Saturday December 10, 2016
Latest Updates

സ്‌കോട്ട്‌ലണ്ടിന്റെ ജനവിധി ഇന്ന്; ‘നോ’ വോട്ട് അഭ്യര്‍ത്ഥിച്ച് ബില്‍ ക്ലിന്റനും

സ്‌കോട്ട്‌ലണ്ടിന്റെ ജനവിധി ഇന്ന്;  ‘നോ’ വോട്ട് അഭ്യര്‍ത്ഥിച്ച് ബില്‍ ക്ലിന്റനും

സ്‌കോട്ട്‌ലണ്ട്: ബ്രിട്ടനും സ്‌കോട്ട്‌ലണ്ടിനും ഇന്ന് നിര്‍ണ്ണായക ദിനം. സ്‌കോട്ട്‌ലണ്ട് ബ്രിട്ടീഷ് യൂണിയനില്‍ നിന്ന് മാറി സ്വതന്ത്രരാഷ്ട്രമാകണോ എന്ന തീരുമാനിക്കുന്ന ജനഹിത പരിശോധന ഇന്ന്. ജനഹിത പരിശോധനയില്‍ യെസ് വോട്ടിന് ഭൂരിപക്ഷം ലഭിച്ചാല്‍ പുതിയ രാജ്യമായി സ്‌കോട്ട്‌ലണ്ട് നിലവില്‍ വരും. സ്വതന്ത്രമായാലും യൂറോപ്യന്‍ യൂണിയനില്‍ തുടരുകയും ബ്രിട്ടീഷ് രാജകുടുംബത്തെ അംഗീകരിക്കുകയും ചെയ്യുമെന്നാണ് സ്വാതന്ത്ര്യവാദികളുടെ വാഗ്ദാനം. ഇരു വിഭാഗവും അവസാനവട്ട പ്രചരണം പൂര്‍ത്തിയാക്കി വോട്ടെടുപ്പിനായി തയ്യാറായിരിക്കുകയാണ്. 

ബ്രിട്ടനുമായി വേര്‍പിരിയിയരുതെന്ന് സ്‌കോട്ടിഷ് ജനതയോട് നേരിട്ട് അഭ്യര്‍ത്ഥിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ തന്നെ നേരിട്ട് എത്തി പ്രചരണം നടത്തിയിരുന്നു. അതേസമയം സ്വാതന്ത്ര്യവാദികളും അവസാനവട്ട പ്രചരണം സജീവമായി നടത്തി. ഓരോ വോട്ടും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ഇരുപക്ഷവും അവസാന നിമിഷവും ശ്രമിച്ചത്.അവസാന വട്ടം പക്ഷെ നോ വോട്ടിനു മുന്‍കൈ കിട്ടുന്ന സൂചനകളാണ് ലഭ്യമാവുന്നത് 

ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകളിലാണ് ഇരുപക്ഷത്തിനും പ്രതീക്ഷ. സ്ത്രീകളുടെ വോട്ട് ഇരുപക്ഷത്തിനും നിര്‍ണ്ണായകമാണ്. സ്ത്രീകളില്‍ ഭൂരിപക്ഷം പേരും തങ്ങളുടെ വോട്ട് ഇത് വിഭാഗത്തിനു അനുകൂലമായി ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം വോട്ടുകള്‍ പരമാവധി തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. 

അതിനിടെ ജനഹിത പരിശോധനയില്‍ ‘നോ’ വോട്ട് അഭ്യര്‍ത്ഥിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും രംഗത്ത് വന്നു. സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായാല്‍ ഉണ്ടാകാവുന്ന സാമ്പത്തികമായ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയാണ് ബില്‍ ക്ലിന്റന്‍ നോ വോട്ട് അഭ്യര്‍ത്ഥിച്ചത്. പ്രധാനമായും സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായാല്‍ ഏത് കറന്‍സി സ്വീകരിക്കുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. കൂടാതെ സമ്പദ്ഘടനയും അസ്ഥിരമാകും. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്ഥി സ്വാതന്ത്ര്യ നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് ക്ലിന്റന്‍ അഭ്യര്‍ത്ഥിച്ചു. 

നോ വോട്ട് ചെയ്ത് ഐക്യത്തിന്റെ ശക്തി തെളിയിക്കണമെന്നും ക്ലിന്റന്‍ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലണ്ട് വേര്‍ പിരിയലിനെ എതിര്‍ക്കുന്ന ബെറ്റര്‍ ടുഗെതര്‍ എന്ന സംഘടനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ക്ലിന്റന്‍ നോ വോട്ട് അഭ്യര്‍ത്ഥിച്ച് വന്നത്. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണുമായുള്ള അടുപ്പവും ക്ലിന്റനെ ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.. 

Scroll To Top