Monday December 05, 2016
Latest Updates

സ്ലിപ് വിതരണം ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നടത്തും, രാഷ്ട്രീയക്കാര്‍ മെനക്കെടേണ്ട

സ്ലിപ് വിതരണം ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നടത്തും, രാഷ്ട്രീയക്കാര്‍ മെനക്കെടേണ്ട

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സ്ലിപ്പുമായി വീടുകളില്‍ വരുന്നത് പതിവ് കാഴ്ചയാണ്. വോട്ടറുടെ പേര്, വിലാസം, പോളിംഗ് സ്റ്റേഷന്‍, പോളിംഗ് ബൂത്ത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സ്ലിപ്പുകലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിതരണം ചെയ്യുന്നത്. ഓരോ വോട്ടും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പെട്ടിയില്‍ വീഴുമെന്ന് ഉറപ്പിക്കുന്നതിനാണ് ഈ സ്ലിപ്പ് വിതരണം. എന്നാല്‍ ഇത്തവണ സ്ലിപ് വിതരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുക്കുന്നു. ഈ ലോകസഭ തെരഞ്ഞെടുപ്പ് മുതല്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് അറിയിച്ചതാണ് ഇക്കാര്യം.

ഈ മാസം ആദ്യം മുതലേ ഇതിനായുള്ള നടപടി ക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പില്‍ നിന്ന് വ്യത്യസ്തമായി വോട്ടര്‍മാരുടെ ഫോട്ടോ കൂടി പതിച്ച സ്ലിപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്യുന്നത്. ഫോട്ടോയ്ക്ക് പുറമേ പേര്, വിലാസം, പ്രായം, പോളിംഗ് സ്റ്റേഷന്‍ തുടങ്ങിയ വിവരങ്ങളും സ്ലിപ്പിലുണ്ടാകും . ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 5 മുതല്‍ ഈ സ്ലിപ്പുകള്‍ വിതരണം ചെയ്തു തുടങ്ങും. കേരളത്തില്‍ ഏപ്രില്‍ 10 നാണ് തെരഞ്ഞെടുപ്പ്. കള്ള വോട്ടര്‍മാരെ ഒഴിവാക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സ്ലിപ് വിതരണം നേരിട്ട് ഏറ്റെടുത്തത്.

Scroll To Top