Saturday December 10, 2016
Latest Updates

തീരാകളങ്കമായി തലസ്ഥാനത്ത് വീണ്ടും കൂട്ടബലാല്‍സംഗം

തീരാകളങ്കമായി തലസ്ഥാനത്ത് വീണ്ടും കൂട്ടബലാല്‍സംഗം

രാജ്യത്തിന് അപമാനമായി തലസ്ഥാനത്ത് വീണ്ടും കൂട്ടബലാല്‍സംഗം. ഇന്നലെ രാത്രിയാണ് 26 കാരിയായ യുവതിയെ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി ഏരിയയില്‍ നിന്നും ആറു പേരടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. സംഭവത്തില്‍ നാലു പേരെ പോലീസ് ഇന്നലെ തന്നെ സൌത്ത് ഡല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികളാരംഭിച്ചത്. ഉത്തംനഗറിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരിയായ യുവതി രാത്രി 10.30 ഓടെ മൂല്‍ചന്ദ് ഹോസ്പിറ്റല്‍ ട്രാഫിക് സിഗ്‌നലിലേക്ക് തന്റെ ഓട്ടോറിക്ഷയില്‍ ഓട്ടം പോരുകയായിരുന്നെന്ന് ഡ്രൈവര്‍ പറയുന്നു. ശേഷം, അതേ ഓട്ടോയില്‍ തന്നെ വീട്ടിലേക്ക് തിരികെ പോവുന്നതിനായി കാത്തിരിക്കാന്‍ ആവശ്യപ്പെട്ട യുവതി രാത്രി 12.30 ഓടെ തന്നെ വിളിച്ചു.

എന്നാല്‍ താന്‍ യുവതിയുടെ അടുത്തെത്തിയപ്പോള്‍ കണ്ടത് ഒരു വെളുത്ത സാന്‍ട്രോ കാര്‍ പാഞ്ഞെത്തി യുവതിയെ തട്ടിക്കൊണ്ടു പോകുന്നതാണെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനു നല്‍കിയ വിവരം. ഓട്ടോഡ്രൈവര്‍ കുറിച്ചെടുത്ത കാറിന്റെ നമ്പറിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ച പോലീസിനു പക്ഷേ രണ്ടുമണിക്കൂറിനു ശേഷം മാത്രമാണ് യുവതിയെ കണ്ടെത്താനായത്. പുഷ്പഭവനു സമീപം ദക്ഷിണ്‍പുരി ഏരിയയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെനിലയിലായിരുന്നു യുവതി. സംഭവം പോലീസിനോടു വിവരിച്ച യുവതി താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ട വീട് തിരിച്ചറിയാന്‍ കഴിയുമെന്ന് പറഞ്ഞു. തുടര്‍ന്ന് കാറടക്കം പ്രതികളെ പോലീസ് ദക്ഷിണ്‍പുരിയിലെ ഒരു വീട്ടില്‍ കണ്ടെത്തി.

ആകാശ്(23), ദീപക്(20), അമന്‍(26), എന്നിവരെ ബലാല്‍സംഗമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയും കൂടെയുണ്ടായിരുന്ന രോഹിത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകലിനുമാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേരെ പോലീസ് തിരയുന്നു.

Scroll To Top