Sunday December 11, 2016
Latest Updates

സൗത്ത് ഡബ്ലിന്‍ കൗണ്ടി പ്രദേശത്ത് ബിറ്റ് കോയിന്‍ അനുവദിക്കണമെന്ന പ്രമേയം കൗണ്‍സില്‍ തള്ളി

സൗത്ത് ഡബ്ലിന്‍ കൗണ്ടി പ്രദേശത്ത് ബിറ്റ് കോയിന്‍ അനുവദിക്കണമെന്ന പ്രമേയം കൗണ്‍സില്‍ തള്ളി

താല ;ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള പണമിടപാടുകളെ എതിര്‍ത്തുകൊണ്ട് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ രംഗത്ത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്നതിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം തള്ളിയിരിക്കുകയാണ് കൗണ്‍സില്‍.
ഫിന്‍ഫാളിന്റെ ട്രവര്‍ ഗില്ലിഗന്‍ ആണ് പ്രമേയം മുന്നോട്ടുകൊണ്ടുവന്നത്. എന്നാല്‍ സൗത്ത് ഡബ്ലിന്‍ മേയര്‍ ഡേര്‍മറ്റ് ലൂണി ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ ഈ പ്രമേയത്തെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.
പണമിടപാടുകള്‍ നടത്തുന്നതിന് ഉപകരിക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ കറന്‍സിയായി സെന്‍ട്രല്‍ ബാങ്ക് ഇതുവരെയും ബിറ്റ്‌കോയിനെ അംഗീകരിച്ചിട്ടില്ല. ഇതുവരെയായി മോണിറ്ററി കണ്‍ട്രോളും ബിറ്റ്‌കോയിന് ഏര്‍പ്പെടുത്തിയിട്ടില്ല. ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നവര്‍ക്കോ സ്വീകരിക്കുന്നവര്‍ക്കോ ഇതു മുഖാന്തിരം നഷ്ടം സംഭവിക്കുകയാണെങ്കില്‍ അതിനു നഷ്ടപരിഹാരം ലഭിക്കില്ലെന്നും യൂറോപ്യന്‍ ബാങ്കിംഗ് അതോറിറ്റി മുന്നറിയിപ്പു നല്‍കിയതായി ഗല്ലിഗന്‍ വ്യക്തമാക്കിയിരുന്നു .

സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അപകടസാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നല്‍കുന്നുവെങ്കിലും അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബിറ്റ്‌കോയിനും സാധാരണഗതിയിലുള്ള ഉപയോഗങ്ങള്‍ക്കെടുക്കുമെന്ന വിശ്വാസത്തിലാണ് ഗല്ലിഗന്‍. ഇപ്പോള്‍തന്നെ 10,000ത്തില്‍പ്പരം വ്യവസായികളാണ് ബിറ്റ്‌കോയിന്‍ സ്വീകരിച്ചുതുടങ്ങിയത്.
ഭാവിയില്‍ ജനങ്ങള്‍ക്ക് വാട്ടര്‍ചാര്‍ജുകളും ടാക്‌സുകളും അടക്കാനുള്ള വഴിയായി ബിറ്റ്‌കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സി ഉപകരിക്കുമെന്നാണ് ഫിന്‍ഫാള്‍ കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടത്.
അതൊരു അപക്വമായ പ്രമേയമാണെന്നായിരുന്നു മേയറുടെ അഭിപ്രായം.
ഇപ്പോള്‍ ദേശീയമായും അന്തര്‍ദേശീയമായും ബിറ്റ്‌കോയിന്റെ മൂല്യം ഉറപ്പുവരുത്താനുള്ള സംവിധാനം നിലവില്‍ വന്നിട്ടില്ലെന്നും അതിനാല്‍ തന്നെ പണമിടപാടുകള്‍ നടത്തുമ്പോള്‍ നഷ്ടം വരാതെ സൂക്ഷിക്കേണ്ടതാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top