Thursday December 08, 2016
Latest Updates

400,000 യൂറോ സമ്പാദ്യമുള്ള ആളും തൊഴിലില്ലായ്മ വേതനം വാങ്ങുന്നു; തട്ടിപ്പുകാര്‍ ഐറിഷ് ഖജനാവ് കാലിയാക്കുന്നത് ഇങ്ങനെ

400,000 യൂറോ സമ്പാദ്യമുള്ള ആളും തൊഴിലില്ലായ്മ വേതനം വാങ്ങുന്നു; തട്ടിപ്പുകാര്‍ ഐറിഷ് ഖജനാവ് കാലിയാക്കുന്നത് ഇങ്ങനെ

ഡബ്ലിന്‍: ബാങ്ക് അക്കൌണ്ടില്‍ 400,000 യൂറോ സമ്പാദ്യമുള്ള വിവരം മറച്ച് വച്ച് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയ ആള്‍ക്ക് ജയില്‍ശിക്ഷ. സ്വത്ത് വിവരം മറച്ച് വച്ച് സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റിയതിന് 2,500 യൂറോ പിഴയും നാലുമാസം തടവ്ശിക്ഷയും ലഭിച്ചു. കൂടാതെ ഇയാളില്‍ നിന്ന് വേതനമായി വാങ്ങിയ 30,000 യൂറോ തിരികെ പിടിക്കാനും ഉത്തരവായി. ഇയാളെക്കൂടാതെ നിരവധി പേരാണ് സ്വന്തമായി സമ്പാദ്യമുള്ള വിവരം മറച്ച് വച്ച് തൊഴിലില്ലായ്മ വേതനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ ക്ഷേമാപദ്ധതികളില്‍ നിന്ന് പണം അടിച്ചുമാറ്റിയത്. ആയിരക്കണക്കിന് പേര്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് അര്‍ഹതയില്ലാതെ തുക കൈപ്പറ്റിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 

ഇത്തരത്തില്‍ അധിക തുക കൈപ്പറ്റിയവരും അര്‍ഹതയില്ലാതെ പണം വാങ്ങിയവരും പണം തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അധികൃതര്‍ കത്തയച്ചിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ സര്‍ക്കാരിനെ കബളിപ്പിച്ച് പൈസ കൈക്കലാക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് തുക കൈപ്പറ്റുന്നവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. നികുതി വകുപ്പിന്റെ സഹായത്തോടെയാണ് ബാങ്ക് അക്കൌണ്ടില്‍ സമ്പാദ്യമുള്ളവരെ കുടുക്കിയത്. ബാങ്കിലെ സമ്പാദ്യത്തിന് നികുതി അടയ്ക്കുന്നവരുടെ പട്ടികയും സര്‍ക്കാര്‍ ബെനഫിറ്റ് കൈപ്പറ്റുന്നവരുടെ പട്ടികയും ഒത്തുനോക്കി സമ്പാദ്യമുള്ളവരെ കണ്ടെത്തുകയായിരുന്നു. 

തൊഴിലില്ലായ്മ വേതനത്തിന് പുറമേ സിംഗിള്‍ പേരന്റ് കുടുംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, വികലാംഗര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങളാണ് പലരും തട്ടിപ്പിലൂടെ കൈക്കലാക്കിയത്. തട്ടിപ്പും അനധികൃതമായി പണം കൈപ്പറ്റലും വ്യാപകമായതോടെ ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ആന്റി ഫ്രോഡ് സ്ട്രാറ്റജി അവതരിപ്പിക്കാനിരിക്കുകയാണ് ഗവണ്‍മെന്റ്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ജോണ്‍ ബര്‍ട്ടനാണ് ഇക്കാര്യം അറിയിച്ചത്. 2014-2018 വര്‍ഷത്തേക്കുള്ള ആന്റി സ്ട്രാറ്റജി നയമാണ് സര്‍ക്കാര്‍ മന്ത്രി അവതരിപ്പിച്ചത്. വിവരങ്ങള്‍ മരച്ചു വച്ച് അര്‍ഹതയില്ലാത്ത തുക കൈപ്പറ്റിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 25.7 മില്യന്‍ യൂറോ നഷ്ടമായതായാണ് കണക്ക്. ഈ തുക തിരികെ പിടിക്കുകയാണ് ലക്ഷ്യം

Scroll To Top