Monday December 05, 2016
Latest Updates

സ്മിതയ്ക്ക് സഹായം ലഭിച്ചു തുടങ്ങി; സിപിഎം മൂന്ന് ലക്ഷം രൂപ കൈമാറി

സ്മിതയ്ക്ക് സഹായം ലഭിച്ചു തുടങ്ങി; സിപിഎം മൂന്ന് ലക്ഷം രൂപ കൈമാറി

കോട്ടയം: ഇറാഖില്‍ നിന്ന് തിരിച്ച് വന്ന മലയാളി നഴ്‌സ് സ്മിതയ്ക്ക് സുമനസുകളുടെ സഹായം എത്തിത്തുടങ്ങി. പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ രോഗികളായ അച്ഛനും അമ്മയ്ക്കും ഒപ്പം കഴിയുന്ന സ്മിതയുടെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങളിലൂടെ സ്മിതയുടെ ദുരവസ്ഥ മനസിലാക്കി സിപിഎം കോട്ടയം ജില്ല കമ്മറ്റി സ്മിതയ്ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കി.

സിപിഎം ജില്ലാ സെക്രട്ടറി കെജെ തോമസും മുന്‍ എംഎല്‍എ വി എന്‍ വാസവനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയാണ് സ്മിതയ്ക്ക് ധനസഹായം കൈമാറിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്മിതയുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അതിനിടെ സ്മിതയ്ക്ക് വീട് വച്ച് നല്‍കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെന്‍ ജി ഇമ്മാനുവലിന്റെയും വാര്‍ഡംഗം തുളസീ ദാസിന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പിരിവെടുത്ത് വീട് വയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരിക്കുന്നതിനുള്ള പിരിവ് ഞായറാഴ്ച മുതല്‍ തന്നെ തുടങ്ങി.

കുറിച്ചിത്താനം മണ്ണയ്ക്കനാട് റോഡരികിലെ പുറമ്പോക്ക് ഭൂമിയിലാണ് സ്മിത താമസിക്കുന്നത്. ഞായറാഴ്ച സ്മിതയുടെ വീട് സന്ദര്‍ശിച്ച മന്ത്രി കെഎം മാണിയും സ്മിതയ്ക്ക് പ്രത്യേക സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Scroll To Top