Friday December 09, 2016
Latest Updates

മുംബൈ സ്‌ഫോടനക്കേസ്; യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

മുംബൈ സ്‌ഫോടനക്കേസ്; യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ടാഡാ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്ന യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷയെ ചോദ്യം ചെയ്ത് യാക്കൂബ് മേമന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി കോടതി തള്ളി.

ജസ്റ്റീസ് അനില്‍ ആര്‍ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് പുനപരിശോധനാ ഹര്‍ജി തള്ളിയത്. യാക്കൂബ് മേമന് നല്‍കിയ വധശിക്ഷയില്‍ കോടതി ഇടപേണ്ട ഒരു സാഹചര്യവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. 2013 മാര്‍ച്ച് 21ന് മേമന്റെ വധശിക്ഷ കോടതി ശരിവെച്ചതായിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ആളുകളുടെ മരണത്തിലേക്ക് വഴിവെച്ച ബോംബുകള്‍ സ്ഥാപിച്ചതില്‍ ഒരു പങ്കുമില്ലെന്നായിരുന്നു യാക്കൂബ് മേമന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ജസ്പാല്‍ സിംഗാണ് മേമന് വേണ്ടി ഹാജരായത്.

ടാഡാ നിയമപ്രകാരം വധശിക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന അഭിഭാഷകന്റെ വാദങ്ങള്‍ കോടതി മുഖവിലയ്ക്ക് എടുത്തില്ല.

നിലവില്‍ നാഗ്പൂര്‍ ജയിലിലാണ് മേമനെ താമസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മേമന്റെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നതിനാല്‍ ഇനി മഹാരാഷ്ട്ര സര്‍ക്കാരിന് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി തീരുമാനിക്കാം.

Scroll To Top