Sunday February 26, 2017
Latest Updates

13 വയസുമുതല്‍ വൈദികന്റെ ലൈംഗീക പീഡനത്തിനിരയായ ഐറിഷ്‌കാരി ,മാര്‍പാപ്പയുടെ സമിതിയില്‍

13 വയസുമുതല്‍ വൈദികന്റെ ലൈംഗീക പീഡനത്തിനിരയായ ഐറിഷ്‌കാരി ,മാര്‍പാപ്പയുടെ സമിതിയില്‍

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കെതിരേയുള്ള ക്രൈസ്തവ പുരോഹിതരുടെ ലൈംഗികാതിക്രമത്തിനെതിരേ ഡബ്ലിനിലെ മേരി കോളിന്‍സ് നടത്തുന്ന പോരാട്ടത്തെ ഒടുവില്‍ സഭയും അംഗീകരിച്ചു. ഇക്കാര്യം നിരീക്ഷിക്കുന്നതിനായും അക്കാര്യം സഭയെ വേണ്ടപോലെ അറിയിക്കുന്നതിനായും പോപ്പ് ഫ്രാന്‍സിസ് രൂപം കൊടുത്ത എട്ടംഗ സമിതിയിലേക്ക് കോളിന്‍സിനെ നിയോഗിച്ചതും ഈ പോരാട്ട മികവ് കൊണ്ട് തന്നെ.

മേരി കോളിന്‍സിനെ ഒരു സാധാരണ പേപ്പല്‍ ഉപദേശകയായി ആരും കരുതേണ്ട. ഒരു വൈദികനാല്‍ ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാകുകയും പിന്നീട് പുരോഹിത ലൈംഗിക ദുരുപയോഗങ്ങള്‍ക്കെതിരേയും കത്തോലിക്കാ സഭ വിഷയം കൈകാര്യം ചെയ്യുന്ന രീതിയുടെ ഏറ്റവും വലിയ വിമര്‍ശകയുമായി മാറിയ കോളിന്‍സ് അയര്‍ലണ്ടിലെ ശ്രദ്ധേയയായ സാമൂഹ്യ പ്രവര്‍ത്തകയാണ് .

പുരോഹിതരുടെ ലൈംഗിക പീഡനങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള കാര്യത്തില്‍ സഭയ്ക്ക് വേണ്ട കാര്യങ്ങളില്‍ സഹായിക്കുന്ന എട്ടംഗ സമിതിയിലെ നാലു സ്ത്രീകളില്‍ ഒരാളാണ് കോളിന്‍സും. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ക്ക് വത്തിക്കാനെക്കൊണ്ട് കര്‍ശന ശിക്ഷ്‌കൊടുപ്പിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് മേരി കോളിന്‍സ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബിഷപ്പുമാരുടെ അംഗീകാരമില്ലാത്ത അവര്‍ അവഗണിക്കുന്ന സ്വര്‍ണ്ണം പൂശിയ ശിശുസംരക്ഷണ നിയമങ്ങളല്ല തന്റെ മനസ്സിലുള്ളതെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ജനരോഷത്തിന് കാരണം പീഡകരുടെ സമൂഹത്തിലെ പദവി മാത്രമല്ല. അവരുടെ പദവി കുറ്റങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് നല്‍കുന്ന സംരക്ഷണമാണെന്നും കോളിന്‍സ് പറഞ്ഞു.

കത്തോലിക്കാ സഭയ്ക്ക് പരമ്പരാഗതമായി ശക്തമായ സ്വാധീനമുള്ള അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും സഭയുടെ വിശ്വസ്തതയെ ബാധിക്കുന്ന വിധത്തില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നതും അക്കാര്യത്തിന് സഭ വേണ്ടത്ര പരിഗണന നല്‍കാത്തതുമായ സാഹചര്യത്തിലാണ് കമ്മീഷനെ പോപ്പ് പ്രഖ്യാപിച്ചത്. തന്റെ ജോലിയില്‍ വീഴ്ച വരുത്തുന്ന ബിഷപ്പിനെതിരേ നടപടിയെടുക്കേണ്ടത് സഭയാണ്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ സഭാ ഉന്നതര്‍ അവരെ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് കാര്യം നോക്കുകയാണ് കമ്മീഷനില്‍ നിക്ഷിപ്തമായിട്ടുള്ള ഒരു ജോലി.

തുടര്‍ച്ചയായി നിരാശരായിക്കൊണ്ടിരിക്കുന്ന ഇരകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഒരു അവസരം എന്നാണ് കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് കോളിന്‍സിന്റെ വിശദീകരണം. സഭ കുറ്റവാളികളെ സംരക്ഷിക്കാന്‍ കാണിക്കുന്ന നടപടികളെ വിമര്‍ശിക്കാന്‍ പറ്റിയ അവസരം എന്നത് കൊണ്ടാണ് താന്‍ കമ്മീഷനില്‍ അംഗമാകുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചതെന്നും എന്നാല്‍ ഇതുകൊണ്ട് എല്ലാം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ 1960 ല്‍ റവ. പോള്‍ മക്ഗനിസിന്റെ ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയാണ് കോളിന്‍സ്. ഒരു ദശകത്തോളം ഉത്ക്കണ്ഠ, വിഷാദം, അകാരണഭയം തുടങ്ങിയ പ്രശ്‌നങ്ങളുമായി ദീര്‍ഘനാളായി ആശുപത്രിയിലും പുറത്തുമായി കഴിഞ്ഞ കോളിന്‍സ് ഒടുവില്‍ തന്റെ ചൂഷകനെതിരെ സധൈര്യം രംഗത്ത് വരികയും അയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. 1997 ല്‍ സഭ വൈദിക പദവി അഴിച്ചുമാറ്റിയ ഇയാളെ പിന്നീട് തടവിന് ശിക്ഷിച്ചു. നീണ്ട പത്തുവര്‍ഷക്കാലമാണ് താന്‍ ആരോടും ഒന്നും സംസാരിക്കാതെ കഴിച്ചു കൂട്ടിയതെന്ന് ഇവര്‍ പറയുന്നു.

Scroll To Top