Friday September 22, 2017
Latest Updates

ഡബ്ലിനില്‍ 190,000 യൂറോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ 500 യൂറോയുടെ മയക്കുമരുന്നിനു പകരമായി വിറ്റ കള്ളന് നാല് വര്‍ഷം ജയില്‍ ശിക്ഷ

ഡബ്ലിനില്‍ 190,000 യൂറോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ 500 യൂറോയുടെ മയക്കുമരുന്നിനു പകരമായി വിറ്റ കള്ളന് നാല് വര്‍ഷം ജയില്‍ ശിക്ഷ

ഡബ്ലിന്‍ :കള്ളന്‍മാര്‍ക്ക് ‘ബുദ്ധി’ കൂടുതലാണ് എന്നാണ് ഈയിടെ ചില പഠനങ്ങള്‍ കണ്ടെത്തിയത്.കുബുദ്ധിയാണോ സല്‍വെങ്കിലും ബുദ്ധിയാണോ എന്ന് പഠനത്തില്‍ പരാമര്‍ശം ഇല്ലായിരുന്നു.ഡണ്‍ലേരിയ്ക്കടുത്തു കില്ലെനിയില്‍ ഒരു വീട്ടിനുള്ളില്‍ കയറിയ കള്ളന് എന്തായാലും ബുദ്ധി കുറവാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.

കൗണ്ടി ഡബ്ലിനിലെ ഈ വീടിന്റെ മതില്‍കെട്ടിനുള്ളില്‍ ‘മൂത്രമൊഴിക്കാന്‍ മറ’ തേടി പോയപ്പോള്‍ താന്‍ പ്രലോഭനത്തില്‍ ഉള്‍പ്പെടുകയായിരുന്നു എന്നാണു ഈ കള്ളന്‍ ഗാര്‍ഡയോട് പറഞ്ഞത്.മൂത്രമൊഴിച്ചു കൊണ്ട് പരിസരം വീക്ഷിക്കുമ്പോഴാണ് വീടിന്റെയകവശത്തു കര്‍ട്ടന്‍ ഇല്ലാത്ത ജനാലയുടെ സമീപം ഒരു വലിയ ഗ്ലാസ് ജാര്‍ നിറയെ നാണയങ്ങള്‍ വെച്ചിരിക്കുന്നത് കണ്ടത്.ഏതൊരു കള്ളന്റെയും മനം കുളിര്‍ക്കുന്ന കാഴ്ച്ച!.പാവം കള്ളനെ കുറ്റം പറയാന്‍ പറ്റുമോ ? 

താഴെ കിടന്ന ഒരു പാറക്കല്ലെടുത്ത് ഒറ്റയിടിയ്ക്ക് ജനല്‍ പാളി പൊട്ടിച്ച് ഗ്ലാസ് ജാര്‍ തട്ടിയെടുത്ത കള്ളന് തുറന്നു കിടന്ന ജനാല വീണ്ടും പ്രലോഭനം നല്‍കി എന്ന് പറയുന്നതാണ് ശരി.അടുത്ത കുതിപ്പിന് അകത്തു കയറിയ കള്ളന് ആദ്യം കണ്ട അലമാരയില്‍ നിന്നും തന്നെ വിവിധ കറന്‍സികളിലായി 10000 യൂറോയോളം കിട്ടി.

അടുത്ത അലമാരയില്‍ നിന്നും കിട്ടിയത് ഒരു ആഭരണപ്പെട്ടിയാണ്.തനി സ്വര്‍ണ്ണത്തിന്റെ നിറമല്ലായിരുന്നു ആഭാരണങ്ങള്‍ക്ക് അത് കൊണ്ട് തന്നെ അത് ‘പൂച്ചാണെന്നാണ് ഒറ്റനോട്ടത്തില്‍ കള്ളന് തോന്നിയത്. അത് കൈക്കലാക്കിയ ശേഷം മൂന്നാമത്തെ അലമാരയ്ക്കടുത്തെയ്ക്ക് നീങ്ങിയ ചങ്ങാതിയ്ക്ക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് തുറക്കാന്‍ കഴിഞ്ഞില്ല.

അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ കള്ളനും തയാറായില്ല.മൊബൈലില്‍ കൂട്ടുകാരായ ചിലരെ സംഭവസ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി.ഇതിനകം അലമാര തള്ളിയെടുത്ത് ബാല്‍ക്കണിയില്‍ കൊണ്ടുപോയി വെച്ച കള്ളന്‍ കൂട്ടുകാര്‍ കൊണ്ടുവന്ന വാനിലേയ്ക്ക് അലമാര കയറ്റി സ്ഥലം വിടുകയും ചെയ്തു.

എല്ലാവരും ചേര്‍ന്ന് വിജനമായ ഒരു സ്ഥലത്തെത്തി അലമാര തല്ലിപൊട്ടിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ഏതാനം ജോഡി വസ്ത്രങ്ങളും കുറെ പുസ്തകങ്ങളും മാത്രമാണ് അതില്‍ ഉണ്ടായിരുന്നത്.

കൂട്ടുകാരെ പറഞ്ഞയച്ച ഇയാള്‍ ആഭരണപ്പെട്ടിയുമായി ഡണ്‍ലേരിയിലെ കൂട്ടുകാരുടെ അടുത്തെത്തി.അത്യാവശ്യമായി വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതായി ഉണ്ടായിരുന്നത് അന്നത്തേയ്ക്കുള്ള ‘ലഹരി ‘തന്നെയായിരുന്നു.അങ്ങനെ സ്‌ക്രാപ്പ് എന്ന് കരുതിയ ആഭരണങ്ങള്‍ക്ക് അഞ്ഞൂറ് യൂറോ വില നിശ്ചയിച്ച് പകരം ആ വിലയ്ക്കുള്ള ഹെറോയിന്‍ സ്വന്തമാക്കി സന്തോഷിച്ചിരിക്കുമ്പോഴാണ് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാര്‍ഡ അന്വേഷിച്ചെത്തിയത്.

ഹോളി ഡേ കഴിഞ്ഞ് തിരിച്ചു വന്ന വീട്ടുടമസ്ഥര്‍ പരാതി കൊടുത്തതോടെ സമീപത്തെ രണ്ടു വീടുകളില്‍ ഘടിപ്പിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളിലൂടെ കള്ളന്റെ സാഹസികത കണ്ടു ആളെ തിരിച്ചറിഞ്ഞ ഗാര്‍ഡ ഇദ്ദേഹത്തെ ‘പൊക്കി’. വീട്ടുകാരുടെ കണക്കനുസരിച്ച് 190000 യൂറോ വിലയുള്ള ആഭരണങ്ങള്‍ വെറും 500 യൂറോയുടെ ഹെറോയിന് കൈമാറിയ വിവരം കേട്ട് അന്വേഷകരായ ഗാര്‍ഡ പോലും തലയ്ക്ക് കൈവെച്ചു പോയി !.

എന്തായാലും ആഭരണത്തിന്റെ വിലയടക്കം വീട്ടുകാര്‍ക്ക് നഷ്ടട്ടമായ 250,000 യൂറോയും ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കേണ്ടി വന്നു.

2009 ല്‍ നടന്ന ഈ സംഭവത്തിന്റെ വിചാരണ ബുധനാഴ്ച്ചയാണ് പൂര്‍ത്തിയായത്.പ്രതിയായ റാത്ത് മൈക്കില്‍ സ്വദേശിയായ ജെറി കോര്‍ണര്‍ എന്ന 28 വയസുകാരന് ഡണ്‍ലേരി ജില്ലാ കോടതി നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.90 തവണ റോഡ് ട്രാഫിക് കുറ്റങ്ങള്‍ക്കും 12 തവണ കവര്‍ച്ചയ്ക്കും ഇയാള്‍ പിടിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലിയ ശിക്ഷ കിട്ടുന്നത് ഇതാദ്യമാണ്.

റെജി സി ജേക്കബ് 

Scroll To Top