Friday December 09, 2016
Latest Updates

സോഷ്യല്‍ മീഡിയയെ വിലയ്‌ക്കെടുക്കുവാന്‍ ശ്രമം ,ഇസ്രായേലിന്റെ പുതിയ തന്ത്രം 

സോഷ്യല്‍ മീഡിയയെ വിലയ്‌ക്കെടുക്കുവാന്‍ ശ്രമം ,ഇസ്രായേലിന്റെ പുതിയ തന്ത്രം 

ജറുസലേം: സോഷ്യല്‍ മീഡിയയിലെ എതിര്‍ അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇസ്രായേല്‍ സോഷ്യല്‍ മീഡിയയെ വിലയ്‌ക്കെടുക്കുന്നു. ഗാസയിലെ കൂട്ടക്കുരുതി ലോകമെങ്ങും അപലപിക്കപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്രയേല്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് തന്നെ നേരിട്ട് ഇടപെടുന്നു. ഇതിനായി സോഷ്യല്‍ മീഡിയയില്‍ ഇസ്രായേല്‍ അനുകൂല പോസ്റ്റുകള്‍ ഇടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്രായേലി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേലിലെ ഏഴു സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗവണ്‍മെന്റ് ഈ വാഗ്ദാനം നല്‍കിയത്. ഇസ്രായേല്‍ അനുകൂല ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്കും ട്വീറ്റുകള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 

ഇസ്രായേല്‍ അനുകൂല പോസ്റ്റുകള്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഓരോ സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് വേണം ഇസ്രായേല്‍ അനുകൂല പോസ്റ്റുകള്‍ ഇടാന്‍. സോഷ്യല്‍ മീഡിയയില്‍ രാജ്യത്തിന്റെ പ്രതിഛായ മാറ്റുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ലോകമെങ്ങും ഇസ്രായേലിനെതിരായ ബഹിഷ്‌ക്കരണ ആരവങ്ങളും പ്രതിഷേധവും ശക്തമാകുമ്പോള്‍ ഇസ്രായേലിന്റെ ഭാഗം ന്യായീകരിച്ച് പോസ്റ്റുകള്‍ ഇടുക, അവ പരമാവധി പ്രചരിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്. 

അതേസമയം ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ അലോണ്‍ ലീല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് കുട്ടികളുടെ ചിന്താശേഷി വിലക്കെടുത്ത് ഗവണ്‍മെന്റിന്റെ പാവകളാക്കി മാറ്റാനുള്ള ശ്രമമാണ് ഇതെന്ന് അദേഹം കുറ്റപ്പെടുത്തി.

മുഖ്യധാര മാധ്യമങ്ങള്‍ ഇസ്രായേലിനെ പിന്തുണക്കുകയാണെന്ന് പാല്‌സ്തീനിയന്‍ അനുകൂലികളും ആരോപിക്കുന്നുണ്ട് 

Scroll To Top