Friday May 26, 2017
Latest Updates

മുന്‍ സ്പീക്കര്‍ എ സി ജോസ് അന്തരിച്ചു 

മുന്‍ സ്പീക്കര്‍ എ സി ജോസ് അന്തരിച്ചു 

കൊച്ചി: വീക്ഷണം ദിനപത്രത്തിന്റെ പത്രാധിപരും മുന്‍ എംപിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ.സി ജോസ് ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ അന്തരിച്ചു.

79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.

നിലവില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരാണ്. മൂന്നു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23വരെ നാലു മാസമാണ് കേരള നിയമസഭാ സ്പീക്കറായിരുന്നത്. ആ സമയത്ത് കാസ്റ്റിംഗ് വോട്ടു രേഖപ്പെടുത്തി കെ. കരുണാകരന്‍ മന്ത്രിസഭയെ നിലനിര്‍ത്തിയ സ്പീക്കര്‍ എന്ന പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്.

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ 1937 ഫെബ്രുവരി അഞ്ചിനു എ.സി. ചാക്കോടെയും മേരിയുടേയും പുത്രനായിട്ടാണ് ജനനം. ബിഎസ്‌സി, എല്‍എല്‍എം ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, കൊച്ചി മേയര്‍, യുഎന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

1969 മുതല്‍ ഒരു പതിറ്റാണ്ട് കൊച്ചി നഗരസഭാംഗമായിരുന്നു. 197273 കാലഘട്ടത്തില്‍ മേയറായി പ്രവര്‍ത്തിച്ചു. അന്ന് പ്രായം കുറഞ്ഞ നഗരപിതാവ് എന്ന ബഹുമതിക്കും അര്‍ഹനായിരുന്നു.

1980ല്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പതിനൊന്നാം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

Scroll To Top