Sunday February 25, 2018
Latest Updates

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ പത്താം പിറന്നാള്‍ ദിനം !

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ പത്താം പിറന്നാള്‍ ദിനം !

ഭാരത ക്രൈസ്തവ പാരമ്പര്യത്തില്‍ ഉള്ളവര്‍ക്ക് തീര്‍ച്ചയായും അഭിമാനത്തിന്റെയും കടപ്പാടിന്റെയും ദിവസമാണ് ദുക്‌റാന.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തോമാസ്ലീഹാ തെളിച്ചുതന്ന സുവിശേഷദീപം ഉജ്ജ്വലിപ്പിക്കാന്‍ കേരള ക്രൈസതവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന പുനര്‍ചിന്തനം കൂടി നടത്തേണ്ട ദിവസമാണ് ഇന്ന്.തലമുറകളിലേയ്‌ക്കെങ്കിലും പകരേണ്ട ക്രൈസതവപാരമ്പര്യത്തിന്റെ തനിമകള്‍ കാത്തു സൂക്ഷിക്കാന്‍ മറന്നു പോകുന്ന അവസരങ്ങള്‍ സാധാരണ വിശ്വാസികളുടെ ഹൃദയത്തെ മുറിപ്പെടുത്തുക തന്നെ ചെയ്യും. ദുക്‌റാന ആചരണം(സെന്റ് തോമസിന്റെ ധീര രക്തസാക്ഷിത്വം അനുസ്മരിക്കുന്ന തിരുനാള്‍)സീറോ മലബാര്‍ സഭയുടെ ഏറ്റവും പ്രധാന തിരുന്നാള്‍ ആഘോഷങ്ങളില്‍ ഒന്നാണ്.പ്രവാസദേശങ്ങളില്‍ എല്ലായിടത്തും തന്നെ സെന്റ് തോമസ് ദിനം സഭാ വിശ്വാസികള്‍ ഇടവകാ തലങ്ങളില്‍ ആചരിക്കാറുണ്ട്.

അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം സീറോ മലബാര്‍ സഭ ഇവിടെ ഔദ്യോഗികമായി ദൗത്യം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം കൂടിയാണ് ഇന്ന്.2006 ജൂലൈ 3 നാണ് ഡ്രംകോണ്ട്രയില്‍ വെച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡെര്‍മേറ്റ് മാര്‍ട്ടിന്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക പ്രവേശനത്തിന് തിരി തെളിച്ചത്.

ഡബ്ലിനില്‍ ആദ്യമായി നിയോഗിക്കപ്പെട്ട സീറോ മലബാര്‍ ചാപ്ല്യന്‍മാരായ ഫാ.മാത്യു അറയ്ക്കപ്പറമ്പില്‍,ഫാ.തങ്കച്ചന്‍ പോള്‍ ഞാളിയത്ത് എന്നിവരെ സഭാ സമൂഹം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ആഹ്ലാദപൂര്‍വം വരവേറ്റതിന്റെ പിറ്റേ മാസം തന്നെയായിരുന്നു ആ സുദിനം.

രണ്ടായിരം മുതലുള്ള ആദ്യ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ എത്തിയ മലയാളി കുടിയേറ്റക്കാര്‍ക്ക് വിശ്വാസപാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള അക്ഷീണ പ്രയത്‌നങ്ങളുടെ പൂര്‍ത്തികരണമായിരുന്നു ഡബ്ലിന്‍ രൂപതയുടെ സഹായഫലമായി ലഭിച്ചത്.
പഠനത്തിനായി അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന ഫാ.സോണി പാലത്ര,ഫാ.സെബാസ്റ്റ്യന്‍ ,ഫാ.ഫ്രാന്‍സിസ്‌കോ,എന്നിവരുടെ നേതൃത്വത്തില്‍ ആദ്യകാല കുടിയേറ്റക്കാര്‍ നടത്തിയ തീക്ഷണമായ ശ്രമഫലമായിരുന്നു സീറോ മലബാര്‍ സഭയ്ക്ക് അയര്‍ലണ്ടില്‍ പ്രവര്‍ത്തനത്തിനുള്ള അവസരം ഒരുങ്ങിയത്.2006ല്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന മലയാളികളില്‍ 70 ശതമാനത്തോളം പേരും സീറോ മലബാര്‍ സഭാംഗംങ്ങള്‍ ആയിരുന്നുവെന്നത് അയര്‍ലണ്ടിലേക്ക് വൈദീകരെ അയയ്ക്കാന്‍ സഭാധികൃതരെ നിര്‍ബന്ധിതരാക്കി.അതിലുപരി ഓരോ പ്രാദേശിക സഭകളും സ്വന്തം തനിമയിലും പാരമ്പര്യത്തിലും വളരാനുള്ള സാഹചര്യം ഒരുക്കണമെന്ന ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ നിലപാട് മലയാളി സമൂഹത്തിന് സഹായകമായി.

ബെല്‍ഫാസ്റ്റും കോര്‍ക്കും അടങ്ങിയ വിശാല അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളിലായി ആദ്യ ചാപ്ല്യന്‍മാരുടെ ശ്രമഫലമായി ഇരുപതോളം കുര്‍ബാന സെന്ററുകള്‍ രൂപപ്പെട്ടു.വിശ്വാസ പരിശീലന കേന്ദ്രങ്ങളും മാസ് സെന്ററുകളുമായി മുപ്പതിലധികം പ്രദേശങ്ങളില്‍ സഭയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി ഇപ്പോള്‍ നടക്കുണ്ട്.സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി പ്രവത്തിക്കാന്‍ കൂടുതല്‍ വൈദീകര്‍ എത്തുകയും,കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് സഭാ പ്രവര്‍ത്തനം വ്യാപിക്കുകയും ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്.

വിശ്വാസ തനിമയിലും പാരമ്പര്യത്തിലും സഭ ഉറച്ചു നിന്നില്ലെങ്കില്‍ വിദേശങ്ങളിലെ സഭാ പ്രവര്‍ത്തനം വ്യര്‍ഥമാണ്.സഭയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായ ലിറ്റര്‍ജിയില്‍ ഉപയോഗിക്കപ്പെടുന്ന മലയാള ഭാഷയ്ക്ക് പോലും സഭയുടെ വ്യക്തിത്വവുമായി ബന്ധം ഉണ്ടാവേണ്ടതാണ്.മലയാളം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഇല്ലെങ്കില്‍ പകരം സഭയിലെ ആരാധനാക്രമത്തിന് തനതായശൈലിയില്‍ പ്രാദേശിക ഭാഷാ സംവിധാനം ഉപയോഗിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കണം.ലത്തിന്‍ റീത്തോ,കുര്‍ബാന ക്രമമോ ഉപയോഗിക്കാനല്ല ഡബ്ലിന്‍ രൂപതയടക്കമുള്ള വിദേശ രൂപതകള്‍ സീറോ മലബാര്‍ സഭയിലെ വൈദീകരെ വിളിച്ചു വരുത്തി ചാപ്ലിയന്‍സി സ്ഥാപിച്ചു കൊടുത്തത് എന്ന യാഥാര്‍ഥ്യം മനസിലാക്കേണ്ടതുണ്ട്.

സംസ്‌കാരികനുരൂപണത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന്റെയും പിന്നാലെ പോകുമ്പോള്‍ സഭയുടെ ചട്ടവട്ടങ്ങള്‍ പാലിയ്ക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്തണം എന്നത് തന്നെ.

സഭയുടെയുള്ളിലുള്ള വിശ്വാസികളുടെ നേതൃത്വത്തില്‍ തന്നെയാണ് പല സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിയാര്‍ജിക്കുന്നത് എന്നത് അഭിമാനകരമായ കാര്യം തന്നെയാണെങ്കിലും അവയൊക്കെ സഭയുടെ പാരമ്പര്യങ്ങള്‍ക്കും ആചാരക്രമങ്ങള്‍ക്കും അനുരൂപമായല്ല വളരുന്നതെങ്കില്‍ അവയെ അഭികാമ്യം എന്നു വിളിക്കാനാവില്ല.സീറോ മലബാര്‍ സഭയുടെ തണലില്‍ ആരംഭിച്ച സെഹിയോന്‍,ശാലോം,എന്നിവയടക്കമുള്ള ഇവാഞ്ചലൈസേഷന്‍ മീഡിയകളും,ജീസസ് യൂത്ത് പോലുള്ള യൂത്ത്‌-ലേ മിനിസ്ട്രികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അതേ തീഷ്ണതയിലും ശൈലിയിലുമല്ല വിദേശമണ്ണില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സഭയുടെ ഘടന തന്നെ നഷ്ട്ടപ്പെടുത്താന്‍ അതിടയാക്കും എന്ന ആശങ്ക പലര്‍ക്കുമുണ്ട്.സെക്റ്ററുകളായി മാറി നിന്നു മത്സര പൂര്‍വ്വം പ്രവര്‍ത്തിക്കുന്നത് ഗുണകരമല്ലെന്ന് മാത്രമല്ല,ദോഷമാവുകയും ചെയ്യും.സീറോ മലബാര്‍ പാരമ്പര്യത്തില്‍ ഇത്തരം മിനിസ്ട്രികള്‍ക്ക് കളമൊരുക്കുമ്പോള്‍ സഭയുടെ പ്രവര്‍ത്തനങ്ങളോടൊപ്പമാണ് എന്ന് ഉറപ്പ് വരുത്തേണ്ട ചുമതല അജപാലകരോടൊപ്പം അത്മായര്‍ക്കുമുണ്ട്.

ആത്മീയമേഖലകളിലെ വളര്‍ച്ച മാത്രമല്ല സീറോ മലബാര്‍ സഭ പോലെ അയര്‍ലണ്ടിലെ മലയാളികളില്‍ ബഹു ഭൂരിപക്ഷം പേരും ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.കുടിയേറ്റത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ സഭയ്ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.ഇപ്പോള്‍ സഭംഗങ്ങളില്‍ കൂടുതല്‍ പേരും പൗരത്വം സ്വീകരിച്ചവര്‍ ആയി കഴിഞ്ഞു.മലയാളി സമൂഹത്തിനു വേണ്ടിയുള്ള പൊതുനന്മയ്ക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള ആര്‍ജവവും നേതൃത്വവും ഒരു ഉത്തരവാദിത്വമായി സഭ ഏറ്റെടുക്കുന്നതില്‍ തെറ്റൊന്നുമില്ല.സമുദായാംഗങ്ങളുടെ മാത്രം ക്ഷേമത്തില്‍ ഉപരിയായ ഒന്നാവണം അത്.സഭയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കുമായി ഒരു ഡെത്ത് റിലീഫ് ഫണ്ട് രൂപീകരിച്ചത് ഏറെ അഭിനന്ദനീയയമാണ്.എന്നാല്‍ ഇവിടെ സുഗമമായി ജീവിക്കാനുള്ള മാര്‍ഗനിര്‍ദേശം ഏവര്‍ക്കും തുറന്നു കൊടുക്കാവുന്ന ഒട്ടറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സീറോ മലബാര്‍ സഭ പോലെ എണ്ണത്തില്‍ സമൃദ്ധമായ ഒരു സമൂഹത്തിന് ബാധ്യതയുണ്ട്.

കേരളത്തില്‍ നിന്നും യൂറോപ്പിലെ തകരുന്ന സഭകള്‍ക്കിടയിലേക്ക് കടന്നുവന്ന സീറോ മലബാര്‍ വിശ്വാസികളെ പ്രതീക്ഷയോടെയാണ് ഐറിഷ് സഭ കണ്ടത്.മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലും വിശ്വാസ സ്ഥൈര്യത്തിലും വളരാന്‍ സഹായകമായുള്ള ആ വിളി ഉപയോഗപ്പെടുത്താന്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ആത്മ പരിശോധനയ്ക്കുള്ള സമയം കൂടിയാണ് ശതാബ്ദി വേളയിലെ ദുക്‌റാന .
റെജി സി ജേക്കബ് parogeaDSC_5300tullajpsy2

Scroll To Top