Saturday December 10, 2016
Latest Updates

32 വര്‍ഷം നീണ്ട പകയുടെ പ്രതികാരം വീട്ടാന്‍ അള്‍ജീരിയ ഇന്ന് ജര്‍മനിക്കെതിരെ ഇറങ്ങുന്നു

32 വര്‍ഷം നീണ്ട പകയുടെ പ്രതികാരം വീട്ടാന്‍ അള്‍ജീരിയ ഇന്ന് ജര്‍മനിക്കെതിരെ ഇറങ്ങുന്നു

ലോകകപ്പില്‍ ഇന്ന് പ്രീ ക്വാട്ടര്‍ റൌണ്ടില്‍ ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ അള്‍ജീരിയ കാത്തിരിക്കുന്നത് 32 വര്‍ഷം നീണ്ട പകയുടെ പ്രതികാരം വീട്ടാന്‍. 1982 ലോകകപ്പില്‍ അള്‍ജീരിയ രണ്ടാം റൌണ്ടില്‍ എത്താതിരിക്കാന്‍ പശ്ചിമ ജര്‍മനിയും ഓസ്ട്രിയയും ഗ്രൂപ്പ് മത്സരത്തില്‍ ഒത്തുകളിച്ചു. ഈ ഒത്തുകളിക്ക് വിജയത്തിലൂടെ മധുര പ്രതികാരം വീട്ടുകയാണ് ഇന്ന് അള്‍ജീരിയയുടെ ലക്ഷ്യം. ഡിജോംഗിലെ മാനക്കേട് എന്നാണു ലോകകപ്പ് ചരിത്രത്തില്‍ ജര്‍മനിയുടെ ഈ ഒത്തുകളി അറിയപ്പെടുന്നത്.

ഈ ഒത്തുകളിക്ക് ശേഷമാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ എല്ലാം ഒരേ സമയത്ത് നടത്താന്‍ ഫിഫ തീരുമാനിച്ചത്. ഒത്തുകളി ഒഴിവാകുന്നതിനായിരുന്നു ഈ തീരുമാനം. ഈ ഒത്തുകളിയോടെ ലോകകപ്പിന്റെ രണ്ടാം റൌണ്ടില്‍ എത്തുന്ന ആദ്യ ആഫ്രിക്കാന്‍ ടീമെന്ന ഖ്യാതി അള്‍ജീരിയയ്ക്ക് നഷ്ടമായി. 1982 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അള്‍ജീരിയയ്ക്ക് എതിരെ പത്ത് ഗോളുകള്‍ക്ക് എങ്കിലും ജയിക്കുമെന്നായിരുന്നു ജര്‍മനിയുടെ അവകാശവാദം. കുഞ്ഞന്‍മാരായ അള്‍ജീരിയയെ ജര്‍മനി കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ നാസിപ്പടയുടെ അഹങ്കാരത്തിന് അള്‍ജീരിയ കളിക്കളത്തില്‍ മറുപടി പറഞ്ഞു. ആ മത്സരത്തില്‍ അള്‍ജീരിയ രണ്ടു തവണ ജര്‍മനിയുടെ വല കുലുക്കി.

അടുത്ത കളി പരാജയപ്പെട്ടെങ്കിലും ചിലിക്കെതിരെ വിജയിച്ച് അള്‍ജീരിയ രണ്ടാം റൌണ്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയയെ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാല്‍ മാത്രം അള്‍ജീരിയ പുറത്ത് പോകും എന്നതായിരുന്നു സ്ഥിതി. കളി തുടങ്ങി പത്താം മിനിറ്റില്‍ ജര്‍മനി ഗോള്‍ നേടി. പിന്നീട് കളി അവസാനിക്കുന്നത് വരെ ഇരു ടീമുകളും ഒരു ഗോള്‍ പോലും നേടിയില്ല. നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരമായിരുന്നു അള്‍ജീരിയയെ പുറത്താക്കാനുള്ള ഈ ഒത്തുകളി.

ഇതോടെ അള്‍ജീരിയ 82 ലോകകപ്പില്‍ നിന്ന് കണ്ണീരോടെ പുറത്ത് പോയി. ‘യൂറോപ്പിലെ രണ്ടു പ്രബല രാജ്യങ്ങള്‍ ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചു. ഒരു ബഹുമതിയയാണ് അള്‍ജീരിയ അത് കാണുന്നത്. മടങ്ങുകയാണ് അഭിമാനത്തോടെ’ പുറത്താകലിനെക്കുറിച്ച് ഇങ്ങനെയായിരുന്നു അള്‍ജീരിയന്‍ ടീംഗം മെര്‍സെക്കെയിന്റെ പ്രതികരണം. ഏതായാലും 32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ലോകകപ്പ് വേദിയില്‍ ജര്‍മനിയും അള്‍ജീരിയയും ഏറ്റുമുട്ടുമ്പോള്‍ അള്‍ജീരിയന്‍ ജനതയുടെ മനസ്സില്‍ ഉണങ്ങാത്ത പകയുടെ മുറിപ്പാടുകള്‍ ഉണ്ടാകുമെന്ന് തീര്‍ച്ച.

Scroll To Top