Sunday September 23, 2018
Latest Updates

ഇന്റര്‍നെറ്റ് ,അഞ്ചാം തലമുറയ്ക്ക് വഴിമാറുന്നു:അയര്‍ലണ്ടില്‍ ഇനി 5ജി യുടെ കാലം

ഇന്റര്‍നെറ്റ് ,അഞ്ചാം തലമുറയ്ക്ക് വഴിമാറുന്നു:അയര്‍ലണ്ടില്‍ ഇനി 5ജി യുടെ കാലം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇന്റര്‍നെറ്റ് കാലം അഞ്ചാം തലമുറയ്ക്ക് വഴിമാറുന്നു.ടെലികോം ഓപ്പറേറ്ററായ കോംറെഗ് ,അയര്‍ലണ്ടിലെ അഞ്ച് പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് 5ജി തലമുറയുടെ സ്പെക്ട്രം കൈമാറി.ഇവയുടെ പ്രതിഫലമായി പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ ചേര്‍ന്ന് 78മില്യണ്‍ യൂറോയാണ് നല്‍കേണ്ടത്.ഇവയില്‍ വലിയ മൂന്ന് കമ്പനികളായ വോഡഫോണ്‍,3 അയര്‍ലണ്ട്,മെടിയൊര്‍ എന്നിവ ചേര്‍ന്ന് 53മില്യണ്‍ യൂറോ നല്‍കും.അടുത്ത വര്‍ഷം തന്നെ 5ജി എത്തിക്കുന്നതിനുള്ള നടപടിയാണ് പൂര്‍ത്തിയായത്.2020 ഓടെ 5ജി സേവനം എത്തുമെന്ന് 3അയര്‍ലണ്ട് പറയുന്നു.

ഇന്റെര്‍ നെറ്റില്‍ ഇനി വേഗതയുടെ പൂക്കാലമായിരിക്കും 5ജി കൊണ്ടുവരികയെന്നാണ് കരുതുന്നത്. 4ജിയില്‍ 100 മെഗാബൈറ്റാണ് ഒരു സെക്കന്‍ഡിലെ സ്പീഡ്.എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ 5ജിയില്‍ 6000എംബിയാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഫൈബര്‍ ബ്രോഡ്ബാന്‍ഡിലൂടെ മുന്‍തലമുറയുടെ വേഗതയുടെ ആറ് മടങ്ങാണ് 5ജി സമ്മാനിക്കുക.

5ജിക്ക് സ്പീഡിന്റെഗുണം മാത്രമല്ല ലഭിക്കുന്നത് .മറ്റ് സംവിധാനങ്ങളോട് വളരെ എളുപ്പത്തില്‍ ആശയവിനിമയം നടത്താനും ഇതിനു കഴിയും.ഒരു സെക്കന്‍ഡുപോലും കാത്തിരിക്കേണ്ടതില്ലെന്നതാണ് മേന്മ.ട്രാഫിക് സംവിധാനം പോലെയുള്ള പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 5ജി നിലവില്‍ വരുന്നതോടെ സാധ്യമാകും.

റോഡില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളൊക്ക ഇറങ്ങാന്‍ പോകുന്ന ഇക്കാലത്ത് അവയോട് ആശയവിനിമയം സാധ്യമാകുന്ന സാങ്കേതിക വിദ്യയും 5ജിയോടെ യാഥാര്‍ഥ്യമാകും. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഡ്രൈവറില്ലാ കാറുകളോട് ഒരേ സമയം ആശയവിനിമയം നടത്താന്‍ അഞ്ചാം തലമുറയിലെ ഇന്റെര്‍നെറ്റ് സംവിധാനത്തിന് കഴിയും.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍5ജി സേവനം ലഭിച്ചുതുടങ്ങുമെന്ന് 3 അയര്‍ലണ്ട് ചീഫ് ടെക്നോളജി ഓഫിസര്‍ ഡേവിഡ് ഹെന്നസി പറഞ്ഞു.അടുത്ത വര്‍ഷം തന്നെ ഇതിന്റെ ട്രയല്‍ റണ്‍ തുടങ്ങും.എന്നാല്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതിനു ശേഷമേ 5ജി യാഥാര്‍ഥ്യമാകൂയെന്നാണ് കരുതുന്നത് .കാരണം ഫേസ് ബുക്ക്,യുട്യൂബ്,നെറ്റ്ഫിക്സ് തുടങ്ങിയവയെല്ലാം 4ജിക്കനുസൃതമായാണ് രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്.

സ്വന്തം നിലയില്‍ 5 ജി എങ്ങനെ രൂപകല്‍പ്പന ചെയ്തെടുക്കാമെന്ന ആലോചനയിലാണ് വോഡഫോണും മെറ്റിയോറും.
5ജി നെറ്റ് വര്‍ക്ക് യാഥാര്‍ഥ്യമാക്കാനായാല്‍ അതിന് രാജ്യത്തെല്ലായിടത്തും ഇന്റര്‍നെറ്റ് കവറേജ് ലഭിക്കുമെന്നു കമ്യൂണിക്കേഷന്‍സ് മന്ത്രി ഡെനിസ് നോട്ടന്‍ പറയുന്നു.3ജി,4ജി സര്‍വീസുകള്‍ രാജ്യത്ത് 85 ശതമാനം ജനസംഖ്യയെ മാത്രമേ ഇന്റര്‍നെറ്റിലെത്തിച്ചിരുന്നുള്ളു.

എന്നാല്‍ മറ്റൊരു സംഗതി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2012ലെ 4ജി ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത് 854 മില്യണ്‍ യൂറോ ആയിരുന്നു. എന്നാല്‍ 5ജിയിലെത്തിയപ്പോള്‍ അത് 78 മില്യണ്‍ യൂറോ ആയി കുറഞ്ഞു. ഇതൊരു പടിയിറങ്ങലായാണ് സാമ്പത്തിക-സാങ്കേതിക വിദഗ്ധര്‍ കാണുന്നത്.ഭാവിയില്‍ ബ്രോഡ് ബാന്‍ഡ് നിരക്കുകള്‍ കുറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ദമതം.

Scroll To Top