Sunday December 04, 2016
Latest Updates

സ്റ്റഡി ഇന്ത്യന്‍ പ്രോഗ്രാമിലേക്കായി അയര്‍ലണ്ടിലും അപേക്ഷ ക്ഷണിച്ചു

സ്റ്റഡി ഇന്ത്യന്‍ പ്രോഗ്രാമിലേക്കായി അയര്‍ലണ്ടിലും അപേക്ഷ ക്ഷണിച്ചു

ഡബ്ലിന്‍ :ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒക്ടോബര്‍ 23ന് ആരംഭിക്കുന്ന സെക്കന്റ് സ്റ്റഡി ഇന്ത്യന്‍ പ്രോഗ്രാമിലേക്കായി യോഗ്യതയുള്ള അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്തംബര്‍ 30 ആണ്.

പുതിയ തീരുമാനപ്രകാരം ഒകടോബര്‍ 23 മുതല്‍ നവംബര്‍ 19 വരെയാണ് കോഴ്‌സ് കാലാവധി. 18നും 26നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് വേണ്ടിയാണ് എസ് ഐ പി ആരംഭിച്ചിരിക്കുന്നത്. താല്പര്യമുള്ളവര്‍ ഗൈഡ് ലൈന്‍സ് പരിശോധിച്ച് സെപ്തംബര്‍ 25നു മുന്‍പ് ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ എസ്‌ഐപി സെക്ക്രട്ടറിയായ രവി ചന്ദിന്റെ പേരില്‍ അപേക്ഷ അയയ്‌ക്കെണ്ടതാണ് . തുടര്‍ന്ന് എംബസി നേരിട്ട് സെപതംബര്‍ 30ന് മുന്‍പായി അപേക്ഷകള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയക്കുന്നതാണ്.

വിദേശീയരായ ഇന്ത്യന്‍ വംശജരെ, മുഖ്യമായും 18നും 26നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇടക്കാലത്തേക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിയാണ് സ്റ്റഡി ഇന്ത്യന്‍ പ്രോഗ്രാം. അവധിക്കാലത്ത് ഇന്ത്യന്‍ കലാ സംസ്‌കാരങ്ങളെക്കുറിച്ചും പരമ്പരാഗത രീതികളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സാമ്പത്തീക പുരോഗതിയെക്കുറിച്ചും ഒക്കെ മനസിലാക്കുന്നതിനായുള്ള ഇടക്കാല പഠന പദ്ധതിയാണ് ഇത്.

ഇന്ത്യയെ അടുത്തറിയാനും തങ്ങളുടെ പൂര്‍വ്വികരെ കുറിച്ച് മനസിലാക്കാനും ഇന്ത്യന്‍ വംശജരായ വിദേശ യുവതയെ സഹായിക്കുക എന്നതാണ് എസ്‌ഐപിയുടെ ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനകാലയളവില്‍ ഇന്ത്യയില്‍ താമസിക്കാനും പഠനം പൂര്‍ത്തീകരിക്കാനും ഉള്ള സൗകര്യങ്ങള്‍ മന്ത്രാലയം ചെയ്തുകൊടുക്കും. ഇതില്‍ താമസ സൗകര്യവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50 ശതമാനത്തോളം യാത്രാച്ചിലവും മന്ത്രാലയം തിരികെ നല്‍കും.

Scroll To Top