Saturday December 03, 2016
Latest Updates

സ്‌കോട്ട്‌ലണ്ട് ബ്രിട്ടീഷ് യൂണിയനില്‍ നിന്ന് വേര്‍പിരിയില്ലെന്ന് പോസ്റ്റ് പോള്‍ സര്‍വേ റിപ്പോര്‍ട്ട്

സ്‌കോട്ട്‌ലണ്ട് ബ്രിട്ടീഷ് യൂണിയനില്‍ നിന്ന് വേര്‍പിരിയില്ലെന്ന് പോസ്റ്റ് പോള്‍ സര്‍വേ റിപ്പോര്‍ട്ട്

ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലണ്ട് യുകെയുടെ ഭാഗമായി തുടരുമെന്ന് സര്‍വേ ഫലം. പോള്‍സ്റ്റാര്‍ യുഗോവ് സര്‍വേ പ്രകാരം ഐക്യ ബ്രിട്ടനെ അനുകൂലിക്കുന്ന നോ വോട്ട് ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം. സ്വാതന്ത്ര്യത്തെ എതിര്‍ത്ത് 54 ശതമാനം പേര്‍ വോട്ട് ചെയ്യുമെന്നാണ് സര്‍വേ ഫലം. സ്വാതന്ത്ര്യ അനുകൂലികള്‍ക്ക് 46 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. 48 ലക്ഷം പേരാണ് ജനഹിത പരിശോധനയില്‍ വോട്ട് ചെയ്തത്. ഇതില്‍ വോട്ട് ചെയ്ത 1,828 പേരില്‍ നിന്നും പോസ്റ്റല്‍ മുഖേന വോട്ട് ചെയ്ത 800 പേരില്‍ നിന്നും അഭിപ്രായ ശേഖരണം നടത്തിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

യുഗോവ് സര്‍വേ ഫലം ഐക്യവാദികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. പോളിംഗ് ദിവസമായ ഇന്നലെ യെസ് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഒരു വിഭാഗം നോ വോട്ടിലേക്ക് മാറിയതായി സര്‍വേ വിലയിരുത്തുന്നു. ഇത് ജനഹിത പരിശോധനയില്‍ ഐക്യ ബ്രിട്ടന്‍ നിലനിര്‍ത്താന്‍ നിര്‍ണ്ണായകമാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. പോളിംഗ് കഴിഞ്ഞ ഉടന്‍ സര്‍വേ ഫലം പുറത്ത് വിട്ടു. ഭൂരിപക്ഷം സ്‌കോട്ടിഷ് ജനതയും ജനഹിത പരിശോധനയെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് റൂത്ത് ഡേവിഡ്‌സണ്‍ പറഞ്ഞു. 

വോട്ട് രേഖപ്പെടുത്തിയ ശേഷം ബിബിസിയോട് സംസാരിക്കുകയായിരുന്നു അവര്‍. ജനഹിത പരിശോധനയുടെ ഫലം എന്തായാലും സ്‌കോട്ടിഷ് രാഷ്ട്രീയം മാറി മറിയുമെന്ന് റൂത്ത് കൂട്ടിച്ചേര്‍ത്തു. സ്‌കോട്ട്‌ലണ്ട് ബ്രിട്ടീഷ് യൂണിയനില്‍ തുടരുമെന്ന് 99 ശതമാനം ഉറപ്പുണ്ടെന്ന് സര്‍വേ നടത്തിയ യുഗോവ് പ്രസിഡന്റ് പീറ്റര്‍ കെല്‍നെര്‍ പറഞ്ഞു. 

Scroll To Top