്യം തെളിഞ്ഞു വരുമ്പോഴാണ് ഒരു കാര്യം മനസ്സിലായത് താന്‍ പള്ളിയുടെ പുറകിലത്തെ നിരയില്‍ നിലത്തു കിടന്നാണ് ഇത്ര നേരവും പ്രാര്‍ത്ഥിച്ചത്.പാപികളെ സ്‌നേഹിക്കനറിയാത്ത ഗാര്‍ഡ, എന്തായാലും കുടിച്ചു ലക്കു കെട്ട് പള്ളിയുടെ സുരക്ഷയ്ക്ക് ‘ ഭീഷണി ആയതിന് ‘ അവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ മാത്രം നിലത്തു കിടന്നു ധ്യാനിച്ച അവന്‍ .പക്ഷെ സമൂഹത്തിനു ഭീഷണി ആണെന്നാണ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കിയ ഗാര്‍ഡ കൊടുത്ത വിശദീകരണം.

കാരണം….ഇതാദ്യ തവണയൊന്നുമല്ല ഇയാള്‍ പിടിയ്ക്കപ്പെടുന്നത് .നേരത്തെ ഒരിക്കല്‍ കോടതിയ്ക്കുളളിലും നിവര്‍ന്നുനില്‍ക്കാനാവാതെ കിടന്നു വിചാരണ നേരിട്ടിട്ടുണ്ട് ഈ വിരുതന്‍! 27 യൂറോയുടെ വോഡ്ക്ക മെര്‍ച്ചന്റ്‌സ് ക്വേയില്‍ നിന്ന് മോഷ്ടിച്ചുവെന്ന് ഇദ്ദേഹം സമ്മതിക്കുന്നു.27 യൂറോ മദ്യകടക്കാരന് തിരികെ കൊടുക്കാമെന്ന് പിന്നീട് സമ്മതിച്ചെങ്കിലും ഇതേ വരെ കൊടുത്തിട്ടില്ല.

എന്തായാലും 23 ന് വിചാരണക്ക് കേസ് വരും വരെ പരസ്യമായി മദ്യപിക്കരുതെന്ന് കോടതി ഇയാളോട് പറഞ്ഞിട്ടുണ്ട്.(പാവം കള്ളന്റെ ഭാഗ്യം..അവനു രഹസ്യമായി മദ്യപിക്കുന്നതാണ് ഇഷ്ട്ടം!)മാത്രമല്ല അതുവരെ ബ്രൈഡ് ബെല്‍ ഗാര്‍ഡ സ്റ്റേഷനില്‍ ഹാജരായി ഒപ്പിടുകയും വേണം !

മോഷ്ടിച്ചു കുടിക്കുന്നത് കൊണ്ടാവും കള്ള് അവനെ ഇങ്ങനെ നിരന്തരം ചതിക്കുന്നത് എന്നാണ് കോര്‍ക്കിലെ ചില സല്‍ജനങ്ങല്‍ പറയുന്നത് !




Scroll To Top