Wednesday December 07, 2016
Latest Updates

സ്‌കാന്‍ ചെയ്യാനോ? ദയവായി കാത്തിരിക്കുക …രണ്ട് വര്‍ഷം വരെ…

സ്‌കാന്‍ ചെയ്യാനോ? ദയവായി കാത്തിരിക്കുക …രണ്ട് വര്‍ഷം വരെ…

ഡബ്ലിന്‍:അസുഖകാരണം തേടി ഒന്ന് സ്‌കാന്‍ ചെയ്യണമെങ്കില്‍ രണ്ട് വര്‍ഷം!.ലോകോത്തരം എന്ന് വിവക്ഷിക്കപ്പെടുന്ന അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയുടെ  സ്ഥിതിയാണിത്. 

അയര്‍ലണ്ടിലെ കുട്ടികളുടെ ആശുപത്രിയില്‍ വേണ്ടത്ര അടിസ്ഥാന
സൗകര്യങ്ങളില്ലാത്തതിനാല്‍ ചികിത്സ തേടിയെത്തുന്ന കുട്ടികള്‍ സ്‌കാന്‍
ചെയ്യുന്നതിനായി രണ്ട് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ക്രംലിനിലെ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഈ ആശുപത്രിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിന്റെ ഇരട്ടിയോളം കുട്ടികള്‍ ഇവിടെ ചികിത്സ തേടിവരുന്നതായാണ് റിപ്പോര്‍ട്ട്.ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പീടിയാട്രിക്ക് കണ്‍സള്‍ട്ടന്റ് ഡേവിഡ് റീ ആശുപത്രിയുടെ ക്ലിനിക്കല്‍ ബോര്‍ഡിന് കത്തെഴുതി.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ ആശുപത്രിയിലെ വെയ്റ്റിംഗ് ടൈം
കുറയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എംആര്‍ഐ സ്‌കാനിംഗ്
ടെക്‌നീഷ്യന്‍മാരെയും നഴ്‌സിംഗ്, റേഡിയോളജി ജീവനക്കാരെയും കൂടുതലായി
നിയമിക്കാതെ ആശുപത്രിയിലെ പ്രതിസന്ധി അവസാനിക്കില്ലെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി. സാധാരണയായി ഓപി വിഭാഗത്തില്‍ ചികിത്സ തേടുന്നവരുടെ പോലും
വെയ്റ്റിംഗ് ടൈം 11 മാസം വരെ വര്‍ധിച്ചിരിക്കുകയാണ്. സ്‌കാനിങ്ങിനായി ബുക്ക്
ചെയ്യുന്നവരുടെ വെയ്റ്റിംഗ് ടൈം 23 മാസം വരെ വര്‍ദ്ധിച്ചു.

അതായത് നിലവിലെ സാഹചര്യത്തില്‍ ഇന്ന് സ്‌കാനിങ്ങിനായി ബുക്ക് ചെയ്യുന്ന ഒരു
കുട്ടിക്ക് 2016 ഏപ്രിലില്‍ മാത്രമേ സ്‌കാനിംഗ് ലഭ്യമാകൂ. സെഡേഷന്‍ ആവശ്യമായ
ചികിത്സകള്‍ക്ക് അഞ്ചു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. സ്‌കാനിംഗ്
ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് പ്രതിവാരം
75 ബുക്കിംഗുകള്‍ വരെ ലഭിക്കുന്നുണ്ട്. എന്നാല്‍ 42 മുതല്‍ 45 വരെ ബുക്കിങ്ങുകള്‍
ചെയ്യാനുള്ള സൌകര്യങ്ങളെ ആശുപത്രിയിലുള്ളൂ ഇതാണ് പ്രതിസന്ധി
സൃഷ്ടിക്കുന്ന ഘടകം.

Scroll To Top