Saturday December 10, 2016
Latest Updates

8,500റോളം ഉപഭോക്താക്കളെ കാറ്റ് ഇരുട്ടിലാക്കി

8,500റോളം ഉപഭോക്താക്കളെ  കാറ്റ് ഇരുട്ടിലാക്കി

ലിമറിക്ക്:ശക്തമായ കാറ്റും മഴയും അയര്‍ലണ്ടിന്റെ പല ഭാഗങ്ങളിലും തുടരുകയാണ്. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റ് ഒട്ടേറെ സ്ഥലങ്ങളിലെ ഇഎസ്ബി ലൈനുകള്‍ തകരാറിലാക്കിയത് കാരണം ഇന്നും 8000ത്തില്‍പ്പരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്.
സ്ലൈഗോ, ഗാല്‍വേ, കാവന്‍, ഡബ്ലിന്‍, ടിപ്പററി, ലിമറിക്ക്, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും നെറ്റ്‌വര്‍ക്കുകളില്‍ തകരാറ് സംഭവിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ കാറ്റും വെള്ളപ്പൊക്കവും ബാധിച്ചിരിക്കുന്നത് തെക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ തീരപ്രദേശങ്ങളിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, വടക്കന്‍ പ്രദേശമായ ലെയ്ട്രിമ്മിലും കാറ്റും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ടെന്നാണ് ഇഎസ്ബി അറിയിച്ചത്.
മരങ്ങളുടെ കമ്പുകളും മറ്റും മുറിഞ്ഞ ലൈനില്‍ വീണതിനാലാണ് പല സ്ഥലങ്ങളിലും വൈദ്യുതി തടസപ്പെട്ടിരിക്കുന്നതെന്നാണ് ഇഎസ്ബി പറയുന്നത്.
റോഡുകളില്‍ വെള്ളം കയറിയതിനാലും മരങ്ങള്‍ വീണിരിക്കുന്നതിനാലും മോട്ടോറിസ്റ്റുകള്‍ വളരെ ശ്രദ്ധയോടെ മാത്രമേ വാഹനം ഓടിക്കാന്‍ പാടുള്ളൂവെന്ന് ഗാര്‍ഡയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ പൊതുവഴികളില്‍ വെളിച്ചം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പല സ്ഥലങ്ങളിലും തകരാറിലാക്കപ്പെട്ട ലൈറ്റുകള്‍ പുനസ്ഥാപിച്ചിട്ടുണ്ടെന്നും ഇഎസ്ബി വക്താവ് അറിയിച്ചു.
എന്നാല്‍ വ്യാപകമായ തകരാറുകള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പക്ഷേ, എല്ലാ ഉപഭോക്താക്കള്‍ക്കും എത്രയും പെട്ടെന്നു തന്നെ വൈദ്യുതി പുനസ്ഥാപിച്ചു നല്‍കാന്‍ തങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 8,500റോളം ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി തടസപ്പെട്ടത്.
കോര്‍ക്കിനെ വെള്ളപ്പൊക്കം ബാധിച്ചതുപോലെതന്നെ വെള്ളപ്പൊക്കത്തിന്റെ ആക്രമണം വാട്ടര്‍ഫോര്‍ഡിലും വെക്‌സ്‌ഫോര്‍ഡിലും ഉണ്ടായിട്ടുണ്ട്. സിറ്റിയുടെ പല ഭാഗങ്ങളിലും രണ്ടടിയോളം വെള്ളം കയറിയിരിക്കുകയുമാണ്.

Scroll To Top