Monday December 05, 2016
Latest Updates

ഹാരി പോര്‍ട്ടറിലെ ലൂന ലവ്ഗുഡ് ‘ഹൗദിനി’യിലൂടെ ഡബ്ലിനിലെ അരങ്ങിലും

ഹാരി പോര്‍ട്ടറിലെ ലൂന ലവ്ഗുഡ് ‘ഹൗദിനി’യിലൂടെ ഡബ്ലിനിലെ അരങ്ങിലും

ഹാരി പോര്‍ട്ടര്‍ സീരീസിലെ ലൂന ലവ്ഗുഡിനെ വെള്ളിത്തിരയിലെത്തിച്ച ഐറിഷുകാരി ഇവന്ന ലീഞ്ച് നാടകരംഗത്തേക്കു കടന്നു വരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പിന്തുണ മാത്രമാണ് തനിക്ക് ഇത്തരമൊരു അരങ്ങിലേക്കു വരുവാന്‍ പ്രേരണയായതെന്ന് ഇവന്ന മാധ്യമങ്ങളോട് പറഞ്ഞു.
ഹാരി പോര്‍ട്ടറിലെ ലൂനയ്ക്ക് ശേഷം ഇവന്നയെ തേടിവന്നിരിക്കുന്നത് ഹാരി ഹൗദിനി എന്ന പ്രശസ്ത മാന്ത്രികന്റെ ഭാര്യ വേഷമാണ്. ഗെയ്റ്റി തിയറ്ററിലാണ് ഹൗദിനിയുടെ ജീവിത കഥ നാടകരൂപത്തില്‍ അരങ്ങിലെത്തുന്നത്.
ഡബ്ലിനിലെ വേദിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വ്യത്യസ്തതയുള്ള അനുഭവമായിരിക്കാമെന്നും എന്നാല്‍ ഇത് തന്റെ കുടുംബത്തിന് അഭിമാനം നല്‍കുന്ന സന്ദര്‍ഭമായിരിക്കുമെന്നും ഇവന്ന മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിക്കാലത്ത് ഗെയ്റ്റിയില്‍ വന്നിട്ടുണ്ടങ്കിലും ഇത് ആദ്യമായാണ് ഗെയ്റ്റിയുടെ അരങ്ങില്‍ അഭിനയിക്കാന്‍ കയറുന്നതെന്നും ഇവന്ന കൂട്ടിച്ചേര്‍ത്തു.
പലവേഷങ്ങളിലെത്തി കാണികളെ ഹരം കൊള്ളിച്ച ബ്രിട്ടീഷ് നടന്‍മാരായ ജെയിമി നിക്കോള്‍സും സ്റ്റുവര്‍ട്ട് ബ്രന്നാനുമാണ് നാടകത്തില്‍ മറ്റു പ്ധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
മാജിക്കുമായി ബന്ധപ്പെട്ട നാടകത്തില്‍ ഇവന്ന അപ്രത്യക്ഷയാവുന്ന ഒരു ഭാഗം കൂടി അഭിനയിക്കാനുണ്ട്. ഒരു അസിസ്‌ററന്റിന്റെ റോളാണ് ഇവന്നയുടെ കഥാപാത്രത്തിനുള്ളത്.
അസാധാരണത്വം നിറഞ്ഞ കഥകളിലാണ് കൂടുതല്‍ താല്‍പര്യം എന്നും ഇവന്ന വ്യക്തമാക്കി. ഹൗദിനിയുടെ ഭാര്യ ബെസ്സ് ആയാണ് ഇവന്ന വേദിയിലെത്തുക.
ഒക്ടോബര്‍ 7മുതല്‍ 12 വരെ നാടകം ഗെയ്റ്റി തിയേറ്ററില്‍ അവതരിപ്പിക്കും. തന്റെ കൂടെ ഹാരി പോര്‍ട്ടറില്‍ അഭിനയിച്ചിരുന്ന താരങ്ങളെയും ഇവന്ന സദസ്സില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോഴും എല്ലാവരുമായും നല്ല ബന്ധം തുടര്‍ന്നു പോകുന്നുണ്ടെന്നും കൂടിച്ചേരുന്ന സമയത്ത് അതൊരു സ്‌കൂള്‍ റീയൂനിയന്‍ പോലെ തോന്നിക്കാറുണ്ടെന്നും ഇവന്ന കൂട്ടിച്ചേര്‍ത്തു. ആദ്യമായി പൊതുവേദിയില്‍ കാണികളുടെ മുന്‍പില്‍ നാടകം അവതരിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

Scroll To Top