Thursday December 08, 2016
Latest Updates

യൂ.കെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വേദിയ്ക്ക് സമീപം അപകടം,രണ്ടര വയസുകാരി മലയാളി പെണ്‍കുഞ്ഞ് മരിച്ചു 

യൂ.കെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വേദിയ്ക്ക് സമീപം അപകടം,രണ്ടര വയസുകാരി മലയാളി പെണ്‍കുഞ്ഞ് മരിച്ചു 

നോട്ടിംഗ് ഹാം:യൂ കെ യില്‍ ഇന്നലെ ആരംഭിച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്നു വയസുള്ള പെണ്‍കുട്ടി കണ്‍വെന്‍ഷന്‍ വേദിയ്ക്ക് സമീപം വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു.കൂത്താട്ടുകുളം പാലക്കുഴ പുത്തന്‍പുരയില്‍ സെല്‍ജിയുടെയും,ജോമിലിയുടെയും(പൂഴിക്കുന്നേല്‍,ചെങ്കോട്ട)മകള്‍ രണ്ടര വയസുകാരി എവിലിനാണ് ദാരുണമായ അന്ത്യം ഉണ്ടായത്.
ഇന്നലെ രാവിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തി ഭാര്യയേയും മക്കളെയും ഡ്രോപ്പ് ചെയ്ത ശേഷം കാര്‍ പാര്‍ക്കിംഗിനായി കുട്ടിയുടെ പിതാവ് വാഹനം തിരിക്കവെ അമ്മയുടെ പക്കല്‍ നിന്നും തിരികെ കാറിനരികിലേയ്ക്ക് പാഞ്ഞു വരവേ കാറിന്റെ വീലിനടിയില്‍ പെട്ട് പോവുകയായിരുന്നു.
ഫാ.സേവ്യര്‍ഖാന്‍ വട്ടായിയില്‍ നയിക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയ നൂറു കണക്കിന് പേര്‍ ദുരിതം അറിഞ്ഞു സ്തബ്ദരായി.അപകടത്തില്‍ പെട്ട കുഞ്ഞിന്റെ മാതാപിതാക്കളുടെ നിലവിളിയാല്‍ കണ്‍വെന്ഷന്‍ വേദി വേദനയാല്‍ നിറഞ്ഞു.അതി വേഗത്തില്‍ ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്ക്ക് എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷമായിരുന്നു എവിലിന്റെ മാമ്മോദീസ.

എന്നാല്‍ കണ്‍വെന്‍ഷന്‍ കേന്ദ്രത്തില്‍ പൊതുവായി അപകടവിവരം അറിയിക്കുകയോ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയോ ചെയ്തില്ല എന്നതിന്റെ പേരില്‍ യൂ കെ യിലെ സോഷ്യല്‍ മീഡിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.ബിബിസിയും യൂ കെ യിലെ പ്രാദേശിക മീഡിയയും വന്‍പ്രാധാന്യത്തോടെയാണ് ഇന്നലെ രാത്രി അപകട വിവരം റിപ്പൊര്‍ട്ട് ചെയ്തത്.

ഫാ.സേവ്യര്‍ ഖാനെ പോലും സംഘാടകര്‍ അപകട വിവരം അറിയിച്ചില്ലെന്നും പറയപ്പെടുന്നു.അപകടം നടന്ന സ്ഥലത്ത് സംഘാടകരുടെ പ്രതിനിധികളോ സന്നദ്ധഭടന്മാരോ ഉണ്ടായിരുന്നില്ലെന്നാണ് സംഭവത്തെ കുറിച്ച് ലോക്കല്‍ പോലീസിനു ആദ്യം ലഭിച്ച വിവരമെന്ന് പോലീസും വെളിപ്പെടുത്തി.

അനേകര്‍ക്ക് വേണ്ടി മാധ്യസ്ഥ പ്രാര്‍ഥനയര്‍പ്പിച്ചവര്‍ കുഞ്ഞ് എവിലിന്റെ അപകട വാര്‍ത്ത മറച്ചു വെച്ചത് എന്തിനാണെന്ന വ്യാപകമായ ചോദ്യം ഉയരുന്നുണ്ട്.അതെ സമയം അപകടസ്ഥലത്തു വെച്ച് തന്നെ കുഞ്ഞ് തിരിച്ചു വരാനാവാത്ത വിധം നിശ്ചലനായി പോയെന്നും പിന്നീട് വെന്റിലേറ്റര്‍ സഹായത്തോടെയാണ് വൈകിട്ട് വരെ ജീവന്‍ നിലനിര്‍ത്തിയതെന്നും പറയപ്പെടുന്നു.ഫാ.സേവ്യര്‍ ഖാന്‍ വട്ടായിയില്‍ എത്തി പ്രാര്‍ഥനാ ശിശ്രൂഷകള്‍ നടത്തിയ ശേഷമാണു കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്.

ക്രൂവിലെ താമസക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍.നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നോട്ടിംഗ്ഹാം ആശുപത്രിയില്‍ നിന്നും മൃതദേഹം ക്രൂവില്‍ എത്തിച്ച് സംസ്‌കരിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. 

എവിലിന്റെ സഹോദരങ്ങള്‍: ജെറിക്ക്,ജെര്‍മില്‍

 

Scroll To Top