Sunday December 04, 2016
Latest Updates

2014 അയര്‍ലണ്ടിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നെന്ന് റിപ്പോര്‍ട്ട്

2014 അയര്‍ലണ്ടിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: 2014 അയര്‍ലണ്ടിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം ശരാശരി താപനില 10.6 ഡിഗ്രിയായിരുന്നു. മെറ്റ് എറാനാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2007 ല്‍ അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയേക്കാള്‍ 0.2 ഡിഗ്രി  കൂടിയയിരുന്നു ഈ വര്‍ഷത്തെ ശരാശരി താപനില. 1945,1949, 1997, 2006, 2007 വര്‍ഷങ്ങളാണ് ഇതിന് മുമ്പ് അയര്‍ലണ്ടില്‍ കൂടിയ താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍. 

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസം പോര്‍ട്ട് ലീഷിലെ ഡരോയിലായിരുന്ന രേഖപ്പെടുത്തിയത്. ഇവിടെ ജൂലൈയിലെ ഒരു ദിവസം 28.8 ഡിഗ്രിയാണ് ഡരോയില്‍ ജൂലൈയില്‍ രേഖപ്പെടുത്തിയ താപനില. അയര്‍ലണ്ടില്‍ താപനില വര്‍ധിക്കുന്നത് ആഗോള താപനത്തിന്റെ ലക്ഷണമാണെന്ന് മെറ്റ് എറാനിലെ ക്ലൈമറ്റോളജിസ്റ്റ് സീമസ് വാല്‍ഷ് പറഞ്ഞു. 1990കള്‍ക്ക് മുമ്പ് ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ മാത്രമാണ് താപനില 10 ഡിഗ്രിക്ക് മുകളില്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ 90കള്‍ക്ക് ശേഷം താപനില തുടര്‍ച്ചയായി പത്ത് ഡിഗ്രിക്ക് മുകളിലേക്ക് പോകുന്നു. ഇത് പ്രകടമായ മാറ്റമാണെന്നും വാല്‍ഷ് പറഞ്ഞു. 

അയര്‍ലണ്ടില്‍ ഡബ്ലിനിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ വര്‍ഷമാണ് കടന്നു പോയത്. ഡബ്ലിന് പുറമേ മറ്റിടങ്ങളിലും താപനില ശരാശരിക്ക് മുകളില്‍ രേഖപ്പെടുത്തി. അയര്‍ലണ്ടിന് പുറമേ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും 2014 ല്‍ ചൂട് കൂടുതലായിരുന്നു. യൂറോപ്പില്‍ 1500ന് ശേഷമുള്ള ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 10.5 ഡിഗ്രിയായിരുന്നു യൂറോപ്പിലെ കഴിഞ്ഞ വര്‍ഷത്തെ താപനില. 2007 ലെ റെക്കോര്‍ഡ് താപനിലയേക്കാള്‍ 0.3 ഡിഗ്രി കൂടുതലാണു ഇത്. 

അയര്‍ലണ്ടില്‍ ഈ വര്‍ഷം ലഭിച്ച മഴയുടെ അളവിലും വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ശരാശരിയേക്കാള്‍ 131 ശതമാനം അധികം മഴ ലഭിച്ചു. പോര്‍ട്ട് ലീഷിലെ ക്ലോണാസ്ലീയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. ഇവിടെ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് 95.0 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് 1985 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്കിലുള്ള മഴയാണ്. 

Scroll To Top