Saturday December 03, 2016
Latest Updates

സ്ലൈഗോയില്‍ എന്‍ഡ കെന്നിയെ വീണ്ടും വഴിയില്‍ തടഞ്ഞു

സ്ലൈഗോയില്‍ എന്‍ഡ കെന്നിയെ വീണ്ടും വഴിയില്‍ തടഞ്ഞു

സ്ലൈഗോ: ജലനിരക്ക് പ്രഖ്യാപിച്ച ഭരണാധികാരികളെ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധം ശക്തമായി തുടരുന്നു. ജലനിരക്ക് വിരുദ്ധ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി എന്‍ഡ കെന്നിയെ വീണ്ടും വഴിയില്‍ തടഞ്ഞു. സ്ലൈഗോയില്‍ വച്ചായിരുന്നു സംഭവം. സ്ലൈഗോയിലെ സ്ലൈഗോ പാര്‍ക്ക് ഹോട്ടലില്‍ ഫിനാഗേല്‍ പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു എന്‍ഡ കെന്നിയുടെ കാറ് പ്രതിഷേധക്കാര്‍ തടഞ്ഞത്. നാനൂറോളം വരുന്ന സംഘമാണ് പ്രധാനമന്ത്രിയെ വഴി തടഞ്ഞത്. 

പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി വന്ന പ്രതിഷേധക്കാര്‍ കെന്നിയുടെ കാറ് തടയുകയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇതിനിടെ ചിലര്‍ പ്രധാനമന്ത്രിയുടെ കാറിന്റെ ബോണറ്റില്‍ കയറിയത് സംഘര്‍ഷത്തിനിടയാക്കി. ഗാര്‍ഡ എത്തിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ സമരത്തിന് എത്തിയ ഒരു യുവതി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അവരെ സ്ലൈഗോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തു. സ്ലൈഗോ പാര്‍ക്ക് ഹോട്ടലിലേക്ക് പ്രധാനാനമന്ത്രി പുറത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ഹോട്ടലിനു മുന്‍പില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഒരു മണിക്കൂറോളം മുദ്രാവാക്യം വിളിച്ചു. 

തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബെനഫിറ്റിനെ ആശ്രയിച്ച് ജീവിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. പലരും ഇത് ആദ്യമായാണ് ഒരു സമരം രംഗത്തേക്ക് ഇറങ്ങുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ ജലനിരക്ക് പ്രാവര്‍ത്തികമാകുമോ എന്ന് ഇവരില്‍ പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ ജലനിരക്ക് അടയ്ക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് തങ്ങളെന്ന് മാധ്യമങ്ങളോട് സംസാരിച്ച സമരക്കാരില്‍ ചിലര്‍ പറഞ്ഞു 

Scroll To Top