Friday December 09, 2016
Latest Updates

സ്വര്‍ണ വിലയില്‍ ഇടിവ്; ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് 3080 രൂപ

സ്വര്‍ണ വിലയില്‍ ഇടിവ്; ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് 3080 രൂപ

ഇന്ത്യയില്‍ ഏറെ നാളുകള്‍ക്ക് ശേഷം സ്വര്‍ണവില താഴേക്ക്. ഇന്നലെ മാത്രം പവന് 200 രൂപ കുറഞ്ഞ് 19,720 രൂപയിലെത്തി. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലത്തേത്. ഗ്രാമിനു 2465 രൂപ. അതേസമയം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 3080 രൂപയാണു പവന് കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നു 22,800 രൂപയായിരുന്നു വില. കഴിഞ്ഞ 35 ദിവസം കൊണ്ട് പവനു 1400 രൂപയാണു കേരളത്തില്‍ കുറഞ്ഞത്. 2013 ഫെബ്രുവരി ഒന്നിന് 21,120 രൂപയായിരുന്നു വില.

ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലും കഴിഞ്ഞദിവസം രണ്ടര ശതമാനം വിലയിടിഞ്ഞിരുന്നു. വില താഴുമെന്നു കണ്ട് ചെറുകിട, മൊത്ത വ്യാപാരികള്‍ വിപണിയില്‍ നിന്നു മാറിനില്‍ക്കുന്നതാണു വില കുറയാനുള്ള പ്രധാന കാരണം.

2007 മുതലാണ് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവുണ്ടായത്. 2007ല്‍ പവന് 6890 രൂപയായിരുന്നെങ്കില്‍ അടുത്തവര്‍ഷം 8892 രൂപയായി. 2009ല്‍ 11,077 രൂപ. 2010 ആയപ്പോള്‍ വീണ്ടും വര്‍ധിച്ചു 12,280 രൂപയിലെത്തി. 2011 മുതല്‍ ഗ്രാഫില്‍ വന്‍വര്‍ധനവാണുണ്ടായത്.

ആ വര്‍ഷം 15,560 രൂപയിലെത്തി. 2012ല്‍ 20,880 രൂപയുമായി. രാജ്യത്ത് ഓരോ വര്‍ഷവും വില വര്‍ധിച്ചുകൊണ്ടിരുന്ന ലോഹം ആദ്യമായാണു താഴ്ചയിലേക്കു പതിക്കുന്നത്. 1925ല്‍ പതിമൂന്നു രൂപ മാത്രമുണ്ടായിരുന്നെങ്കില്‍ 1980ല്‍ 975 രൂപയായി. നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തില്‍ മുതല്‍ മുടക്കിയവര്‍ക്കു ഒരു വര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ വന്‍ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ സ്വര്‍ണശേഖരത്തിന്റെ 25 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നതു കേരളത്തിലാണ്. 5000 ടണ്‍ സ്വര്‍ണം കേരളത്തിലെ വീടുകളില്‍ കരുതല്‍ നിക്ഷേപമുണ്ട്.

നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷം കോടി രൂപയുടെ ഇടിവാണു കേരളത്തിലുണ്ടായിരിക്കുന്നത്. 245 ടണ്‍ സ്വര്‍ണം ഓരോ വര്‍ഷവും കേരളത്തില്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വെള്ളി വിലയും താഴോട്ടു പോകുകയാണ്. ഇന്നലെ മാത്രം കിലോയ്ക്ക് 500 രൂപ കുറഞ്ഞു.

 

Scroll To Top