Sunday December 11, 2016
Latest Updates

സ്റ്റേറ്റ് കെയറില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ട്

സ്റ്റേറ്റ് കെയറില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗവണ്‍മെന്റ് പരിരക്ഷയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 6,500 കുട്ടികളാണ് സ്റ്റേറ്റ് കെയറില്‍ കഴിയുന്നത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും സോഷ്യല്‍ വര്‍ക്കറെ അനുവദിച്ച് നല്‍കിയിട്ടില്ല, ഒട്ടുമിക്ക കുട്ടികളും ഒരു സോഷ്യല്‍ വര്‍ക്കറെ അനുവദിച്ച് കിട്ടുന്നതിനുള്ള നീണ്ട ലിസ്റ്റില്‍ കാത്തിരിപ്പിലാണ്, മറ്റ് ചിലര്‍ പരിതാപകരമായ ചുറ്റുപാടുകളില്‍ താമസിക്കുമ്പോള്‍ മറ്റ് ചില കുട്ടികള്‍ക്ക് വീടില്ല. 2013 ലെ കണക്ക് പ്രകാരം സ്റ്റേറ്റ് കെയറിലുള്ള 569 കുട്ടികള്‍ക്ക് ഇതുവരെ സോഷ്യല്‍ വര്‍ക്കറെ അനുവദിച്ച് കിട്ടിയിട്ടില്ല.

മൂന്നിലൊന്ന് കുട്ടികള്‍ അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളും അഭയകേന്ദ്രങ്ങളില്‍ തന്നെ ജനിച്ച് ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവിടെ തന്നെ ചെലവഴിക്കേണ്ടി വരുന്നവരുമാണ്. തലസ്ഥാന നഗരിയായ ഡബ്ലിനില്‍ മാത്രം പ്രതിദിനം ഒരു കുടുംബം വീതം വീടില്ലാതെ തെരുവിലേക്ക് ഇറങ്ങുന്നു എന്നാണ് കണക്ക്. 200 ഓളം കുടുംബങ്ങള്‍ ഹോട്ടലുകളെയോ ബ്രേക്ക് ഫാസ്റ്റ് അക്കോമഡേഷനുകളെയോ ആശ്രയിച്ചാണ് കഴിയുന്നത്. 

സ്റ്റേറ്റ് കെയറില്‍ കഴിയുന്ന കുട്ടികള്‍ ചൂഷണം നേരിടുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് ഫോക്കസ് അയര്‍ലണ്ട് സഹസ്ഥാപക സ്റ്റാനിസ്ലോസ് കെന്നഡി പറഞ്ഞു. സ്റ്റേറ്റ് കെയറില്‍ കഴിയുന്ന കുട്ടികള്‍ 18 വയസാകുന്നതോടെ തെരുവിലെക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ അവസ്ഥ മാറേണ്ടതുണ്ടെന്ന് കെന്നഡി പറഞ്ഞു. 18 വയസാകുന്നതോടെ പ്രതിവര്‍ഷം 450 ല്‍ അധികം കുട്ടികളാണ് സ്റ്റേറ്റ് കെയറിന്റെ പരിരക്ഷാ കാലാവധി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്ന് ഐറിഷ് അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആവശ്യപ്പെട്ടു.

Scroll To Top