Sunday December 11, 2016
Latest Updates

വിഎസ് തിരുവിതാംകൂര്‍ കൊട്ടാരത്തിലെ തോട്ടം തൊഴിലാളി ആയിരുന്നെന്ന് മുന്‍ ക്ഷേത്രം ജീവനക്കാരന്‍

വിഎസ് തിരുവിതാംകൂര്‍ കൊട്ടാരത്തിലെ തോട്ടം തൊഴിലാളി ആയിരുന്നെന്ന് മുന്‍ ക്ഷേത്രം ജീവനക്കാരന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പൂന്തോട്ട തൊഴിലാളി ആയിരുന്നെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പറഞ്ഞിട്ടുണ്ടെന്ന് പത്മനാഭസ്വാമിക്ഷേത്രം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍. തോട്ടം തൊഴിലാളി ആയിരുന്നതിനാലാണ് വി എസ് തന്നോട് വൈരാഗ്യം കാണിക്കുന്നതെന്നും മാര്‍ത്താണ്ഡവര്‍മ്മ പറഞ്ഞിട്ടുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുന്‍ ക്ഷേത്രം ജീവനക്കാരന്‍. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മ പായസപ്പാത്രത്ത്തില്‍ സ്വര്‍ണ്ണം കടത്തുന്നു എന്നായിരുന്നു വിഎസിന്റെ ആരോപണം.

ഈ ആരോപണം ഉന്നയിച്ച സമയത്ത് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വേണ്ടി വക്കീല്‍ നോട്ടീസ് തയ്യാറാക്കിയിരുന്നെന്നും എന്നാല്‍ അദ്ദേഹം അതില്‍ ഒപ്പിട്ടില്ലെന്നും മുന്‍ ക്ഷേത്ര ജീവനക്കാരന്‍ പറയുന്നു. വി.എസ്. പറഞ്ഞോട്ടെ, ഒരു പൂര്‍വ്വബന്ധമുള്ളതിനാലാണ് അതെന്നാണ് മാര്‍ത്താണ്ഡവര്‍മ്മ പറഞ്ഞിരുന്നതായി ഹരികുമാര്‍ പറഞ്ഞു. തോട്ടം തൊഴിലാളിയായി വിഎസ് പ്രവര്‍ത്തിച്ചതാണ് ഈ ബന്ധമെന്നാണ് ഹരികുമാര്‍ പറയുന്നത്. മാര്‍ത്താണ്ഡവര്‍മ്മ പായസത്തില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം കള്ളമാണെന്നും ഇയാള്‍ പറയുന്നു.

ക്ഷേത്രം ജീവനക്കാരാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് പായസം എത്തിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ മോഷണ ആരോപണം കള്ളമാണെന്നും ഹരികുമാര്‍ പറയുന്നു. ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത 513.76 കിലോ സ്വര്‍ണ്ണത്തില്‍ 500 കിലോ സ്വര്‍ണ്ണം ഉപയോഗിച്ച് വാതിലുകളിലും ദ്വാരപാലകരിലും സ്വര്‍ണ്ണപ്പാളികള്‍ നിര്‍മ്മിച്ചു. അല്ലാതെ രാജകുടുംബാംഗങ്ങള്‍ സ്വര്‍ണ്ണം മോഷ്ടിച്ചു എന്ന് പറയുന്നത് കള്ളമാണെന്ന് ഹരികുമാര്‍ പറഞ്ഞു. ഈ സ്വര്‍ണ്ണത്തില്‍ കുറവുണ്ടെങ്കില്‍ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ഹരികുമാര്‍ പറഞ്ഞു.

Scroll To Top