Saturday December 03, 2016
Latest Updates

1,2,3….ഡയലോഗ് പറഞ്ഞ് എംഎം മണി സിനിമയിലേക്ക്

1,2,3….ഡയലോഗ് പറഞ്ഞ് എംഎം മണി സിനിമയിലേക്ക്

ഇടുക്കി: രാഷ്ട്രീയത്തില്‍ തീപ്പൊരി ഡയലോഗ് പറയുന്ന സിപിഎം നേതാവ് എംഎം മണി സിനിമയിലേക്ക്. ഇടുക്കിക്കാര്‍ സ്‌നേഹപൂര്‍വ്വം മണിയാശാന്‍എന്ന് വിളിക്കുന്ന എംഎം മണി എന്തും വെട്ടിത്തുറന്നു പറയുന്ന നേതാവാണ്. അങ്ങനെ ഒരു പ്രസംഗ വേദിയില്‍ അദ്ദേഹം അടിച്ചു വിട്ട 1,2,3…. ഡയലോഗ് എംഎം മണിയെ ജയിലിലാക്കുകയും ചെയ്തിരുന്നു. മുന്നും പിന്നും നോക്കാതെയുള്ള ഈ പ്രസംഗ ശൈലിയാണ് എംഎം മണിയെ സിനിമയില്‍ എത്തിച്ചത്.

ബിജു സി. കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഇരുവഴി പിരിയുന്ന ഇടം’ എന്ന സിനിമയിലൂടെയാണ് മണിയാശാന്‍ സിനിമയില്‍ അരങ്ങേറുന്നത്. കലാഭവന്‍ മണിയാണ് സിനിമയില്‍ നായകന്‍. ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകേണ്ടി വന്ന ഒരു ഗ്രാമീണന്റെ വേഷമാണ് സിനിമയില്‍ എംഎം മണി അഭിനയിക്കുന്നത്. ഈ കഥാപാത്രത്തില്‍ ആരെ അഭിനയിപ്പിക്കുമെന്ന് ചിന്തിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് എംഎം മണിയുടെ പേരാണെന്ന് സംവിധായകന്‍ പറഞ്ഞു.

കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അടുത്ത ആഴ്ച എംഎം മണി സിനിമയുടെ സെറ്റില്‍ എത്തിച്ചേരും. കലാഭവന്‍ മണിയെക്കൂടാതെ അനൂപ് ചന്ദ്രന്‍, ശ്രീകുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്.  പി.സി. ജോര്‍ജ്, ടി.എന്‍. പ്രതാപന്‍, തോമസ് ഉണ്ണിയാടന്‍, ജോസ് തെറ്റയില്‍, പുരുഷന്‍ കടലുണ്ടി, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, സുരേഷ് കുറുപ്പ് എന്നീ നേതാക്കള്‍ നേരത്തെ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്.

Scroll To Top