Saturday December 10, 2016
Latest Updates

സ്‌കൂള്‍ കുട്ടികളിലെ പൊണ്ണത്തടി :താല സ്‌കൂളുകളിലെ പദ്ധതി വിജയം

സ്‌കൂള്‍ കുട്ടികളിലെ പൊണ്ണത്തടി :താല സ്‌കൂളുകളിലെ പദ്ധതി വിജയം

താല :പ്രൈമറി സ്‌കൂള്‍ കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാന്‍ സര്‍ക്കാര്‍ പരിപാടി വിജയകരമെന്ന് വിലയിരുത്തല്‍ !സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് ചില സ്‌കൂളുകളില്‍ നടത്തിയ വിദ്യാഭ്യാസ പരിപാടികളാണ് ഇപ്പോള്‍ പൊണ്ണത്തടിയുടെ ലവല്‍ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് 10ശതമാനത്തോളം കുറച്ചിരിക്കുന്നത്.

താലയിലെ ഏഴോളം പ്രൈമറി സ്‌കൂളുകളിലാണ് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഈ സ്‌കൂളുകളില്‍ രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളിലേക്കാള്‍ 10ശതമാനത്തോളം പൊണ്ണത്തടി കുറഞ്ഞതായാണ് പുതുതായി പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരി 25ശതമാനത്തോളം പൊണ്ണത്തടി മറ്റു സ്‌കൂള്‍ കുട്ടികളില്‍ കാണപ്പെടുമ്പോള്‍ പ്രോഗ്രാം നടത്തിയ സ്‌കൂളുകളില്‍ അത് വെറും 16ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും പഠനത്തില്‍ വ്യക്തമായി.

സ്‌കൂള്‍കുട്ടികളുടെ ആരോഗ്യ മേഖലയിലും മറ്റും പ്രത്യേക താല്‍പ്പര്യം കാണിക്കുന്ന സംഘടനയായ ചില്‍ഡ്രണ്‍ ഡെവലപ്‌മെന്റ് ഇനീഷിയേറ്റീവ് (സിഡിഐ) ആണ് ഏഴോളം പ്രൈമറി സ്‌കൂളുകളില്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചത്.
മാനസിക ആരോഗ്യം എക്‌സര്‍സൈസുകള്‍ ഭക്ഷണ നിയന്ത്രണ ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും വ്യക്തമായ ധാരണകള്‍ ഉണ്ടാക്കുകയും അതു പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത് അവരുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു അവസ്ഥ കൈവരിക്കാനായിരുന്നു പ്രോഗ്രാമിന്റെ ലക്ഷ്യം. 2011 മുതല്‍ 2014 വരെയുള്ള മൂന്നു വര്‍ഷങ്ങളിലായാണ് ഇത്തരത്തില്‍ ഒരു പ്രോഗ്രാം സ്‌കൂളുകളില്‍ നടത്തിയത്.

എന്നാല്‍ അതു കഴിഞ്ഞ് പ്രോഗ്രാമിനെ സംബന്ധിച്ച് ട്രിനിറ്റി കോളേജ് നടത്തിയ പഠനത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ ഇതിന് വലിയ മാറ്റമൊന്നും വരുത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ തുടര്‍ പഠനത്തിലാണ് ഇതിന്റെ ഗുണങ്ങള്‍ കണ്ടെത്തിത്തുടങ്ങിയത്.

പത്തുശതമാനത്തോളം കുട്ടികളില്‍ പൊണ്ണത്തടി കുറഞ്ഞതായാണ് പഠനം കണ്ടെത്തിയത്. പ്രോഗ്രാം അരങ്ങേറിയ സ്‌കൂളുകളില്‍ 16ശതമാനത്തോളം നിലയിലേക്ക് പൊണ്ണത്തടി ചുരുങ്ങിയിട്ടുണ്ട്.

ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ മറ്റു സ്‌കൂളുകളിലേക്ക് കൂടി കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നാണ് രണ്ടു പഠനങ്ങളും നടത്തിയ ട്രിനിറ്റി കോളേജ് പ്രൊഫസര്‍ കാതറിന്‍ കോമിസ്‌കി പറഞ്ഞത്.
കുട്ടികളിലെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരം പ്രോഗ്രാമുകള്‍ എന്തുമാത്രം സഹായിക്കുന്നുവെന്ന് പഠനം തെളിയിച്ചിരിക്കുകയാണെന്നും ഗുണങ്ങള്‍ കണ്ടു തുടങ്ങാന്‍ ചില വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നുവെങ്കലും മികച്ച രീതിയിലുള്ള ഒരു മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

പ്രൈമറി കെയര്‍ ചാര്‍ജുള്ള മന്ത്രി അലക്‌സ് വൈറ്റ് കണ്ടുപിടുത്തങ്ങള്‍ വളരെ പോസിറ്റീവായാണ് തോന്നുന്നതെന്നും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

എല്ലാ സ്‌കൂള്‍ പോളിസികളിലും ഇത്തരത്തിലുള്ള വിജയകരമായ പ്രോഗ്രാമുകളുടെ ആവശ്യകതമാണ് കാണപ്പെടുന്നതെന്നും അദ്ധ്യാപകര്‍ പാഠങ്ങള്‍ മതാരം പഠിപ്പിക്കുന്നത് നിര്‍ത്തി ഇത്തരം പ്രോഗ്രാമുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും സിഡിഐ ചീഫ് മരിയന്‍ ക്വിന്‍ പറഞ്ഞു.

Scroll To Top