Monday February 27, 2017
Latest Updates

2013- മറക്കാനാവാത്ത ഏഴു സംഭവങ്ങള്‍

2013- മറക്കാനാവാത്ത ഏഴു സംഭവങ്ങള്‍

അവിസ്മരണീമായ ഒരു പിടി ഓര്‍മകള്‍ ബാക്കിയാക്കി 2013പടിയിറങ്ങുകയാണ്. നീണ്ട ഒരാണ്ടിന്റെ ഇടവേളയില്‍ കൊച്ചു കേരളവും അനവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2013 ലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളത്രയും അനിശ്ചിതമായ മാറ്റങ്ങള്‍ കൊണ്ട് സജീവമായിരുന്നു കേരളത്തില്‍. ആശ്വസിക്കാനും ആശങ്കപ്പെടാനുമുള്ളവ അക്കൂട്ടത്തിലുണ്ട്. അവയില്‍ ഏറെ വാര്‍ത്താപ്രാധാന്യം വ്യത്യസ്ത മേഖലകളിലുള്ള ഏഴ് സംഭവങ്ങള്‍ വിലയിരുത്തുകയാണ് ഐറിഷ് മലയാളി ഇവിടെ….1 umman
1. ജനസമ്പര്‍ക്ക പരിപാടി കേരളമുഖ്യമന്ത്രിക്ക് ലോകത്തിന്റെ അംഗീകാരം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വ്വീസ് അവാഡ് ലഭിച്ചു. ലോകരാഷ്ട്രങ്ങളില്‍ നടക്കുന്ന ജനക്ഷേമ പദ്ധതികളെ അഞ്ച് മേഖലകളാക്കി തിരിച്ച് 2003 ലാണ് യു എന്‍ പ്രസ്തുത അവാഡ് ഏര്‍പ്പെടുത്തിയത്. ഏഷ്യാ പെസഫിക് മേഖലയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്.
ഓരോ ജില്ലകളിലേക്കും മുഖ്യമന്ത്രി നേരിട്ട് ചെന്ന് ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ രീതി. ഇടക്കാലത്ത് പ്രതിപക്ഷത്തില്‍ നിന്ന് പരിപാടിക്കെതിരെ ചില അവശബ്ദങ്ങളുയര്‍ന്നെങ്കിലും പിന്നീട് അവരും പിന്തുണയുമായി രംഗത്തെത്തുകയും തുടര്‍ന്ന് യു എന്‍ അവാഡ് നേടുകയും ചെയ്തതോടെ ജനസമ്പര്‍ക്കം വന്‍ വാര്‍ത്താ പ്രാധാന്യം നേടി.കേരളത്തിലെ സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കാന്‍ ആ പരിപാടിയ്ക്ക് കഴിഞ്ഞു.
പരിപാടിയുടെ സുതാര്യസ്വഭാവം, ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് ജനപ്രശ്‌നങ്ങളറിയാനുള്ള അവസരം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് യു എന്‍ അവാഡ്. ജൂണ്‍ 27 ന് ഖത്തറില്‍ നടന്ന ചടങ്ങില്‍ വെച്ച് യു എന്‍ ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് പുരസ്‌കാരം സമര്‍പ്പിച്ചു.2 sarita

2.സരിതയും സോളാറും പിന്നെ കേരള രാഷ്ട്രീയവും

ഏകദേശം ആറുമാസങ്ങള്‍ക്കു മുമ്പ് ഉയര്‍ന്ന് വന്ന സോളാര്‍ വിവാദം ഇപ്പഴും എരിഞ്ഞടങ്ങിയിട്ടില്ല. സോളാര്‍ പാനല്‍ സേവന ദാതാക്കളായ ടീം സോളാര്‍ എനര്‍ജി കമ്പനി നടത്തിയ കോടികളുടെ തട്ടിപ്പിന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള ഭരണ പക്ഷ മന്ത്രിമാര്‍ പിന്തുണ കൊടുത്തു എന്നതാണ് വിവാദത്തിന്റെ കാതല്‍. തട്ടിപ്പിലെ പ്രധാന കണ്ണി സരിതയും മറ്റൊരു പ്രതി ബിജുരാധാ കൃഷ്ണനും ഉമ്മന്‍ ചാണ്ടിയുടെ ഓഫീസുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്ന് പ്രതിപക്ഷവും അത് കേവലം ആരോപണം മാത്രമാണെന്ന് ഭരണപക്ഷവും ഉറച്ചു നിന്നു. തുടരന്വേഷണത്തില്‍ സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധമടക്കമുള്ള പ്രതിഷേ ധ പരമ്പരകള്‍ ലക്ഷ്യം കാണാതെ അവസാനിപ്പിച്ചു. സംഭവം ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിലാണ്.3 pinarayi

3.വിജയശ്രീലാളിതനായി പിണറായി

ഏറെ കാലമായി കേരള രാഷ്ട്രീയത്തിലെ ഹിറ്റ് വിവാദമായിരുന്ന ലാവിലിന്‍ കേസില്‍ നിന്ന് സി പി എം ജനറല്‍ സെക്രട്ടറി പിണറായി വിജയനെ ഇക്കഴിഞ്ഞ നവമ്പര്‍ അഞ്ചിന് കോടതി കുറ്റവിമുക്തനാക്കി, കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ് ലിനുമായി ഇടുക്കി ജില്ലയിലെ വൈദ്യുതി പദ്ധതിക്കു വേണ്ടിയുണ്ടാക്കിയ കരാറില്‍ പിണറായി മുന്നൂറ് കോടിയിലധികം രൂപ അനധികൃതമായി സ്വന്തമാക്കി എന്നതാണ് ആരോപണം. രാഷ്ട്രീയ എതിരാളികള്‍ക്കപ്പുറം പാര്ട്ടിക്കകത്ത് നിന്ന് തന്നെയുള്ള വി എസ് പക്ഷം തനിക്കെതിരെ നിരന്തരം എടുത്തുപയോഗിച്ചിരുന്ന ഈ രാഷ്ട്രീയ ഭൂതത്തെ പാര്‍ട്ടിയുടെ സഹായത്തോടെ പിണറായി സധൈര്യം നേരിടുകയും അവസാനം വിജയം വരിക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി സാമ്പത്തിക തട്ടിപ്പിന് ആരോപണ വിധേയനാവുന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി.Illegal immigrant workers wait in line at the Saudi immigration offices at the Alisha area, west of Riyadh

4.പ്രവാസികളെ വിറപ്പിച്ച നിത്വാഖാത്ത്

രാജ്യത്തെ പൊതു സ്വാകാര്യ മേഖലകളിലുള്ള എല്ലാ കമ്പനികളും പത്ത് ശതമാനം സ്വദേശികള്‍ക്കായി സംവരണം ചെയ്യണമെന്ന സൌദി സര്‍ക്കാറിന്റെ സ്വദേശി വല്‍ക്കരണ നിയമം (നിത്വാഖാത്ത്) ഇരുപത് ലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളെ വെട്ടിലാക്കി. ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഇത് കാര്യമായി ബാധിച്ചു. തദ്വിഷയത്തില്‍ ഇന്ത്യ നേരിട്ട് സൌദി അധികൃതരുമായി സംസാരിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ രൂപം കൊടുത്തെങ്കിലും നിത്വാഖാത്ത് കെടുതി അനുഭവിക്കുന്ന പരസഹസ്രം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.kottiyoor

5.ഗാഡ്ഗില്‍, കസ്തൂരി രംഗന്‍: പ്രതിഷേധം പശ്ചിമഘട്ടത്തോളം

പശ്ചിമഘട്ടം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും അത് വിവാദമായതിനെ തുടര്ന്ന് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ നിയോഗിച്ച കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. നവമ്പര്‍ മാസത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതായി വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്രഗവണ്‍മെന്റിന്റെ നടപടി അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല. പശ്ചിമ ഘട്ടത്തെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളാണ് റിപ്പോര്ട്ടിലുള്ളതെന്ന കക്ഷിരാഷ്ട്രീയ ഭേദമന്യേ ഉയര്‍ന്ന ആശങ്ക പരിഗണിച്ചായിരുന്നു ഇത്. തുടര്‍ന്ന് റിപ്പോര്‍ട്ട് നടപ്പാക്കിയത് അന്തിമമല്ലെന്നും സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമേ പൂര്‍ണമായി നടപ്പാക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി. ഇപ്പോള്‍ ഇതേ വിഷയത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് പഠിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു സമിതിയെ നിശ്ചയിച്ചിരിക്കയാണ്.0ias

6.അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിന് റാങ്കിന്‍ തിളക്കം
അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ഒന്നാം റാങ്കെത്തി.രണ്ടായിരത്തി പതിമൂന്നില്‍ പ്രഖ്യാപിച്ച പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ ആദ്യ അഞ്ച് റാങ്കുകളില്‍ മൂന്നും മലയാളികള്‍ക്കാണ്. തിരുവനന്തപുരം സ്വദേശി ഹരിത വി കുമാര്‍, ഏറണാംകുളം സ്വദേശി ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ഏറണാകുളം സ്വദേശിതന്നെയായ ആല്‍ബി ജോണ്‍വര്‍ഗീസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും നാലും റാങ്കുകള്‍ നേടി കേരളത്തിന്റെ അഭിമാനങ്ങളായി. ഇതിന് മുമ്പ് 1991 ല്‍ രാജു നാരായണസ്വാമിയാണ് കേരളത്തില്‍ നിന്ന്അഖിലേന്ത്യാ സിവില്‍ സര്‍വ്വീസില്‍ ഒന്നാം റാങ്ക് നേടിയത്Sreshta-bhasha-Malayalam (1)
.
7.മധുര മലയാളം ഇനി ശ്രേഷ്ട ഭാഷ
1500 വര്‍ഷത്തെ പൈതൃകമുള്ള മലയാള ഭാഷ ഈ വര്‍ഷത്തോടെ ശ്രേഷ്ടഭാഷയായി ഉയര്‍ത്തപ്പെട്ടു. മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളുടെ നിരന്തര പ്രയസമ്മര്‍ദ്ദങ്ങള്‍ക്കവസാനം കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറില്‍ മലയാളത്തിന് പ്രസ്തുത പദവി നല്‍കാമെന്ന് സാംസ്‌കാരിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയും വിഷയം കേന്ദ്രമന്ത്രി സഭക്ക് വിട്ടതിന്റെ പശ്ചാത്തലത്തില്‍ സഭ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മലയാളത്തെ ശ്രേഷ്ട ഭാഷയായി അംഗീകരിക്കുകയുമായിരുന്നു.
മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം നേരത്തെ ശ്രേഷ്ട ഭാഷാ പദവി ലഭിച്ചിരുന്നു. പ്രസ്തുത പദവി ലഭിച്ചതോടെ ഭാഷാപുരോഗതിക്കായി നൂറു കോടിരൂപ കേന്ദ്ര സഹായം ലഭിക്കുകയും യു ജി സി പ്രത്യേക പഠന കേന്ദ്രം സ്ഥാപിക്കുകയും ചെയ്യും.

Scroll To Top