Friday November 16, 2018
Latest Updates

വരദ്കറുടെ ബാങ്ക് വായ്പയെ ചൊല്ലി വിവാദം,97 ശതമാനം വരെ വായ്പ നല്‍കണമെന്ന് പ്രതിപക്ഷം,അയര്‍ലണ്ടില്‍ ഉയരുന്നത് വിലത്തകര്‍ച്ചയുടെ കാഹളം !

വരദ്കറുടെ ബാങ്ക് വായ്പയെ ചൊല്ലി വിവാദം,97 ശതമാനം വരെ വായ്പ നല്‍കണമെന്ന് പ്രതിപക്ഷം,അയര്‍ലണ്ടില്‍ ഉയരുന്നത് വിലത്തകര്‍ച്ചയുടെ കാഹളം !

ഡബ്ലിന്‍ :വീടുവാങ്ങുന്നതിനുള്ള നിക്ഷേപത്തിന്റെ പങ്ക് ആളുകള്‍ അവരുടെ മാതാപിതാക്കളില്‍ നിന്ന് വാങ്ങട്ടെ എന്ന പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷം ശക്തമായാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്.

എന്നാല്‍ താനും മാതാപിതാക്കളില്‍ നിന്നും പണം വാങ്ങാതെയാണ് വീടുവെച്ചതെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയായി വരദ്കര്‍ പറഞ്ഞു.

40 വര്‍ഷത്തേയ്ക്കുള്ള മോര്‍ട്ട്‌ഗേജ് വായ്പയാണ് താന്‍ എടുത്തിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി.കെല്‍ടിക് ടൈഗര്‍ കാലഘട്ടത്തില്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്തിരുന്ന 100 ശതമാനം ഡിപ്പോസിറ്റ് വായ്പകളിലൊന്നാണ് വരദ്കറിന് ലഭിച്ചത്.

‘ ഞാന്‍ വീടുവാങ്ങുമ്പോള്‍ നിക്ഷേപത്തിനായി ഒരു സഹായവും ലഭിച്ചിരുന്നില്ല. ബാങ്കില്‍ നിന്നും 100 ശതമാനം ഡിപ്പോസിറ്റ് വായ്പ ലഭിച്ചതിനാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇതൊരു നല്ല നയമല്ല. അത് കാരണം വീടുകളുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്, അതുവഴി യുവജനങ്ങളുടെ കടവും നെഗറ്റിവ് ഇക്വിറ്റിയും കൂടുകയാണ്.’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡെയ്‌ലില്‍ നടത്തിയ പ്രസംഗത്തില്‍ 100 ശതമാനം ബാങ്ക് ലോണിനെ കുറിച്ച് പ്രതിപാദിച്ചിരുന്നില്ല. എന്നാല്‍ ബാങ്കുകള്‍ അങ്ങനെയുള്ള ലോണുകള്‍ നല്‍കുന്ന കാലത്തേക്കുള്ള തിരിച്ചുപോക്കിനെ കുറിച്ചുള്ള മുന്നറിയപ്പാണ് അദ്ദേഹം തന്നിരിക്കുന്നത്.അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവില്ലെന്ന് തന്നെ.

‘ആളുകള്‍ക്ക് വീടുവാങ്ങുന്നതിനായുള്ള നിക്ഷേപത്തിന് പല രീതിയില്‍ പണം കണ്ടെത്തേണ്ടി വരും. ചില ആളുകള്‍ പണമുണ്ടാക്കാന്‍ വിദേശത്ത് പോകുന്നു. ചിലര്‍ അവരുടെ മാതാപിതാക്കളില്‍ നിന്നു വാങ്ങുന്നു. ചിലര്‍ ലോണ്‍ വാങ്ങുന്നു.’ എന്നായിരുന്നു വരദ്കറിന്റെ വാക്കുകള്‍.

എന്നാല്‍ ‘പോഷ് ബോയ്’ എന്നുവിളിച്ച് പ്രതിപക്ഷം അദ്ദേഹത്ത പരിഹസിച്ചു. യഥാര്‍ത്ഥ ലോകത്തെ കുറിച്ച് വരദ്കറിന് ധാരണയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മാതാപിതാക്കളില്‍ നിന്നും പണം വാങ്ങാതെയാണ് താനും വീടുവെച്ചതെന്ന് വരദ്കര്‍ പ്രതികരിച്ചത്.

97 ശതമാനം വായ്പ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യണമെന്നും ഡെവലപ്പര്‍മാരുടെ ടാക്സുകള്‍ വെട്ടിക്കുറയ്ക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തന്നില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം തിരിച്ചടിച്ചു.

ഇതിനിടെ ,ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മാത്രമാണ് പുതിയ ലോണ്‍ സ്‌കീമുകള്‍ പ്രയോജനപ്പെടുകയെന്ന വാദത്തെ തള്ളി ഭവനമന്ത്രി ഓവന്‍ മര്‍ഫിയും രംഗത്തെത്തി വീടുകള്‍ പുതുക്കി പണിയാനും പുതുതായി വാങ്ങിക്കാനും ഒരുപോലെ സഹായകരമാണ് ഇവയെന്നും ഇദ്ദേഹം പറയുന്നു. ഇത്തരത്തില്‍ വാങ്ങാവുന്ന നിരവധി വീടുകള്‍ ലഭ്യമാണെന്നും ഡബ്ലിനിലും കോര്‍ക്കിലും ഉണ്ടെന്നും മര്‍ഫി പറയുന്നു.

പുതിയ പദ്ധതി പ്രകാരം ഹൗസിങ്ങ് ലോണുകള്‍ക്ക് 30 വര്‍ഷത്തേക്ക് 2.5 ശതമാനം വരെ പലിശയാണ് നിശ്ചയിച്ചിരുന്നത്. ഇത് 3 ലക്ഷം യൂറോ വരെയുള്ള ചിലവില്‍ ഡബ്ലിനിലോ കോര്‍ക്കിലോ ഗാല്‍വേയിലോ വീട് വാങ്ങിക്കാന്‍ വീട് വാങ്ങിക്കുന്നതിന് ഈ ലോണ്‍ ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ ചീപ്പ് ക്രെഡിറ്റ് നല്‍കുന്നത് വീടുകളുടെ ലഭ്യതയില്ലാതാക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ഓവന്‍ മര്‍ഫിയുടെ പദ്ധതികള്‍ ചെറിയൊരു വിഭാഗത്തിന് മാത്രമേ സഹായകരമാവുകയുള്ളു. സെന്ററല്‍ ബാങ്കിന്റെ മോര്‍ട്ടഗേജ് നയങ്ങള്‍ കാരണം തനിച്ച് താമസിക്കുന്നവര്‍ക്കും ദമ്പതികള്‍ക്കും ഈ സ്‌കീമിന്റെ നേട്ടങ്ങള്‍ ലഭിക്കില്ലെന്നും ഫിയനാഫാള്‍ അംഗം ബാരി കൗന്‍ പറയുന്നു.

എന്നാല്‍ അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നും, കൂടുതല്‍ പേര്‍ക്ക് വീടുവാങ്ങുന്നതിനൊപ്പം,പുതിയ വീടുകള്‍ പണിയുന്നതിനും പുതിയ നയം വഴിയൊരുക്കുമെന്നാണ് മന്ത്രിയുടെ വാദം.

സാമ്പത്തിക വിദഗ്ദരാവട്ടെ , വില്‍ക്കാതെ കിടക്കുന്ന വീടുകള്‍ എങ്ങനെയും വിറ്റഴിക്കാനുള്ള പ്രോപ്പര്‍ട്ടി കമ്പനികളുടെ തന്ത്രമായാണ് പുതിയ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

ആയിരക്കണക്കിന് വീടുകളാണ് അന്താരാഷ്ട്ര കുത്തക ധനകാര്യ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്നത്.ഇവ വിറ്റഴിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.വില കുറയ്ക്കാതെ വീടുകള്‍ വിറ്റു പോകാനുള്ള സാധ്യത ഇല്ലെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക സഹായ പദ്ധതി ഉപയോഗിച്ച് കൗണ്‍സിലുകള്‍ വഴി വീട് നിര്‍മ്മാണവും വില്‍പ്പനയും സര്‍ക്കാര്‍ സാധ്യമാക്കുന്നത്.കുറഞ്ഞ വിലയില്ലാത്ത കച്ചവടങ്ങള്‍ നടക്കില്ലെന്ന തിരിച്ചറിവ് പ്രോപ്പര്‍ട്ടിഫണ്ടുകള്‍ക്കുണ്ടായത്, സര്‍ക്കാര്‍ നയത്തെ പിന്തുണയ്ക്കാന്‍ അവരെ സഹായിക്കും.അവര്‍ പറയുന്നു.

Scroll To Top