Friday December 09, 2016
Latest Updates

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ആ ദിവസം !(വീഡിയോ)

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ആ ദിവസം !(വീഡിയോ)

ഇതാണ് ആ പഴകിപ്പോയ പച്ചപ്പുകള്‍ വീണ്ടും തളിര്‍ക്കുന്ന സമയം
മോഹിപ്പിക്കുന്ന സുന്ദരി പിറന്നിരിക്കുന്നു.’
വില്യം ബട്‌ലര്‍ യീറ്റ്‌സ്
(അയര്‍ലണ്ടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഐറിഷ് കവി 1916 സപ്തംബര്‍ 21ന് എഴുതിയത്)
സ്റ്റര്‍ വാരത്തിലായിരുന്നു തുടക്കം. 1916 ഏപ്രില്‍ 24ന് 1,200 യുവാക്കള്‍ ആയുധങ്ങളുമായി ഡബ്ലിന്‍ നഗരമധ്യത്തില്‍ ഒരുമിച്ചുകൂടി. ജെയിംസ് കൊണോലിയായിരുന്നു അവരുടെ നേതാവ്. പാട്രിക് പിയേഴ്‌സണ്‍, ടോം ക്ലാര്‍ക്ക്, സിയാന്‍ മക്‌ഡെര്‍മോട്ട്, ജോസഫ് പ്ലാങ്കറ്റ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ബ്രിട്ടിഷ് സൈന്യത്തില്‍ പോരാടിയതിന്റെ അനുഭവസമ്പത്തുള്ള ഐറിഷ് റിപബ്ലിക്കന്‍ ബ്രദര്‍ഹുഡ് നേതാക്കളായിരുന്നു അവര്‍. ജനറല്‍ പോസ്റ്റ് ഓഫിസ് പിടിച്ചെടുത്ത ഐറിഷ് പോരാളികള്‍ അവിടെ തങ്ങളുടെ ആസ്ഥാനമായി പ്രഖ്യാപിച്ച് പതാക നാട്ടി. നൂറ്റാണ്ടുകള്‍ നീണ്ട അയര്‍ലണ്ടിലെ ബ്രിട്ടിഷ് അധിനിവേശത്തിന് അന്ത്യംകുറിച്ച ഈസ്റ്റര്‍ വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.
100 വര്‍ഷത്തിനിപ്പുറവും ഐറിഷ് വിപ്ലവത്തിന്റെ കഥകള്‍ക്ക് 12ാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ മലനിരകളില്‍ വില്യംവാലസ് എന്ന കുതിരപ്പോരാളി നയിച്ച ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ അതിശയങ്ങളുടെ മേല്‍പ്പാളിയുണ്ട്.
തുടര്‍ന്നുള്ള ആറു ദിവസങ്ങള്‍ നിര്‍ണായകമായിരുന്നു അയര്‍ലണ്ടിന്. കൊണോലിയും സംഘവും ഡബ്ലിനിലെ നഗരഹൃദയം പിടിച്ച അതേസമയത്ത് അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ഏതൊരു വിപ്ലവത്തിന്റെയും തുടക്കംപോലെ തെരുവുകള്‍ കീഴടക്കിയ ഐറിഷ് പോരാളികള്‍ തെരുവുകളെ നിയന്ത്രണത്തിലാക്കി.സൈന്യത്തെ തടയാന്‍ ഫര്‍ണിച്ചറുകളും പാഴ്‌വസ്തുക്കളും കൊണ്ട് വെടിമറകള്‍ നിര്‍മിച്ചു.
തെരുവുകളില്‍ വിപ്ലവത്തിന്റെ കവിതകളും മുദ്രാവാക്യങ്ങളുമുയര്‍ന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങള്‍ സമാനമായിരുന്നില്ല. ബ്രിട്ടിഷ് പീരങ്കിസൈന്യം ഐറിഷുകാരെ അതിവേഗത്തില്‍ തകര്‍ത്തു. ഏപ്രില്‍ 19ന് പോരാട്ടം അവസാനിച്ചു. പലരും കീഴടങ്ങി. കീഴടങ്ങിയവരില്‍ പ്രധാനികളെ കൊലപ്പെടുത്തി. എന്നാല്‍, സ്വാതന്ത്ര്യസമരത്തിന് അയര്‍ലണ്ടില്‍ പിന്തുണയേറിവരുകയായിരുന്നു.
ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തു തളര്‍ന്നുനിന്ന ഇംഗ്ലീഷുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. 1918ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടുകാരുടെ ദേശീയ പ്രസ്ഥാനമായ ഷിന്‍ ഫെയിന്‍ പാര്‍ട്ടി 105ല്‍ 73 സീറ്റും നേടി. സ്വതന്ത്ര പരമാധികാര അയര്‍ലണ്ട് എന്ന സങ്കല്‍പ്പമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്.

1919 ജനുവരി 21ന് അയര്‍ലണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. യുനൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് അയര്‍ലണ്ടില്‍ നിന്നും വേര്‍പ്പെട്ട് ഐറിഷ് റിപ്പബ്ലിക് നിലവില്‍ വന്നതായി സ്വാതന്ത്ര്യ സമരനേതാക്കള്‍ പ്രഖ്യാപിച്ചു. കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. അന്ന് വൈകീട്ട് ഐറിഷ് വോളന്റിയര്‍മാര്‍ സോളോ ഹെഡ്‌ബെഗില്‍ ആക്രമണം നടത്തി പോലിസുകാരെ കൊലപ്പെടുത്തി. 12ആം നൂറ്റാണ്ടിനപ്പുറം നീണ്ട ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്.
1914 സപ്തംബറില്‍ തന്നെ ഐറിഷ് റിപബ്ലിക് ബ്രദര്‍ഹുഡിന്റെ സുപ്രിംകൗണ്‍സില്‍ വിപ്ലവത്തിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.യുകെ സര്‍ക്കാര്‍ ജര്‍മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച കാലമായിരുന്നു അത്. ജര്‍മനിയുടെ സഹായം തേടാന്‍ ബ്രദര്‍ഹുഡ് തീരുമാനിച്ചു. ടോം ക്ലാര്‍ക്കിനും സിയാന്‍ മക്‌ഡെര്‍മോട്ടിനുമായിരുന്നു ആസൂത്രണത്തിന്റെ ചുമതല.
ചെറുസംഘമായിരുന്നെങ്കിലും അഭിപ്രായവ്യത്യാസത്തിനും പിളര്‍പ്പിനും കുറവുണ്ടായിരുന്നില്ല.യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കണോ വേണ്ടയോ എന്ന കാര്യമായിരുന്നു തര്‍ക്കവിഷയങ്ങളിലൊന്ന്. സ്വാതന്ത്ര്യസമരമാണെങ്കിലും ജനകീയ പിന്തുണ കുറവായിരുന്നു. ജര്‍മന്‍ പിന്തുണ തേടി ജോസഫ് പ്ലാങ്കറ്റ് ജര്‍മനിയിലെത്തി. ജര്‍മനിയില്‍ ജോലിചെയ്യുന്ന ഐറിഷ് ബുദ്ധിജീവി റോജര്‍ കെയ്‌സ്‌മെന്റുമായി ചേര്‍ന്ന് അധികൃതരോട് സഹായംതേടി. സഹായവാഗ്ദാനം ലഭിക്കുകയും ചെയ്തു. ബ്രദര്‍ഹുഡിന്റെ പദ്ധതികളെക്കുറിച്ച് ഐറിഷ് സിറ്റിസണ്‍ ആര്‍മിയുടെ നേതാവായിരുന്ന കൊണോലിക്ക് അറിയില്ലായിരുന്നു.
മറ്റുള്ളവര്‍ വിപ്ലവം നടത്തുന്നില്ലേല്‍ താന്‍ ഉടനെ നടത്തുമെന്ന് കൊണോലി പ്രഖ്യാപിച്ചു.എന്നാല്‍, ബ്രദര്‍ഹുഡ് നേതാക്കള്‍ അദ്ദേഹത്തെ കണ്ട് ഒന്നിച്ചാവാമെന്നു പറഞ്ഞു.പോരാട്ടം തുടങ്ങിയപ്പോള്‍ കാര്യമായ ജര്‍മന്‍ സഹായമൊന്നും ലഭിച്ചില്ല.

വിപ്ലവത്തിന്റെ അന്ന് പോസ്റ്റ് ഓഫിസിന് പിന്നാലെ നാലു കോടതികളും ഒരു ബിസ്‌കറ്റ് ഫാക്ടറിയും സംഘം പിടിച്ചു.എന്നാല്‍, അയര്‍ലണ്ടിലെ ബ്രിട്ടിഷ് ഭരണത്തിന്റെ കേന്ദ്രമായ ഡബ്ലിന്‍ കോട്ട പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.തൊട്ടടുത്തുള്ള സിറ്റിഹാളില്‍ തമ്പടിച്ചവര്‍ കോട്ട ആക്രമിക്കാനുള്ള പദ്ധതി മെനഞ്ഞു.
നഗരഹൃദയത്തിലെ ട്രിനിറ്റി കോളജ് പിടിച്ചെടുക്കുന്നതിലും പരാജയപ്പെട്ടു.ഫീനിക്‌സ് പാര്‍ക്കും മാന്ഷന്‍ കോട്ടയും ആക്രമിച്ച സ്വാതന്ത്ര്യസമരസംഘത്തിന് ആക്രമണം നടത്താന്‍ മറ്റു സംഘങ്ങള്‍ക്ക് സിഗ്‌നല്‍ നല്‍കണമായിരുന്നു.ഇതിനായി അവര്‍ സ്‌ഫോടകവസ്തുക്കള്‍ തിരഞ്ഞു. എന്നാല്‍, ഒന്നും കൈയില്‍ കിട്ടിയില്ല. സ്വാതന്ത്ര്യസമര പോരാളികളുടെ ആക്രമണം ശക്തമായിരുന്നെങ്കിലും കാര്യമായ വിജയമൊന്നുമുണ്ടായില്ല.

നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു.ഈ സ്റ്റേഷനുകളിലൂടെ ബ്രിട്ടിഷ് അധികൃതര്‍ കൂടുതല്‍ സൈനികരെ ഇറക്കി. ബ്രിട്ടിഷ് സൈന്യം ഷെല്ലാക്രമണം തുടങ്ങി. കൊണോലിക്ക് വെടിയേറ്റു. വൈകാതെ കീഴടങ്ങാന്‍ പിയേഴ്‌സണ്‍ സഹപ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. ഐറിഷ് പോരാളികള്‍ ബ്രിട്ടിഷ് ജനറല്‍ ജോണ്‍ മാക്‌സ്‌വെല്ലിനു മുന്നില്‍ കീഴടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് 79 സ്ത്രീകള്‍ ഉള്‍പ്പെടെ 3,430 പേര്‍ അറസ്റ്റിലായി. കോര്‍ട്ട്മാര്‍ഷലിനു ശേഷം 90 പേരെ വധശിക്ഷയ്ക്ക് വിധിച്ചു.എന്നാല്‍, നഗരങ്ങളില്‍ കീഴടങ്ങിയപ്പോഴും ഗ്രാമങ്ങളില്‍ പോരാട്ടം തുടര്‍ന്നു. ചെറുസംഘങ്ങളായായിരുന്നു ഐറിഷ് പോരാളികള്‍ പൊരുതിയിരുന്നത്. ഓരോ സംഘവും തമ്മില്‍ പരസ്പരധാരണയൊന്നുമുണ്ടായിരുന്നില്ല.എങ്കിലും 1916ലെ ഈസ്റ്റര്‍ ദിനത്തില്‍ തെരുവുകളില്‍ ഉയര്‍ന്ന കവിതകളാണ് സ്വതന്ത്ര അയര്‍ലണ്ട് എന്ന ലക്ഷ്യത്തിന് പിന്നീട് ഊടും പാവുമായത്.
ബ്രിട്ടനോടുള്ള പോരാട്ടത്തിന്റെ ധീരമായ മധുരസ്മരണകളാണ് പഴയതലമുറ സൂക്ഷിച്ചത്.ഐറിഷ് സ്വാതന്ത്ര്യ പോരാട്ടം ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിനും വഴികാട്ടിയായി.അത് കൊണ്ട് തന്നെ അയര്‍ലണ്ടുമായി ബന്ധം സ്ഥാപിച്ചിരിക്കുന്ന മിക്ക രാജ്യങ്ങളിലും ഐറിഷ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഈ മാസം നടക്കുന്നുണ്ട്.
RCJ
(പുന:പ്രസിദ്ധീകരണം:കഴിഞ്ഞ മാസം ഐറിഷ് മലയാളി പ്രസിദ്ധീകരിച്ചത്)

Scroll To Top