Saturday December 10, 2016
Latest Updates

സ്പീക്കര്‍ തെരഞ്ഞെടുപ്പ് 12ന്; എന്‍ ശക്തന്‍ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

സ്പീക്കര്‍ തെരഞ്ഞെടുപ്പ് 12ന്; എന്‍ ശക്തന്‍ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 12ന് നടക്കും. ഇന്നലെ ചേര്‍ന്ന നിയമസഭാ കാര്യനിര്‍വഹണ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയതും വിജ്ഞാപനം പുറത്തിറങ്ങിയതും. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനായിരിക്കും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗമാണ് സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് തന്നെ നല്‍കാനും എന്‍. ശക്തനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചത്. തുടര്‍ന്ന് ഹൈക്കമാന്‍ഡ് അനുമതിയോടു കൂടി മുഖ്യമന്ത്രി ശക്തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കും.

അതേസമയം ശക്തന്‍ ഒഴിയുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് കേരള കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങളിലും മറ്റും മുങ്ങി കുളിച്ച് നില്‍ക്കുന്ന കെ.എം. മാണിയുടെ പാര്‍ട്ടിക്ക് ഇപ്പോള്‍ സ്പീക്കര്‍ സ്ഥാനംകൂടി നല്‍കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തന്നെയുമല്ല നിയമസഭയിലെ നിര്‍ണായകമായ മറ്റൊരു സ്ഥാനം കൂടി നല്‍കി കേരളാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പുമില്ല. രണ്ട് മാസത്തിനുള്ളില്‍ കെ.എം. മാണി എല്‍ഡിഎഫില്‍ ചേരുമെന്ന പി.സി. തോമസിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി കൈക്കൊള്ളുന്ന മുന്‍കരുതലാണിത്.

ശക്തന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്ന സാഹചര്യത്തില്‍ പ്രോടേം സ്പീക്കറുടെ സാന്നിധ്യത്തിലായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.

Scroll To Top