Saturday December 03, 2016
Latest Updates

ബ്ലൂം 2015,ഡബ്ലിന്‍ പുഷ്പമേള ഇന്ന് സമാപിക്കും 

ബ്ലൂം 2015,ഡബ്ലിന്‍ പുഷ്പമേള  ഇന്ന് സമാപിക്കും 

ഡബ്ലിന്‍:ഡബ്ലിനില്‍ നടക്കുന്ന ബ്ലൂം 2015 ഫ്‌ലവര്‍ ഷോയ്ക്ക് ജനങ്ങള്‍ വമ്പന്‍ സ്വീകരണം നല്‍കി.കാലാവസ്ഥഅത്ര പ്രസന്നമല്ലെങ്കിലും പുഷ്പമേള ദര്‍ശിക്കാനായി നൂറുകണക്കിന് പേരാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.

മനോഹരമായി ക്രമീകരിക്കപ്പെട്ട പുഷ്പമേളയും, വിവിധ വിനോദപരിപാടികളും മികച്ച കാഴ്ച്ച വിരുന്നൊരുക്കുന്നു.അറുപതോളം പ്രമുഖ ടീമുകളാണ് പുഷ്പമേളയില്‍ അണിനിരക്കുന്നത്.വീട്ടില്‍ തന്നെ മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനായുള്ള ഉപദേശങ്ങള്‍ എ ഒ ഐ എഫ് എ ഫ്‌ലോറല്‍ ആര്‍ട്ട് സ്റ്റേജിനെ നേതൃത്വത്തില്‍ കാഴ്ച്ചക്കാര്‍ക്ക് നല്‍കുന്നു.

പൂക്കളാല്‍ ഒരുക്കിയ ഫാഷന്‍ ട്രെന്‍ഡുകള്‍ കാണിക്കുന്ന ഫാഷന്‍ സ്റ്റേജ് ബ്ലൂമിലെ കൌതുക കാഴ്ച്ചകളില്‍ ഒന്നാണ്.പിക്‌നിക് ഏരിയയിലും, ഐറിഷ് ക്രാഫ്റ്റ് വില്ലേജിലുമായി വിവിധ വിനോദപരിപാടികളും നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നല്‍കുകയെന്ന ലക്ഷ്യത്തോടെ ബഡ്ഡിങ്ങ് ബ്ലൂം എന്ന പേരില്‍ ഒരുക്കിയ ഇടം ബ്ലൂം 2015ലെ മറ്റൊരാകര്‍ഷണമാണ്.

നെവെന്‍ മക്വയര്‍, കാതറിന്‍ ഫുല്‍വിയോ തുടങ്ങിയ പാചകവിദഗ്ദ്ധര്‍ അണിനിരന്ന് ബോര്‍ഡ്ബിയ ക്വാളിറ്റി കിച്ചന്‍ സ്റ്റേജ് എന്ന പേരില്‍ പാചകമേളയും ബ്ലൂം 2015ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഫീനിക്‌സ്പാര്‍ക്കില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂം 2015ന്റെ ഉദ്ഘാടന ദിവസം മാത്രം 15,000 സന്ദര്‍ശകരാണെത്തിയത്. 2014 നെ അപേക്ഷിച്ച് 30 ശതമാനമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ്.

പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, പത്‌നി സബിന, ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ തുടങ്ങിയ പ്രമുഖരും സന്ദര്‍ശകരുടെ കൂട്ടത്തിലുണ്ട്.പുഷ്പ്പമേള നാളെ (തിങ്കള്‍)സമാപിക്കും 

Scroll To Top