Wednesday December 07, 2016
Latest Updates

പാമോലിന്‍ കേസ്: സര്‍ക്കാറിന് തിരിച്ചടിയായി കോടതി വിധി , തന്റെ വിജയമെന്ന് വി എസ്

പാമോലിന്‍ കേസ്: സര്‍ക്കാറിന് തിരിച്ചടിയായി കോടതി വിധി , തന്റെ വിജയമെന്ന് വി എസ്

തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജ തള്ളി സര്‍ക്കാറിന് കോടതിയുടെ അപ്രതീക്ഷിത അടി. കേസ് പിന്‍വലിക്കാനാകില്ലെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധിച്ചു. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരാണെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി ബോധിപ്പിച്ച അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ അനാവശ്യമായ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും സൂചിപ്പിച്ചു.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും വി എസ് സുനില്‍കുമാര്‍ എം എല്‍ എയും കൊടുത്ത ഹര്‍ജിമേലാണ് കോടതിയുടെ വിധി. ഇതോടെ അന്തരിച്ച കെ കരുണാകരനൊഴികെയുള്ള ഏഴ് പ്രതികള്‍ക്കെതിരെയും വിചാരണ തുടരും. കേസിലെ മറ്റു പ്രതികളായ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, സിവില്‍ സപൈഌ് കോര്‍പറേഷന്‍ മുന്‍ എംഡി ജിജി തോംസണ്‍ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തവകയില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇതില്‍ സ്‌റ്റോക്ക് പര്‍ച്ചേസ് നിയമം ബാധകമല്ലെന്നതുമായിരുന്നു കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായം. നേരത്തെ എല്‍ .ഡി. എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം റദ്ദാക്കിക്കൊണ്ടാണ് 1973ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321 ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കിയത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്തായിരുന്നു പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നടപടി ചട്ടങ്ങള്‍ മറികടന്നുള്ളതാണെന്നും അതുവഴി സംസ്ഥാന സര്‍ക്കാരിന് രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നും അക്കാലത്തു തന്നെ ആരോപണമുയര്‍ന്നു.

1997ല്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇക്കാലം വരെ മാറിമാറി വന്ന യു ഡി എഫ് സര്‍ക്കാറുകളിലൊക്കെയും പാമോലിന്റെ അണുപ്രതിഫലനങ്ങളുണ്ടായി. കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. നിലവിലെ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിജിലന്‍സ് വകുപ്പ് ഒഴിയേണ്ടി വന്നു. പി.ജെ. തോമസിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്ഥാനം നഷ്ടമായി
അതേ സമയം പാമോലിന്‍ കേസിലെ കോടതി വിധി തന്റെ പോരാട്ടങ്ങളുടെ വിജയമാണെന്ന് വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു. കേസില്‍ ഉമ്മന്‍ചാണ്ടിയെ കൂടി പ്രതി ചേര്‍ക്കണമെന്ന തന്റെ അപേക്ഷ കൂടി കോടതി പരിഗണനയിലാണെന്നും അതിലും ഇതു പോലെ ശുഭതീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Scroll To Top