Tuesday December 06, 2016
Latest Updates

1984ലെ സിഖ് വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

1984ലെ സിഖ് വിരുദ്ധ കലാപ കേസുകള്‍ പുനരന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസുകളില്‍ പുനരന്വേഷണത്തിന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കലാപവുമായി ബന്ധപ്പെട്ട 225ഓളം കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയേക്കും.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 225 കേസുകളില്‍ പുനരന്വേഷണം ശിപാര്‍ശ ചെയ്ത് ജസ്റ്റിസ് ജി.പി മഥുറിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേരത്തെ ഈ കേസുകളില്‍ തെളിവുകള്‍ അട്ടിമറിക്കപ്പെട്ടതിനാല്‍ പുതിയ അന്വേഷണം തന്നെ വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തെ മൂന്ന് ദിവസത്തിനകം തീരുമാനിക്കും.

സിഖ് വിരുദ്ധ കലാപ കേസുകളില്‍ പുനരന്വേഷണ സാധ്യത പരിശോധിക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് ജസ്റ്റീസ് ജി പി മഥുറിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ 45 ദിവസത്തിനകം തന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് കോടതി പരിഗണിച്ച കേസുകളില്‍ പുനരന്വേഷണം സാധ്യമല്ല. അതേസമയം കോടതിയിലെത്തും മുമ്പ് പൊലിസ് അന്വേഷണമവസാനിപ്പിച്ച കേസുകളില്‍ വീണ്ടും അന്വേഷണമാകാമെന്നും കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഡല്‍ഹി പൊലിസ് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് കലാപത്തില്‍ ഇരയായവരുടെ ബന്ധുക്കളുടെ ആരോപിണം. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകനാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രക്തപങ്കിലമായ സിഖ് വിരുദ്ധ കലാപം അരങ്ങേറിയത്. കലാപത്തില്‍ 3000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സിഖ് വോട്ടുകള്‍ അനുകൂലമാക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ കെജ്രിവാള്‍ ആരോപിച്ചു.

Scroll To Top