Sunday December 04, 2016
Latest Updates

സ്വര്‍ണ്ണ മത്സ്യത്തെ പിടിച്ച പൂച്ചയെ മൈക്രോവേവ് ഓവനില്‍ ചുട്ടുകൊന്ന ബ്രിട്ടീഷുകാരിക്ക് തടവ് ശിക്ഷ

സ്വര്‍ണ്ണ മത്സ്യത്തെ പിടിച്ച പൂച്ചയെ മൈക്രോവേവ് ഓവനില്‍ ചുട്ടുകൊന്ന ബ്രിട്ടീഷുകാരിക്ക് തടവ് ശിക്ഷ

ലണ്ടന്‍: താന്‍ ഓമനിച്ച് വളര്‍ത്തിയിരുന്ന സ്വര്‍ണ്ണ മത്സ്യത്തെ(ഗോള്‍ഡന്‍ ഫിഷ് ) പിടിച്ച പൂച്ചയെ ബ്രിട്ടീഷുകാരി മൈക്രോവേവ് ഓവനില്‍ വച്ച് ചുട്ടുകൊന്നു. ലോറ കണ്‍ലൈഫ് എന്ന 23 കാരിയായ ബ്രിട്ടീഷുകാരിയാണ് ഈ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറയെ കോടതി  രണ്ട് മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. നോര്‍ത്തേന്‍ ഇംഗ്ലണ്ടിലെ ബ്രാന്‍സ്‌ളി കോടതിയാണ് ശിക്ഷ വിധിച്ചത്.

തന്റെ തന്നെ വീട്ടില്‍ വളര്‍ത്തിയിരുന്ന മൗഗ്ലി എന്ന പൂച്ചയെയാണ് ചുട്ടു കൊന്നത്. അഞ്ചു മിനിറ്റിലധികം പൂച്ചയെ മൈക്രോവേവ് ഓവനില്‍ വച്ച് പൊള്ളിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 90 മിനിറ്റിന് ശേഷം, ഗുരുതരമായി പൊള്ളലേറ്റ പൂച്ച ചത്തു. വളര്‍ത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ കൂടിയാണ് ലോരയ്ക്ക് തടവ് ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ലോറയ്ക്ക് തടവ് ശിക്ഷ വിധിച്ചതിനോപ്പം വളര്‍ത്ത് മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിന് അവര്‍ക്ക് ആജീവനാന്ത വിലക്കും കോടതി ഏര്‍പ്പെടുത്തി.

അതേസമയം കോടതി വിധിയോട് രൂക്ഷമായാണ് ലോറയുടെ ബന്ധുക്കള്‍ പ്രതികരിച്ചത്. അല്‍പ്പസ്വല്‍പ്പം മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ലോറയ്ക്ക് താന്‍ എന്താന്‍ ചെയ്യുന്നതെന്ന് പോലും അറിയില്ലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മാനസിക രോഗത്തിനു ചികിത്സ തേടിയിരുന്ന ലോറ ശിക്ഷ ഇളവ് അര്‍ഹിക്കുന്നതായി ലോറയുടെ അഭിഭാഷകന്‍ അലന്‍ ഗ്രീവ്‌സ് പറഞ്ഞു. പ്രതിയായ ലോറയ്ക്ക് മാനസിക രോഗമുണ്ടെന്ന വാദം പച്ചക്കള്ളമാണെന്ന് ഈ കേസ് കോടതിയില്‍ എത്തിച്ച ആര്‍എസ്പിസിഎ എന്ന ആനിമല്‍ ചാരിറ്റി സംഘടന പറഞ്ഞു.

Scroll To Top