Saturday December 10, 2016
Latest Updates

സൗത്ത് ഡബ്ലിന്‍ മേയര്‍ ഡേര്‍മറ്റ് ലൂണി ലേബര്‍പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു

സൗത്ത് ഡബ്ലിന്‍ മേയര്‍ ഡേര്‍മറ്റ് ലൂണി ലേബര്‍പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു

ലൂക്കന്‍ : സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയറായ ഡേര്‍മറ്റ് ലൂണി ലേബര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചൊഴിഞ്ഞു. പാര്‍ട്ടി തങ്ങളുടെ തത്വങ്ങള്‍ മറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്ന പരാതിയാണ് ഡേര്‍മറ്റ് ലൂണി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനുള്ളില്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞുപോയ ഇരുപത്തിയെഴാമാത്തെ ജനപ്രതിനിധിയായിരിക്കുകയാണ് ഡേര്‍മറ്റ് ലൂണി.

31കാരനായ ലൂണി ഡബ്ലിനിലെ താലാ സെന്റര്‍ മേഖലയിലെ പ്രതിനിധി ആയിരുന്നു. അടുത്ത മെയ്യില്‍ നടത്താനുദ്ദേശിക്കുന്ന ലോക്കല്‍ ഇലക്ഷനിലും ഇവിടത്തെ പ്രതിനിധിയായി മത്സരിക്കാനുണ്ടാവുമെന്നാണ് ചെറുപ്പക്കാരനായ മേയര്‍ അറിയിച്ചിരിക്കുന്നത്.

പത്തു വര്‍ഷക്കാലത്തോളം പിന്തുടര്‍ന്നുപോരുന്ന പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ഒഴിയുന്നത് വിഷമമാണെങ്കിലും അതാണ് ശരിയായ തീരുമാനം എന്നാണ് ഡേര്‍മറ്റ് ലൂണി ഉറച്ചു വിശ്വസിക്കുന്നത്. പാര്‍ട്ടിയിലുള്ള തന്റെ കാലം സാധാരണമായി അവസാനിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഒരു മാസത്തിലേറെയായി പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാനുള്ള തീരുമാനം താന്‍ കൈക്കൊണ്ടിട്ടെന്നും എന്നാല്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്ന ബജറ്റവതരണം ഉണ്ടായതുകൊണ്ട് മാത്രമാണ് രാജി ഒരുമാസത്തോളം നീണ്ടുപോയതെന്നും ഡേര്‍മറ്റ് ലൂണി പറഞ്ഞു.
ഫിന്‍ഗീല്‍ സര്‍ക്കാരിന്റെ കൂട്ടു കക്ഷിയായി ചേര്‍ന്നതില്‍ പിന്നെ സ്വന്തം നയങ്ങളും തത്വങ്ങളും ലേബര്‍ പാര്‍ട്ടി മറക്കുകയായിരുന്നുവെന്ന് ലൂണി ആരോപിക്കുന്നുമുണ്ട്.

ഒരു കാര്യത്തിലും തങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അഭിപ്രായം പറഞ്ഞ് അതില്‍ ഉറച്ചുനില്‍ക്കാനുള്ള അവസരം പോലും നഷ്ടമാവുകയായിരുന്നുവെന്നും സാധാരണ ജനങ്ങളെ മാനിക്കാതെയുള്ള ഫിന്‍ഗീലിന്റെ സാമ്പത്തിക നയങ്ങളെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെ ലേബര്‍ പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് ലൂണി കുറ്റപ്പെടുത്തി.

ആരോഗ്യസംരക്ഷണത്തിന്റെയും ലോക്കല്‍ ഭരണ നിര്‍വ്വഹണത്തിന്റെയും ഹൗസിംഗിന്റെയും സ്‌റ്റേറ്റ് അസെറ്റ്‌സിന്റെയും ടാക്‌സാക്ഷന്റെയും കാര്യത്തില്‍ സര്‍ക്കാരിന്റെയും ലേബര്‍പാര്‍ട്ടിയുടെയും തീരുമാനങ്ങള്‍ക്കെതിരായിരുന്നു താന്‍ നിലനിന്നതെന്നും ലൂണി തുറന്നു പറയുന്നു.

പാര്‍ട്ടിയുടെ ഭരണനിര്‍വ്വഹണത്തെയും ലൂണി എതിര്‍ത്തു സംസാരിക്കുകയുണ്ടായി. കേന്ദ്രത്തില്‍ ശക്തമായ ഭരണം കാഴ്ച്ച വയ്ക്കുമ്പോഴും തന്നെപ്പോലുള്ള കൗണ്‍സിലര്‍മാരുടെ അഭിപ്രായങ്ങള്‍ മാനിക്കാനുള്ള മനസുപോലും പാര്‍ട്ടി കാണിക്കുന്നില്ലെന്നും ലൂണി കുറ്റപ്പെടുത്തി. കഴിഞ്ഞ കോണ്‍ഫറന്‍സില്‍ 20തോളം പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും തങ്ങളില്‍ പലരും തഴയപ്പെട്ടിരുന്നുവെന്നും ലൂണി പറഞ്ഞു.
തന്റെ രാജിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലൂണി അറിയിക്കുന്നത്. സൗത്ത് ഡബ്ലിന്‍ കൗണ്ടിയിലെ ലേബര്‍ കൗണ്‍സിലര്‍മാരോടും ലോക്കല്‍ പാര്‍ട്ടി അംഗങ്ങളോടും തന്റെ രാജിക്കാര്യം അറിയിച്ചതായി ലൂണി പറഞ്ഞു.
മെയ് ഇലക്ഷന്‍ വരെ ലൂണി മേയറായും കൗണ്‍സിലറായും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ മറ്റൊരു പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ലൂണി പറഞ്ഞത്. ഇനിയുള്ള കാലങ്ങലില്‍ സ്വതന്ത്രനായി നിന്ന് ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചു.
യുസിഡിയില്‍ സോഷ്യല്‍ സയന്‍സ് പഠന കാലം മുതല്‍ക്കുതന്നെ ലേബര്‍ പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചുതുടങ്ങിയ ലൂണി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലില്‍ ആദ്യമായി മത്സരിച്ച് ജയിക്കുന്നത് 2009ലാണ്. ലൂണിയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആള്‍.
അദ്ദേഹത്തിന്‍ അലവന്‍സായ 45,000യൂറോയില്‍ നിന്നും 7,000 യൂറോ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കു നല്‍കിക്കൊണ്ട് ലൂണി കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു.

Scroll To Top