Sunday December 11, 2016
Latest Updates

സ്വാതന്ത്ര്യമുന്നേറ്റ ശതാബ്ദി; ജീവന്‍ നല്‍കിയവരെ ആദരിച്ച് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്; രാജ്യം ആഘോഷ ലഹരിയില്‍

സ്വാതന്ത്ര്യമുന്നേറ്റ ശതാബ്ദി; ജീവന്‍ നല്‍കിയവരെ ആദരിച്ച് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്; രാജ്യം ആഘോഷ ലഹരിയില്‍

ഡബ്ലിന്‍: 1916ലെ ഈസ്റ്റര്‍ റൈസിങ്ങില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയവരെ ആദരിച്ചു കൊണ്ട് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് പാര്‍നല്‍ സ്‌കയറിലെ ഗാര്‍ഡന്‍ ഓഫ് റിമംബ്രന്‍സില്‍ പുഷ്പചക്രം അര്‍പ്പിച്ചു. അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യത്തിന് വിത്തു പാകിയ ഈസ്റ്റര്‍ റൈസിങ്ങിന്റെ ശതാബ്ദ് ആഘോഷങ്ങള്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കും. നേരത്തെ പ്രസിഡന്റിന്റെ പത്‌നി സബിന ഹിഗ്ഗിന്‍സ് കൗണ്ടസ് കോണ്‍സ്റ്റന്‍സ് മാര്‍ക്കിയേവിച്ചിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് ആദരിച്ചിരുന്നു.

സ്ത്രീകള്‍ക്കും ഈസ്റ്റര്‍ റൈസിങ്ങിന്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കാരായ കുട്ടികള്‍ക്കും ഇത്തവണത്തെ വാര്‍ഷികാചരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. ഐറിഷ് വളണ്ടിയര്‍മാര്‍, പ്രത്യേക ക്ഷണിതാക്കളായെത്തിയ പ്രതിരോധ രംഗത്തു നിന്നും വിരമിച്ചവര്‍, രാഷ്ട്രീയ നേതാക്കള്‍, ഈസ്റ്റര്‍ റൈസിങ്ങില്‍ പങ്കെടുത്തവരുടെ പിന്തുടര്‍ച്ചക്കാര്‍ എന്നിങ്ങനെ നിരവധി പേര്‍ ഗാര്‍ഡന്‍ ഓഫ് റിമംബ്രന്‍സില്‍ സന്നിഹിതരായിരുന്നു. കാവല്‍ പ്രധാനമന്ത്രിയായ എന്‍ഡ കെന്നിയും ചടങ്ങില്‍ പങ്കെടുത്തു. വിപ്ലവത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി പ്രസിഡന്റിന്റെ പ്രത്യേക കൂടിക്കാഴ്ച ഒരുക്കിയിട്ടുണ്ട്.

ബ്രിട്ടനെതിരെ 1916 ഏപ്രില്‍ 24 മുതല്‍ ഒരാഴ്ച നീണ്ടുനിന്ന സ്വാതന്ത്ര്യ പോരാട്ടമാണ് രാജ്യത്തെ വിഭജിക്കാനും സ്വതന്ത്ര്യ റിപ്പബ്ലിക് കെട്ടിപ്പടുക്കാനും കാരണമായത്. തുടര്‍ന്ന് അയര്‍ലണ്ടും നോര്‍ത്തേണ്‍ അയര്‍ലണ്ടും രൂപീകൃതമായി. പോരാട്ടത്തില്‍ 1,350ഓളം പേര്‍ കൊല്ലപ്പെടുകയും 3,430 പുരുഷന്മാരെയും 79 സ്ത്രീകളെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോരാട്ടത്തിന് നേതൃത്വം നല്‍കിയ പാട്രിക് പിയേഴ്‌സ്, ജെയിംസ് കോണലി തുടങ്ങി 15 പേരെ വെടിവച്ചു കൊല്ലുകയും ചെയ്തു.

ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡബ്ലിനില്‍ നടക്കുന്ന പടുകൂറ്റന്‍ പരേഡില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. രാജ്യത്തെ 200 വേദികളിലായി കലാപരിപാടികളും അരങ്ങേറും. ഡബ്ലിനു പുറമെ ആതന്റി, കോര്‍ക്ക്, എന്നിസ്‌കോര്‍ത്തി, ആഷ്‌ബേണ്‍ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്

Scroll To Top