Friday December 09, 2016
Latest Updates

ക്രോഗ് പാട്രിക് തീര്‍ത്ഥാടനത്തിനിടെ നിരവധി പേര്‍ക്ക് പരുക്ക്

ക്രോഗ് പാട്രിക് തീര്‍ത്ഥാടനത്തിനിടെ നിരവധി പേര്‍ക്ക് പരുക്ക്

ഗാല്‍വെ : ക്രോഗ് പാട്രിക് തീര്‍ത്ഥാടനത്തിനിടെ നിരവധി പേര്‍ക്ക് പരുക്ക്. ഇന്നലെ റീക് സണ്ടേയുടെ ഭാഗമായി മലകയറാന്‍ വന്ന വിശ്വാസികളില്‍ ചിലര്‍ക്കാണ് പരുക്കേറ്റത്. മല കയറുന്നതിനിടെ പരുക്കേറ്റ 17 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ ഹൃദയാഘാതം മൂലവും മറ്റുള്ളവര്‍ മല കയറുന്നതിനിടെ ഉണ്ടായ പരുക്കുകള്‍ മൂലവുമാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഹൃദയാഘാതം അനുഭവപ്പെട്ട ആളെയും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആളെയും ഹെലികോപ്ടര്‍ എത്തി ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. 

ഹൃദയാഘാതം അനുഭവപ്പെട്ട ആളെ ഗാല്‍വെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ഈ തീര്‍ത്ഥാടകന് ഹൃദയാഘാതം അനുഭവപ്പെട്ടത്. മറ്റൊരാള്‍ക്ക് ഉച്ച് തിരിഞ്ഞു മൂന്ന് മണിയോടെ വീണു തലക്ക് ഗുരുതരമായി പരുക്കേറ്റു. 30,000 പേര്‍ ഇന്നലെ മാത്രം മല കയറാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകര്‍ക്കിടയില്‍ പരുക്ക് വര്‍ദ്ധിച്ചതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മേയോ മൌണ്ടന്‍ റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ 11 റെസ്‌ക്യൂ ടീമുകള്‍ സജ്ജമായിരുന്നു. 

പരുക്കേല്‍ക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ മേയോ മൌണ്ടന്‍ റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെയും സജ്ജമാക്കി നിര്‍ത്തിയിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങിയിരുന്നു. ഭൂരിപക്ഷം പേര്‍ക്കും മല ഇറങ്ങുമ്പോഴാണ് വീണു പരുക്കേറ്റതെന്ന് മേയോ മൌണ്ടന്‍ റെസ്‌ക്യൂ ടീം ലീഡര്‍ മേരി വാല്‍ഷ് പറഞ്ഞു

Scroll To Top