Monday December 05, 2016
Latest Updates

സ്റ്റാഫും വാഹനവുമില്ല : ആംബുലന്‍സ് സര്‍വ്വീസ് അവതാളത്തില്‍

സ്റ്റാഫും വാഹനവുമില്ല : ആംബുലന്‍സ് സര്‍വ്വീസ് അവതാളത്തില്‍

ഡബ്ലിന്‍ :രാജ്യത്ത് ആംബുലന്‍സ് സര്‍വ്വീസുകള്‍ക്കായി ആവശ്യത്തിന് സ്റ്റാഫുകളും വണ്ടികളും ഇല്ലെന്ന് നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസ് റപ്രസന്റേറ്റീവ് അസോസിയേഷന്‍ (എന്‍എഎസ്ആര്‍എ).

ഇത്തരത്തിലുള്ള കുറവുകള്‍ നിമിത്തം ഹിക്വ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കൂടി സര്‍വ്വീസുകള്‍ക്ക് സാധിക്കുന്നില്ലെന്നും എന്‍എഎസ്ആര്‍എ അറിയിച്ചു.

നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസുകള്‍ ഫോണ്‍കോളുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ 7മിനുട്ട് 59സെക്കണ്ടുകള്‍ കൊണ്ട് സംഭവസ്ഥലത്ത് എത്തണമെന്നാണ് ഹിക്വയുടെ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. യാതൊരു കാരണവശാലും ആംബുലന്‍സ് സര്‍വ്വീസുകളില്‍ തടസം ഉണ്ടാവരുതെന്നും അത് ആളുകളുടെ ജീവന് തന്നെ അപകടം സംഭവിക്കാന്‍ കാരണമാവുമെന്നും ഹിക്വ അറിയിക്കുന്നുണ്ട്.

ആംബുലന്‍സ് സര്‍വ്വീസുകള്‍ ലഭിക്കാന്‍ അടുത്ത കാലങ്ങളില്‍ താമസം നേരിട്ട കേസുകളെ സംബന്ധിച്ച് ഒയ്‌റീച്ചസ് ഹെല്‍ത്ത് കമ്മറ്റി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്താകമാനമുള്ള ആംബുലന്‍സ് സര്‍വ്വീസ് മേഖലകളിലും ഇപ്പോള്‍ ഇത്തരത്തില്‍ തടസങ്ങള്‍ നേരിടുന്നതായി എന്‍എഎസ്ആര്‍എ നാഷണല്‍ ചെയര്‍മാന്‍ മൈക്കല്‍ ഡിക്‌സണ്‍ പറഞ്ഞു.

അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സ്റ്റാഫുകള്‍ക്കു പകരക്കാരെ വയ്ക്കാതിരിക്കുക, ആവശ്യത്തിന് സ്റ്റാഫുകളെ നിയമിക്കാതിരിക്കുക, സര്‍വ്വീസുകള്‍ക്ക് ആവശ്യത്തിന് ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയെന്നും മൈക്കല്‍ ഡിക്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബജറ്റില്‍ വരുത്തിയ വെട്ടിച്ചുരുക്കലുകളും സര്‍വ്വീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മൈക്കല്‍ ഡിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top