Saturday December 03, 2016
Latest Updates

കേരളം ലോകത്തിന് മുന്നില്‍ തലകുനിച്ചെന്ന് സ്പീക്കര്‍; അഞ്ച് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളം ലോകത്തിന് മുന്നില്‍ തലകുനിച്ചെന്ന് സ്പീക്കര്‍; അഞ്ച് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയുടെ ശൂന്യവേളയില്‍ അവതരിപ്പിച്ചു. വി. ശിവന്‍കുട്ടി, കെ. അജിത്ത്, ഇ.പി. ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി. ജലീല്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. ഈ സമ്മേളന കാലയളവ് കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ നടപടിയില്‍ നിഷ്പക്ഷതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. വിഎസ് ഉന്നയിച്ച അണ്‍പാര്‍ലമെന്ററിയായിട്ടുള്ള വാക്കുകള്‍ സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

ഇന്ന് രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുണ്ടായത്. ഈ യോഗത്തില്‍തന്നെ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. അതേസമയം ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെയായ നടപടി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. അതിനിടെ മാര്‍ച്ച് 21 വരെ സഭ പിരിഞ്ഞു. ബജറ്റ് ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാതെയാണ് സഭ പിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭ പിരിഞ്ഞതായി സ്പീക്കര്‍ റൂളിംഗ് നടത്തിയത്.

അതേ സമയം ഗുണ്ടകളെയും വാച്ച് ആന്‍ഡ് വാര്‍ഡിനെയും ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വനിതാ എംഎല്‍എമാരെ ഉള്‍പ്പെടെ ഭരണകക്ഷി എംഎല്‍എമാരും മന്ത്രിമാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും, കേരളാ പൊലീസിലെ ഗുണ്ടകളെ വാച്ച് ആന്‍ഡ് വാര്‍ഡ് എന്ന പേരില്‍ സഭയ്ക്കുള്ളില്‍ കൊണ്ടു വന്നു, ചട്ടങ്ങള്‍ ലംഘിച്ച് സ്പീക്കര്‍ വാര്‍ത്താ സമ്മേളനം നടത്തി തുടങ്ങിയ കാര്യങ്ങളാണ് കൊടിയേരി നോട്ടീസിലൂടെ ആവശ്യപ്പെട്ടത്.

സഭ ഇന്ന് ആദ്യം സമ്മേളിച്ചപ്പോള്‍ ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിച്ചു.

ബജറ്റ് ദിനത്തില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങളില്‍ കേരളത്തിന് ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ടി വന്നുവെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ നിയമസഭയില്‍. പ്രതിപക്ഷം സകല സീമകളും ലംഘിച്ചുവെന്ന് സ്പീക്കര്‍ റൂളിങ്ങ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ഒരു നിയമസഭയിലും ഉണ്ടായതായി അറിയില്ല. സഭയിലെ സംഭവങ്ങളുടെ പേരില്‍ പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം. ചട്ടം 15 പ്രകാരമാണ് സ്പീക്കറുടെ പ്രസ്താവന.

Scroll To Top