Saturday December 03, 2016
Latest Updates

സ്മൃതി ഇറാനി കേരളത്തിന് ഐഐടി അനുവദിച്ചേക്കും

സ്മൃതി ഇറാനി കേരളത്തിന് ഐഐടി അനുവദിച്ചേക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ ഐഐടി ഇത്തവണ ലഭിച്ചേക്കും. കേരളത്തില്‍ ഐഐടി സ്ഥാപിക്കുന്നതിനെക്കുറിച്ച് സാധ്യത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കേരളം കൂടാതെ മറ്റ് ഏഴു സംസ്ഥാനങ്ങളില്‍ കൂടി ഐഐടി സ്ഥാപിക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.

മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഐഐടി സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാണെങ്കില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഐഐടികള്‍ അനുവദിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ രാജ്യത്താകമാനം 16 ഐഐടികളുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ ഒരു ഐഐടി അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

അതേസമയം തന്റെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്മൃതി ഇറാനി മറുപടി നല്കി. തന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം വിമര്‍ശിക്കാന്‍ സ്മൃതി ഇറാനി പറഞ്ഞു. ഡിഗ്രിയിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്നും അവര്‍ പറഞ്ഞു. സ്മൃതി ഇറാനിക്ക് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എകെ പദ്മനാഭനും രംഗത്ത് വന്നു. മന്ത്രിയാകാന്‍ ഡിഗ്രി വേണ്ടന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള കഴിവാണ് പ്രധാനമെന്നും പദ്മനാഭന്‍ പറഞ്ഞു.

Scroll To Top