Monday February 20, 2017
Latest Updates

36 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡബ്ലിന്‍ ബെല്ലിമൌണ്ടിലെ തീ അണയ്ക്കാനാവുന്നില്ല ,മേഖലയില്‍ ഗതാഗത നിയന്ത്രണം

36 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡബ്ലിന്‍  ബെല്ലിമൌണ്ടിലെ   തീ അണയ്ക്കാനാവുന്നില്ല ,മേഖലയില്‍ ഗതാഗത നിയന്ത്രണം

ഡബ്ലിന്‍ :റീസൈക്ലിംഗ് പ്ലാന്റിലുണ്ടായ തീപ്പിടുത്തം പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബെല്ലിമൗണ്ട് ഏരിയയിലേക്കുള്ള ഗതാഗതത്തില്‍ തടസം നേരിട്ടേക്കാമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.
25 ന് രാവിലെയാണ് ബെല്ലിമൗണ്ട് മേഖലയിലെ ഒരു റീസൈക്ലിംഗ് പ്ലാന്റില്‍ തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ വൈകിട്ടോടെയും തീയണയ്ക്കാന്‍ സാധിക്കാതെ വരികയായിരുന്നു. എത്രസമയം ഇനിയും തീ ഇത്തരത്തില്‍ തുടരും എന്നതിനെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നാണ് ഗാര്‍ഡ പറഞ്ഞത്.
പ്ലാന്റിന്റെ പരിസര പ്രദേശങ്ങളിലുള്ള ഒട്ടേറെ റോഡുകള്‍ അപകട സാധ്യത കണക്കിലെടുത്ത് അടച്ചിട്ടിരിക്കുകയാണ്. ഡബ്ലിന്‍ അഗ്‌നി ശമന സേനാ വിഭാഗങ്ങളില്‍ അഞ്ച് യൂനിറ്റുകള്‍ സംഭവ സ്ഥലത്തെ തീ അണയ്ക്കാനായി ശ്രമിക്കുന്നുണ്ട്.
6 വാട്ടര്‍ പമ്പുകളുമായി 35ഓളം അഗ്‌നി ശമന സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് തീയണയ്ക്കാനായി എത്തിയത്.
വെസ്റ്റ് ഡബ്ലിനിലുള്ള ബെല്ലിമൗണ്ടിലെ മേരിവെല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ റീസൈക്ലിംഗ് പ്ലാന്റിലാണ് തീപ്പിടുത്തം ഉണ്ടായത്.
വളരെ മികച്ച രീതിയിലുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഇത്തരം തീപ്പിടുത്തം സൃഷ്ടിച്ചേക്കാവുന്ന അപകടം പൂര്‍ണ്ണമായും ഒഴിവായി എന്നു പറയാനും സാധിക്കില്ലെന്നുമാണ് വക്താവ് മാധ്യമങ്ങളെ അറിയിച്ചത്.
120തോളം തൊഴിലാളികളാണ് റീസൈക്ലിംഗ് പ്ലാന്റില്‍ ജോലി നോക്കുന്നത്. എന്നാല്‍ തങ്ങളുടെ തൊഴിലും കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തത്തില്‍ നഷ്ടമായിട്ടുണ്ടോ എന്ന ഭയാശങ്കയിലാണ് എല്ലാവരും.
തീപ്പിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളും ചിലവും കണക്കാക്കാതെ തങ്ങളുടെ തൊഴിലാളികളുടെ കാര്യം ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഓക്‌സിജന്‍ എച്ച്ആര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഹാരല്‍ പറഞ്ഞു.ഐടി, ഫിനാന്‍സ്, അഡ്വര്‍ടൈസിംഗ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി ഒട്ടനവധി മേഖലകളിലായി ആളുകള്‍ തങ്ങളുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തങ്ങളുടെ ട്രക്കുകള്‍ക്കൊന്നും യാതൊരു നാശവും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ വളരെ കൂടുതല്‍പ്പേര്‍ക്ക് തൊഴില്‍ നഷ്ടമാവില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മാര്‍ട്ടിന്‍ പറയുന്നു.
പ്രദേശത്ത് മുഴുവനും കറുത്ത പുക മൂടിയിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 36 മണിക്കൂറുകളായി അഗ്‌നി ശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനുള്ള പരിശ്രമം തുടങ്ങിയിട്ട്.
പ്ലാന്റിനകത്തുള്ള പ്ലാസ്റ്റിക്കുകള്‍ കത്തിത്തുടങ്ങിയതിനാലാണ് ഇത്രയധികം സമയം തീ അണയ്ക്കാനായി ആവശ്യമായി വരുന്നതെന്നാണ് അഗ്‌നി ശമന സേന വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇവിടെ തീപ്പടരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ലഭ്യമായിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സമീപ പ്രദേശങ്ങളിലെ വീട്ടുകാരോട് ജനലുകളും വാതിലുകളും അടച്ചിടുവാനും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 13 അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ തീയുടെ ശക്തി കുറഞ്ഞു തുടങ്ങിയതോടെ യൂനിറ്റുകളുടെ എണ്ണം 9താക്കി കുറയ്ക്കുകയും ചെയ്തു.
പരിസരത്ത് പുക തങ്ങി നില്‍ക്കുന്നതിനാല്‍ വാഹന ഉപഭോക്താക്കള്‍ക്ക് അപകട സാധ്യതയും കൂടുതലാണ്. അതിനാല്‍ ഈ പ്രദേശങ്ങളിലെ ഗതാഗതം തല്‍ക്കാലത്തേക്ക് റോഡുകള്‍ അടച്ചിട്ടിരിക്കുകയും ഗതാഗതം തടസപ്പെടുത്തിയിരിക്കുകയുമാണ്.
പ്ലാന്റിലുള്ള പ്ലാസ്റ്റിക്കുകളാണ് ഇത്രയും കട്ടിയായ പുകയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാര്‍ഡ വിശദമായ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തീ പൂര്‍ണ്ണമായും അണച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഗാര്‍ഡ അറിയിക്കുന്നത്.

Scroll To Top